മുഷറഫിന്റെ ഗൂഢപദ്ധതി, പാകിസ്താന്റെ ചതിക്ക് ഇന്ത്യന്‍ മറുപടി; കാര്‍ഗില്‍ ഇന്ത്യയുടെ അഭിമാനപോരാട്ടഭൂമി

1999-ലെ ഇന്ത്യ-പാകിസ്താന്‍ കാര്‍ഗില്‍ യുദ്ധത്തില്‍നിന്ന്  | Photo: Mathrubhumi Archives
1999-ലെ ഇന്ത്യ-പാകിസ്താന്‍ കാര്‍ഗില്‍ യുദ്ധത്തില്‍നിന്ന് | Photo: Mathrubhumi Archives

1999 ജൂലായ് നാല്. നേരം പുലരുന്നതിന് മുമ്പ് തന്നെ ഒരു സൈനിക നടപടിക്ക് തയ്യാറെടുക്കുകയായിരുന്നു ഒരു സംഘം ഇന്ത്യന്‍ സൈനികര്‍. പാക് നുഴഞ്ഞുകയറ്റക്കാര്‍ കൈയടക്കിയ കാര്‍ഗിലിലെ ടൈഗര്‍ ഹില്‍സിലെ തന്ത്രപ്രധാന മൂന്ന് ബങ്കറുകള്‍ പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. അതിനായി ചുമതലപ്പെടുത്തിയ ഘട്ടക് പ്ലാറ്റൂണിന്റെ ഭാഗമായിരുന്നു ഗ്രനേഡിയര്‍ യോഗീന്ദര്‍ സിങ് യാദവ്. 17,000 അടി ഉയരത്തിലുള്ള ടൈഗര്‍ ഹില്ലില്‍ മഞ്ഞുമൂടിയ മലയുടെ മുകളിലായിരുന്നു ബങ്കറുകള്‍. ഇന്ത്യന്‍ സംഘം 16,000 അടി ഉയരത്തിലെത്തി. അപ്പോഴേക്കും തണുപ്പ് കനത്തു. എല്ലാവര്‍ക്കും അവിടേക്ക് കയറാനാകില്ല. ഇതോടെ സ്വയം സന്നദ്ധനായ യോഗീന്ദര്‍ മലകയറാന്‍ ആരംഭിച്ചു. ചെങ്കുത്തായ മഞ്ഞുപാറയില്‍ മഴുവെറിഞ്ഞുറപ്പിച്ച് അതീവദുഷ്‌കരമായ പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ച് കയറി മുകളിലെത്തിയ അദ്ദേഹം കൂട്ടാളികള്‍ക്ക് കയറിവരാന്‍ കയര്‍ ഇട്ടു നല്‍കി. ഇതിനിടെ ശുത്രുവിന്റെ കണ്ണില്‍പ്പെട്ടതോടെ കനത്ത ആക്രമണം നേരിടേണ്ടിവന്നു. വെടിവെപ്പില്‍ പ്ലാറ്റൂണ്‍ കമാന്‍ഡറും മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടു. യാദവിന് തോളിലും അടിവയറ്റിലുമടക്കം വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റിട്ടും അത് വകവെയ്ക്കായെ ആദ്യത്തെ ബങ്കറിലേക്ക് ഇഴഞ്ഞ് നീങ്ങിയ യാദവ് ഒരു ഗ്രനേഡ് അതിന് നേരെ എറിഞ്ഞു. ഇതോടെ നാല് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെടുകയും ശത്രുവിന്റെ തോക്കുകള്‍ നിശബ്ദമാകുകയും ചെയ്തു. പിന്നാലെ മലമുകളിതെത്തിയ ഇന്ത്യന്‍ സംഘം പാക് സൈനികരെ കൊലപ്പെടുത്തി ടൈഗര്‍ ഹില്‍സ് പിടിച്ചടുത്തു. 17 വെടിയുണ്ടകളാണ് അന്ന് യാദവിന്റെ ശരീരത്തില്‍ പതിച്ചത്. പക്ഷേ, അതൊന്നു വകവെയ്ക്കാതെ ടൈഗര്‍ ഹില്‍സ് പിടിച്ചെടുക്കുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു ഈ നീക്കം. ടൈഗര്‍ ഹില്ലിലിരുന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ കൃത്യമായി മനസിലാക്കാനും നേരിടാനും പാക് സൈനികര്‍ക്ക് കഴിഞ്ഞിരുന്നു. അതിനാല്‍ തന്നെ ടൈഗര്‍ ഹില്‍ കീഴടക്കുക എന്നത്, കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു. ഇത് പിടിച്ചെടുത്തത് വഴി ഇന്ത്യന്‍ സൈന്യത്തിന് പാകിസ്താനെ മുട്ടുകുത്തിക്കാന്‍ അനുകൂലമായ സാഹചര്യം ഒരുക്കി. കാര്‍ഗില്‍ യുദ്ധവിജയത്തിലേക്ക് ഇന്ത്യയെ നയിച്ച സുപ്രധാന നാഴികക്കല്ലായിരുന്നു ടൈഗര്‍ ഹില്‍സ് കീഴടക്കല്‍. ജൂലായ് പതിനൊന്നോടെ പാക് നുഴഞ്ഞുകയറ്റക്കാര്‍ കാര്‍ഗിലില്‍നിന്ന് പിന്‍മാറ്റം തുടങ്ങി. പിന്നാലെ മൂന്ന് മാസം നീണ്ട പോരാട്ടത്തിനൊടുവില്‍ പാകിസ്താനെ തുരത്തി കാര്‍ഗിലില്‍ സൈന്യം ത്രിവര്‍ണപതാക ഉയര്‍ത്തി വിജയം ഉറപ്പിച്ചു. ജൂലായ് 14-ന് 'ഓപ്പറേഷന്‍ വിജയ്' വിജയിച്ചെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചു. 26-ന് കാര്‍ഗില്‍ യുദ്ധം ഔദ്യോഗികമായി അവസാനിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ നിര്‍ണായകമായ ഒരേടായിരുന്നു കാര്‍ഗില്‍ യുദ്ധം. ആ ഐതിഹാസിക പോരാട്ടവിജയത്തിന് 25 വയസ് തികഞ്ഞു!

Content Highlights: 25 years of Kargil war Kargil Vijay Diwas Indo-Pakistani wars and conflicts

Continue reading