ഇൻസ്റ്റാഗ്രാമിൽ ആത്മഹത്യാസന്ദേശം; യുവാവിനെ പിന്തുടർന്ന് പിടികൂടി പോലീസ്

എടവണ്ണ: ഇൻസ്റ്റാഗ്രാമിൽ ആത്മഹത്യാസന്ദേശം പങ്കുവെച്ചതിനുപിന്നാലെ കാണാതായ യുവാവിനെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. തിരുവാലി പത്തിരിയാർ സ്വദേശിയായ യുവാവാണ് ആത്മഹത്യാസന്ദേശം പങ്കുവെച്ച് നാട്ടുകാരെ ഭീതിയിലാക്കിയത്.
ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പോസ്റ്റ് ചെയ്തതിനെത്തുടർന്ന് കാണാതായതോടെ ബന്ധുക്കൾ പോലീസിലറിയിക്കുകയായിരുന്നു. ഫോണിൽ വിളിച്ചെങ്കിലും പ്രതികരിക്കാത്തതിനെ തുടർന്നായിരുന്നു ഇത്. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചു. യുവാവ് എടവണ്ണ സീതി ഹാജി പാലം വരെ എത്തിയതായി വിവരം ലഭിച്ചു. സമീപത്തെ ആശുപത്രിയിലെ സി.സി.ടി.വി. പരിശോധിച്ചു. ആശുപത്രിക്ക് മുൻപിലൂടെ ഇയാൾ ചാലിയാർ പുഴയുടെ തീരത്തിറങ്ങുന്നതായി കണ്ടു. പോലീസും അഗ്നിരക്ഷാസേനയും സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാരും പാലത്തിലും പരിസരപ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ യുവാവിന്റെ മൊബൈൽ ഫോണും വാച്ചും പുഴയുടെ തീരത്തെ പമ്പുഹൗസിനു സമീപത്തുനിന്ന് കണ്ടെടുത്തു. ഇതിനിടെ സി.സി.ടി.വി.യിലെ തിരച്ചിലും തുടർന്നു.
ഉച്ചയ്ക്ക് 1.05-ന് പുഴയുടെ തീരത്തേക്ക് പോയ യുവാവ് 1.35-ന് മടങ്ങുന്നതായും കണ്ടെത്തി. ബന്ധുക്കളുടെ നേതൃത്വത്തിൽ യുവാവിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടർന്നു. രാത്രിയോടെ കോഴിക്കോട് കൂളിമാട് വെച്ച് കണ്ടെത്തി. അവശനിലയിലായിരുന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചു.
Content Highlights: Youth posted a suicide note on Instagram before going missing., Police and Fire force tracked his last known location via mobile signal and CCTV., Personal belongings were found near Chaliyar river, triggering a search., The youth was successfully located in Koolimad, Kozhikode, and taken to the hospital.