ഹിന്ദുരാജ്യത്തിലേക്ക് മടങ്ങാൻ കൊതിക്കുന്നവർ! രാജാവിനായും മുറവിളി; നേപ്പാളിൽ രാജഭരണം തിരിച്ചുവരുമോ?

സാമൂഹികമാധ്യമങ്ങൾ നിരോധനത്തിന്റെ പേരിൽ പൊട്ടിപ്പുറപ്പെട്ട യുവജന പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വത്തിലായിരിക്കുകയാണ് നേപ്പാൾ. ഇടക്കാല പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതിനെച്ചൊല്ലി ജെൻസീകൾക്കിടയിൽ ഭിന്നയുള്ള സാഹചര്യത്തിൽ പ്രക്ഷുബ്ധമാണ് നേപ്പാളിന്റെ രാഷ്ട്രീയം. പ്രധാനമന്ത്രിയുടെ രാജിയിലേക്ക് നയിച്ച തീവ്രമായ പ്രതിഷേധങ്ങളുടെ തുടക്കത്തിൽ കാഠ്മണ്ഡുവിന്റെ തെരുവുകളിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിലൊന്ന് 'രാജാവ് തിരിച്ചുവരണം' എന്നതായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ പിടിമുറുക്കിയ സർക്കാരിനെതിരേ ജനാധിപത്യ അവകാശങ്ങൾക്കായുള്ള പ്രതിഷേധങ്ങൾക്കിടയിൽ രാജവാഴ്ചയ്ക്കുള്ള ആഗ്രഹം വിരോധാഭാസമായി തോന്നാം. പക്ഷേ, പഴയ രാജഭരണത്തിന്റെ കൊടിക്കീഴിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ഇന്നും ആ രാജ്യത്തുണ്ട്.
രാജവാഴ്ചയും ഹിന്ദുരാജ്യപദവിയും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഈ വർഷം മാർച്ചിലും കാഠ്മണ്ഡുവിൽ ശക്തമായ പ്രക്ഷോഭം നടന്നിരുന്നു. അന്ന് രാജഭരണത്തെ അനുകൂലിക്കുന്നവരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയുടെ പിന്തുണയും പ്രതിഷേധത്തിനുണ്ടായിരുന്നു. വികലമായ ജനാധിപത്യ സംവിധാനങ്ങളും തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയും അഴിമതിയും രാഷ്ട്രീയ അനിശ്ചിതത്വവുമെല്ലാം നേപ്പാളി യുവത്വത്തെ അസ്വസ്ഥരാക്കുന്നു. അതുതന്നെയായിരിക്കണം ജെൻ സീ പ്രക്ഷോഭത്തിനിടയിലും രാജവാഴ്ചയിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഒരു വിഭാഗം പ്രകടിപ്പിച്ചത്. എന്താണ് നേപ്പാളിലെ രാജവാഴ്ചയുടെ ചരിത്രം? എങ്ങനെയാണ് അത് തകർന്നത്? നേപ്പാളിൽ രാജാഭരണം തിരിച്ചുവരുമോ?
Content Highlights: Nepal's political crossroads,an analyzing the call for monarchy in nepal