ഓഫീസ് ഒഴിയണമെന്ന് കൗൺസിലർ, പറ്റില്ലെന്ന് MLA; പ്രശാന്തിനെ ഓഫീസിലെത്തി കണ്ട് ശ്രീലേഖ; നാടകീയ സംഭവങ്ങൾ

#ന്യൂസ് ഡെസ്ക്
ശ്രീലേഖ, വി.കെ. പ്രശാന്ത് | Photo: Mathrubhumi
ശ്രീലേഖ, വി.കെ. പ്രശാന്ത് | Photo: Mathrubhumi

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനും തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്ക്കും ഇടയിലെ ഓഫീസ് ഒഴിപ്പിക്കൽ വിവാദത്തിൽ നാടകീയരംഗങ്ങൾ. രാവിലെ മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ പ്രതികരണങ്ങൾക്ക് പിന്നാലെ ശ്രീലേഖ എംഎൽഎ ഓഫീസിലെത്തി പ്രശാന്തിനെ കണ്ടു. തങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് അവർ ഓഫീസിൽനിന്ന് പോയത്. 

ഓഫീസ് ഒഴിയുന്നതുമായി ബന്ധപ്പെട്ട് ശാസ്തമംഗലം വാർഡ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ആർ. ശ്രീലേഖയാണ് കഴിഞ്ഞദിവസം ആദ്യം പ്രതികരണം നടത്തിയത്. ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് പ്രശാന്തിനോട് ശ്രീലേഖ കഴിഞ്ഞദിവസം ആവശ്യപ്പെട്ടതാണ് വിവാദങ്ങൾക്ക് തുടക്കംകുറിച്ചത്. എന്നാൽ, ഓഫീസ് ഒഴിയാൻ തയ്യാറല്ലെന്നും വാടകകാലാവധി കഴിയുന്നതുവരെ അവിടെ തുടരുമെന്നും പ്രശാന്ത് നിലപാട് വ്യക്തമാക്കുകയായിരുന്നു.

ശ്രീലേഖയുടെ ആവശ്യം:

ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്നാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലറായ ആർ. ശ്രീലേഖ ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീലേഖ കഴിഞ്ഞദിവസം എംഎൽഎയെ ഫോണിൽ വിളിക്കുകയുംചെയ്തിരുന്നു. ഇതേ കെട്ടിടത്തിൽ കൗൺസിലറുടേതായി പ്രവർത്തിക്കുന്ന ഓഫീസ് മുറി ചെറുതാണെന്നും സൗകര്യങ്ങൾ പോരെന്നും അതിനാൽ, എംഎൽഎ ഓഫീസ് ആയി പ്രവർത്തിക്കുന്ന മുറി ഒഴിഞ്ഞുതരണം എന്നുമായിരുന്നു ആവശ്യം. 

പ്രശാന്ത് പറഞ്ഞത്:

വിഷയം വാർത്തയായതോടെ പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞദിവസമാണ് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ വിളിച്ചതെന്നും എന്നാൽ, വാടകകാലാവധി കഴിയുന്നമുറയ്ക്ക് ആലോചിക്കാമെന്നാണ് അവർക്ക് മറുപടി നൽകിയതെന്നും വി.കെ. പ്രശാന്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ''നഗരസഭയുടെ കെട്ടിടത്തിലാണ് എംഎൽഎ ഓഫീസുള്ളത്. അതിന് മുൻഭാഗത്തെ കെട്ടിടത്തിൽ കൗൺസിലറുടെ ഓഫീസും. കഴിഞ്ഞ ഏഴുവർഷമായി കൗൺസിലർമാരും എംഎൽഎയും ഒരുമിച്ചാണ് ഓഫീസ് പ്രവർത്തനവുമായി മുന്നോട്ടുകൊണ്ടുപോകുന്നത്. കഴിഞ്ഞദിവസമാണ് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. തന്റേത് ചെറിയ ഓഫീസാണെന്നും സൗകര്യം പോരെന്നും കുറച്ചുകൂടി സൗകര്യത്തിനായി എംഎൽഎയുടെ ഓഫീസ് മാറിത്തരണമെന്നും പറഞ്ഞു. വാടകകാലാവധിയുണ്ടെന്ന് ഞാൻ പറഞ്ഞു. അത് കഴിയുന്നമുറയ്ക്ക് ആലോചിക്കാമെന്നും മറുപടി പറഞ്ഞു.

ഇത് ശരിയായ രീതിയല്ല. മുൻ മേയറായ ആളാണ് ഞാൻ. കെട്ടിടം നിർമിച്ചതും ഉദ്ഘാടനംചെയ്തതും ഞാൻ തന്നെയാണ്. പക്ഷേ, അതൊരു അവകാശവാദമല്ല. പക്ഷേ, ഒരു സാമാന്യമര്യാദയുണ്ടല്ലോ. ഒരു നഗരസഭാ കൗൺസിലിന്റെ തീരുമാനമാണിത്. അങ്ങനെയാണെങ്കിൽ ആ തീരുമാനം റദ്ദ് ചെയ്യണം. സെക്രട്ടറി ഞങ്ങൾക്ക് നോട്ടീസ് നൽകണം. ഇങ്ങനെ നിയമപരമായ നടപടി പാലിച്ചുകൊണ്ടാണ് വാടകക്കാരെ മാറ്റേണ്ടത്. ഇതൊന്നും പാലിക്കാതെ കൗൺസിലർ വിളിച്ച് എംഎൽഎ ഓഫീസ് ഒഴിയണമെന്ന് പറയുന്ന സ്ഥിതിയിലേക്ക് പോയത് ബന്ധപ്പെട്ടവർ പരിശോധിക്കണം. അത് ശരിയാണോ എന്ന് പരിശോധിക്കണം, പ്രശാന്ത് പറഞ്ഞു.

ശ്രീലേഖയുടെ പ്രതികരണം:

പിന്നാലെ ഞായറാഴ്ച രാവിലെ മാധ്യമങ്ങളോടു പ്രതികരിക്കവേ, പ്രശാന്തുമായുള്ളത് സഹോദരതുല്യമായ ബന്ധമാണെന്നും സ്ഥലപരിമിതിയുള്ളതിനാൽ, മുറി ഒഴിഞ്ഞുതരണമെന്ന് അദ്ദേഹത്തോട് അഭ്യർഥിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ശ്രീലേഖ മാധ്യമങ്ങളോടു പ്രതികരിച്ചു. ‘’എന്റെ അറിവ് അനുസരിച്ച് ഈ കെട്ടിടം തിരുവനന്തപുരം കോർപറേഷന്റേതാണ്. ഇതിന്റെ സോണൽ ഓഫീസും കൗൺസിലറിന്റെ ഓഫീസും പ്രവർത്തിക്കേണ്ടത് ഇവിടെയാണ്. ഈ സ്ഥലത്തിന് പൂർണ അവകാശമുള്ളത് തിരുവനന്തപുരം കോർപറേഷനാണ്. വി.കെ. പ്രശാന്ത് അടുത്ത സുഹൃത്താണ്. താൻ പോലീസ് ഡിപ്പാർട്‌മെന്റിലും പ്രശാന്ത് മേയറായിരുന്നപ്പോഴും തൊട്ടുള്ള പരിചയമാണ്. തന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തയാളാണ്. സഹോദരതുല്യനാണ്. അദ്ദേഹത്തിന്റെ പഴയ നമ്പറിൽ പലവട്ടം വിളിച്ചിരുന്നു. എന്നാൽ കിട്ടിയില്ല. ശനിയാഴ്ച, ശാസ്തമംഗലം മുൻകൗൺസിലർ മധുസൂദനൻ നായർ എന്റെ വീട്ടിലെത്തി സംസാരിച്ചപ്പോൾ ഇരിക്കാൻ നല്ലൊരു സ്ഥലം വേണമല്ലോ എന്ന് പറഞ്ഞു. കെട്ടിടം ഉണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ഒരു പ്രശ്‌നം (സ്ഥലപരിമിതി) ഉണ്ടെന്ന് പറഞ്ഞു. തുടർന്ന് പ്രശാന്തിനെ വിളിച്ചു. അപ്പോൾ കിട്ടിയില്ല. അദ്ദേഹം തിരിച്ചുവിളിച്ചു. അപ്പോൾ ഞാൻ ഇരിക്കാൻ സ്ഥലമില്ല, ഓഫീസ് ഒന്ന് മാറിത്തരാൻ പറ്റുമോ, പരിഗണിക്കണേ, അഭ്യർഥനയാണ് എന്ന് പറഞ്ഞു’’, ശ്രീലേഖ വ്യക്തമാക്കി.

‘’എന്നാൽ, മുറിയൊഴിഞ്ഞു തരുന്നതത് ഇപ്രാവശ്യം ബുദ്ധിമുട്ടായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടരുമെന്നുമായിരുന്നു പ്രശാന്തിന്റെ മറുപടിയെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. പത്രക്കാരോട് ഞാൻ എന്തു പറയുമെന്ന് പ്രശാന്ത് ചോദിച്ചു. അടുത്ത തിരഞ്ഞെടുപ്പിന്റെ സൗകര്യാർഥം എംഎൽഎ ക്വാട്ടേഴ്‌സിലേക്കോ കുറച്ചുകൂടി നല്ല സ്ഥലത്തേക്കോ മാറി എന്ന് പറഞ്ഞാൽ പോരേ. ഈ ഓഫീസ് കിട്ടിയാൽ അടുത്ത അഞ്ചുകൊല്ലത്തേക്ക് തനിക്ക് ഇവിടെ കൗൺസിലറായിരിക്കേണ്ടതല്ലേ, പ്രവർത്തിക്കേണ്ടതല്ലേ ഒരുപാട് പേർക്ക് ഇരിക്കേണ്ടതല്ലേ എന്ന് താൻ മറുപടി പറഞ്ഞു’’, ശ്രീലേഖ കൂട്ടിച്ചേർത്തു.

‘’പറ്റില്ലെന്ന് പ്രശാന്ത് പറഞ്ഞു. ഒഴിപ്പിക്കാമെങ്കിൽ ഒഴിപ്പിച്ചോളൂ എന്ന് പറഞ്ഞു. ഞാൻ സഹോദരിയുടെ സ്ഥാനത്തുനിന്ന് പറയുകയാണ് എന്ന് പറഞ്ഞു. തന്റെ ഫോണിൽ കോൾ റെക്കോഡ് ഇല്ല. പ്രശാന്തിന്റെ ഫോണിൽ കോൾറെക്കോഡ് ഉണ്ടെന്നാണ് തോന്നുന്നത്. മാധ്യമങ്ങൾക്ക് അത് പരിശോധിക്കാം. തന്റെ യാചനാസ്വരവും പ്രശാന്ത് മറുപടി പറയുന്ന സ്വരവും കേൾക്കാം’’, ശ്രീലേഖ പറഞ്ഞു.

ഒടുവിൽ ഓഫീസിലെത്തി സമവായം

മാധ്യമങ്ങളോടുള്ള പ്രതികരണത്തിന് പിന്നാലെ ശ്രീലേഖ, വിവാദത്തിനാധാരമായ എംഎൽഎ ഓഫീസിലെത്തി പ്രശാന്തിനെ കാണുകയും ചെയ്തു. ഞങ്ങൾ തമ്മിൽ യാതൊരു കുഴപ്പവുമില്ലെന്നും ചെറിയൊരു കാര്യം മാധ്യമങ്ങൾ വിവാദമാക്കുകയാണെന്നും ഇവിടെവെച്ച് ശ്രീലേഖ പ്രതികരിച്ചു. ‘’ഒരു തർക്കവുമില്ല. താൻ അഭ്യർഥിച്ചുവെന്നേയുള്ളൂ. പ്രശാന്ത് ഈ മൂന്നുമാസമോ നാലുമാസമോ ഇവിടെ ഇരിക്കുന്നതിൽ എനിക്ക് കുഴപ്പമില്ല. പക്ഷേ എന്റെ ആളുകളും ഞാനും ആ ഓഫീസിലിരിക്കും. അല്ലാതെ മാർഗമില്ല. അതിന്റെ ബുദ്ധിമുട്ട് പ്രശാന്ത് സഹിക്കണം’’, കൂടിക്കാഴ്ചയിൽ ശ്രീലേഖ പറഞ്ഞു. ‘’ഏഴുവർഷം ഇല്ലാത്തൊരു ബുദ്ധിമുട്ട് മാഡം അവിടെ ഇരിക്കുന്നതുകൊണ്ട് എനിക്കും ഇല്ല’’ എന്ന് പ്രശാന്തും മറുപടി നൽകി.

Content Highlights: vk prasanth r sreelekha office room controversy