ലൈഫ് മിഷൻ, വിഴിഞ്ഞം, തുരങ്കപാത...; മുഖ്യമന്ത്രിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് സതീശൻ പറഞ്ഞു. ലൈഫ്മിഷൻ, വിഴിഞ്ഞം, തുരങ്കപാത, ദേശീയപാത വികസനം, തീരദേശ ഹൈവേ, ക്ഷേമപെൻഷൻ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്റെ ക്ഷണം.
മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയതിനൊപ്പം ചില ചോദ്യങ്ങൾ തിരിച്ചും ചോദിക്കാനുണ്ടെന്നും അതിന് മറുപടി നൽകാൻ തയ്യാറുണ്ടോ എന്നും സതീശൻ ചോദിക്കുന്നു. ഫെയ്‌സ്ബുക്കിലാണ് ഇതുസംബന്ധിച്ച ദീർഘമായ പോസ്റ്റ് വി.ഡി. സതീശൻ പങ്കുവെച്ചത്.
വി.ഡി. സതീശൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
ബഹു. മുഖ്യമന്ത്രീ,
അങ്ങ് ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയാണിത്. മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് ഞാൻ തയാറാണ് എന്നതു കൂടി അറിയിക്കട്ടെ. സ്ഥലവും തീയതിയും അങ്ങേയ്ക്ക് തന്നെ തീരുമാനിക്കാം. എന്റെ നിർദ്ദേശം ഏറ്റെടുക്കുമെന്ന് കരുതട്ടെ.
ശബരിമല ശാസ്താവിന്റെ ശ്രീകോവിലെ സ്വർണം പൊതിഞ്ഞ കട്ടിളയും വാതിലും ദ്വാരപാലക ശിൽപങ്ങളും ഇനിയും പുറത്ത് വരാത്ത നിരവധി അമൂല്യ വസ്തുക്കളും മോഷ്ടിച്ചതിന് നിലവിൽ രണ്ടു സഖാക്കൾ ജയിലിലാണെന്നത് മുഖ്യമന്ത്രിയെ വിനയത്തോടെ ഓർമ്മിപ്പിക്കട്ടെ. ജയിലിലായ മോഷ്ടാക്കളെ ചേർത്ത് പിടിക്കുന്നതിനൊപ്പം കോൺഗ്രസിനെയും യു.ഡി.എഫിനെയും വിമർശിക്കുന്ന അങ്ങയുടെയും അങ്ങയുടെ പാർട്ടി നേതാക്കളുടെയും തൊലിക്കട്ടി അപാരമെന്ന് സമ്മതിക്കാതെ തരമില്ല.
പിന്നെ, അങ്ങ് പറഞ്ഞതു പോലെ എം.എൽ.എയ്‌ക്കെതിരായ പീഡന പരമ്പര; അക്കാര്യത്തിൽ രാജ്യത്ത് ഒരു പാർട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയർത്തിയാണ് കോൺഗ്രസ് കേരളത്തിൽ നിൽക്കുന്നത്. അങ്ങയുടെ ആദ്യ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാർ കാട്ടിയ വിക്രിയകൾ മറന്നതോ മറന്നെന്നു നടിക്കുന്നതോ? ലൈംഗിക ആരോപണ കേസിൽ ഉൾപ്പെട്ട രണ്ടു പേർ ഇപ്പോഴും അങ്ങയോടൊപ്പമില്ലേ? ആ രണ്ടു പേരുടെയും കൈ ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രി നിൽക്കുന്ന ചിത്രം ഇപ്പോഴും കേരളീയ പൊതുസമൂഹത്തിന് മുന്നിലുണ്ട്. ഇത്രയും പറഞ്ഞതുകൊണ്ട് ഒന്നു കൂടി ചോദിക്കട്ടെ, ആരാണ് കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി? ആരാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ പൂർവകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരൻ ആരായിരുന്നു? പാർട്ടിയിൽ ഇപ്പോൾ പരാതിക്കാരന്റെ അവസ്ഥ എന്താണ്? അങ്ങയുടെ പാർട്ടി എം.എൽ.എ സ്ഥാനം ഉൾപ്പെടെ നൽകി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവർത്തക മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നല്ലോ. എത്ര ദിവസമാണ് അത് പൂഴ്ത്തിവെച്ചത്? എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയത്?
അപ്പോൾ ഒരു ഡസണിൽ അധികം ലൈംഗിക ആരോപണ വിധേയരെയും ക്രിമിനലുകളെയും ചേർത്ത് പിടിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയുമാണ് മാതൃകാപരമായ നടപടി സ്വീകരിച്ച ഞങ്ങളെ കുറ്റപ്പെടുത്തുന്നത്. എന്റെ പ്രസ്താവനയിൽ ഞാൻ ഉറച്ചു നിൽക്കുകയാണ്; മുഖ്യമന്ത്രീ, നിങ്ങളും നിങ്ങളുടെ പാർട്ടിയും തന്നെയാണ് പ്രതിരോധത്തിൽ നിൽക്കുന്നത്.
പി.ആർ ഏജൻസിയുടെ ഉപദേശ പ്രകാരമെങ്കിലും ഇത്തരമൊരു സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് അങ്ങയെ ഞാൻ അഭിനന്ദിക്കുന്നു. ആരോഗ്യകരമായ സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. അങ്ങ് ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം ഞാനും ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അതിനും അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു. എപ്പോഴും ഇങ്ങോട്ട് പറയുന്നത് മാത്രം കേട്ടാൽ പോരല്ലോ. പരസ്യ സംവാദമെന്ന എന്റെ നിർദ്ദേശം അങ്ങ് ഏറ്റെടുക്കുമെന്ന് കരുതട്ടെ.
? ലൈഫ് മിഷൻ
മുഖ്യമന്ത്രിയുടെ ചോദ്യം; മുഖ്യമന്ത്രിയുടെ ചോദ്യം; ലൈഫ് മിഷൻ അടക്കമുള്ള 4 മിഷനുകളും പിരിച്ചുവിടുമെന്നാണ് അന്നത്തെ യുഡിഎഫ് കൺവീനറും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ എംഎം ഹസ്സൻ പ്രഖ്യാപിച്ചത്. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട് ഹസ്സനെ തള്ളിപ്പറയുന്നില്ല?
മറുപടിയും മറുചോദ്യവും;
കേരളത്തിൽ ലൈഫ് പദ്ധതി വന്നതിനു ശേഷമാണ് പാവങ്ങൾക്ക് വീട് വച്ചു നൽകിയതെന്നാണോ മുഖ്യമന്ത്രി പറയുന്നത്? ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 4.5 ലക്ഷത്തിലേറെ വീടുകൾ നിർമ്മിച്ചിട്ടുണ്ട്. (അങ്ങയുടെ മന്ത്രിമാർ നിയമസഭയിൽ തന്ന മറുപടി) ഇന്ദിര ആവാസ് യോജന, മത്സ്യ തൊഴിലാളികൾ, എസ്.സി എസ്.ടി എന്നിവർക്ക് അടക്കമുള്ള വിവിധ പദ്ധതികളിലൂടെയാണ് ഇത് നടപ്പിലാക്കിയത്. ഇതെല്ലാം സംയോജിപ്പിച്ചു കൊണ്ട് അങ്ങയുടെ സർക്കാർ ലൈഫ് എന്ന പേര് നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നു മാത്രം. എന്നിട്ടും ഒൻപതര വർഷം കൊണ്ട് എത്ര വീടുകളാണ് നൽകിയത്? യു.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തുമ്പോൾ 5 വർഷം കൊണ്ട് അർഹരായ 5 ലക്ഷത്തിൽ അധികം പേർക്ക് വീട് നൽകുമെന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഞങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. യു.ഡി.എഫ് വന്നാൽ ആർക്കും വീട് നൽകില്ലെന്ന് എം.എം ഹസൻ എവിടെയാണ് പറഞ്ഞത്? സി.പി.എം സൈബർ കടന്നലുകൾക്കും സൈബർ ഗുണ്ടകൾക്കും വേണ്ടി എ.കെ.ജി സെന്ററിൽ നിന്നും പടച്ചു വിടുന്ന ആടിനെ പട്ടിയാക്കുന്ന ഈ ക്യാപ്‌സ്യൂൾ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് അങ്ങ് വിതരണം ചെയ്യരുത്. ഇതൊക്കെ നിങ്ങളുടെ പാർട്ടി സെക്രട്ടറി വിതരണം ചെയ്യുന്നതല്ലേ നല്ലത്.
? വിഴിഞ്ഞം തുറമുഖം
മുഖ്യമന്ത്രിയുടെ ചോദ്യം; മുഖ്യമന്ത്രിയുടെ ചോദ്യം;വിഴിഞ്ഞം തുറമുഖത്തിനെതിരെ ഉണ്ടായ, വസ്തുതാവിരുദ്ധമായ എല്ലാ എതിർപ്പുകൾക്കും പിന്തുണ പ്രഖ്യാപിച്ചവരാണ് പ്രതിപക്ഷം. തുറമുഖം കമ്മിഷൻ ചെയ്തിരിക്കുന്നു. പഴയ നിലപാടിൽ പ്രതിപക്ഷ നേതാവ് ഉറച്ചു നിൽക്കുമോ?
മറുപടിയും മറുചോദ്യവും;
4000 കോടി രൂപയുടെ പദ്ധതിക്ക് പിന്നിൽ 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടെന്ന് ആരോപിച്ച അന്നത്തെ പാർട്ടി സെക്രട്ടറി തന്നെയല്ലേ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി! പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തിയതും നിങ്ങളല്ലേ? അന്ന് നിങ്ങളുടെ ഭീഷണി അവഗണിച്ച് പദ്ധതിയുമായി ഉമ്മൻ ചാണ്ടി മുന്നോട്ട് പോയില്ലായിരുന്നെങ്കിൽ വിഴിഞ്ഞം തുറമുഖം ഇന്ന് യാഥാർത്ഥ്യമാകുമായിരുന്നോ? ഇതൊക്കെ ചെയ്ത പിണറായി വിജയൻ ഇന്ന് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് വിഴിഞ്ഞത്തെ കുറിച്ച് ഊറ്റം കൊള്ളുമ്പോൾ കേരളം ഒന്നടങ്കം ചിരിച്ചു പോകും. ലീഡർ കെ. കരുണകാരനും യു.ഡി.എഫ് സർക്കാരിൽ മന്ത്രിയായിരുന്ന എം.വി രാഘവനും തുടക്കമിട്ട പദ്ധതിക്ക് വേണ്ടി എല്ലാം ചെയ്തത് ഉമ്മൻ ചാണ്ടിയെന്ന കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ക്രെഡിറ്റ് അടിക്കുക മാത്രമാണ് കേരളത്തിന്റെ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്.
? മറിച്ചൊരു ചോദ്യം; ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷനെ നിയോഗിച്ച് വിഴിഞ്ഞം പദ്ധതിയിലെ അഴിമതിയെ കുറിച്ച് അന്വേഷിച്ചിട്ട് എന്തായി? അഴിമതി ഇല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ നിങ്ങൾ ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയുകയല്ലേ വേണ്ടത്? വിഴിഞ്ഞം പദ്ധതി 6000 കോടിയുടെ റിയൽ എസ്റ്റേറ്റെന്ന കുപ്രസിദ്ധ ആരോപണത്തിൽ മുഖ്യമന്ത്രി ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ? ഇല്ലെങ്കിൽ സമരങ്ങളും കോലാഹലങ്ങളും ഉണ്ടാക്കിയതിന് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയുമോ?
? തുരങ്കപാത
മുഖ്യമന്ത്രിയുടെ ചോദ്യം; വയനാട് തുരങ്കപാത അടക്കമുള്ള പദ്ധതികളെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു. തുരങ്കപാതയുടെ പണി തുടങ്ങിക്കഴിഞ്ഞു. ഇനിയും എതിർക്കുമോ?
മറുപടിയും മറുചോദ്യവും;
ഈ ചോദ്യത്തിനുള്ള ഉത്തരം അങ്ങേയ്ക്ക് നന്നായി അറിയാം. പക്ഷെ തെറ്റിദ്ധരിപ്പിക്കുക എന്ന ദുഷ്ടലാക്ക് മാത്രമാണ് ഇതിന് പിന്നിലുള്ളത്. മുണ്ടക്കൈ- ചൂരൽമല പ്രദേശങ്ങളിലെ പാവങ്ങളുടെ നിലവിളി ഇപ്പോഴും കേളത്തിന് മുന്നിലുണ്ട്. ദുരന്തം അതിജിവിച്ചവരുടെ ജീവിതവും അതിനു സാക്ഷ്യമാണ്. ഇപ്പോഴും ദുരന്ത സാധ്യത നിലനിൽക്കുന്ന ഒരു മേഖലയിൽ പരിസ്ഥിതിക പഠനം പോലും നടത്താൻ തയാറാകാത്തതിനെയാണ് ഞാൻ എതിർത്തത്, അല്ലാതെ തുരങ്കപാതയെ അല്ല. പദ്ധതി സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? അതോ കെ റെയിൽ പോലെ ജനങ്ങളെ പറ്റിക്കാനുള്ള തട്ടിപ്പാണോ? ഇത്രയും വലിയൊരു പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനം പോലും വേണ്ടെന്നാണോ? വയനാടിനെ കുറിച്ചും ആ പ്രദേശത്തെ ജനങ്ങളെ കുറിച്ചും ആശങ്കയുള്ളതു കൊണ്ടാണ് ഈ ചോദ്യങ്ങളൊക്കെയും. ഇതിനൊക്കെ അങ്ങ് ആദ്യം മറുപടി നൽകൂ.
?തീരദേശ ഹൈവേ
മുഖ്യമന്ത്രിയുടെ ചോദ്യം; തീരദേശ ഹൈവേ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എനിക്ക് കത്ത് നൽകുകയുണ്ടായി. നിലവിൽ അതും പൂർത്തീകരണത്തോട് അടുക്കുകയാണ്. എതിർപ്പ് തുടരുന്നുണ്ടോ?
മറുപടിയും മറുചോദ്യവും;
ഡി.പി.ആർ പ്രസിദ്ധീകരിക്കാതെയും സാമൂഹിക പാരിസ്ഥിതിക ആഘാത പഠനം നടത്താതെയും വറുതിയിലായ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാതെയും തീരദേശ ഹൈവേ നടപ്പിലാക്കാൻ പാടില്ലെന്നായിരുന്നു യു.ഡി.എഫ് നിലപാട്. അതിൽ ഞങ്ങൾ ഉറച്ചു നിൽക്കുന്നു. ഏത് തരം വികസന പദ്ധതികളായാലും അത് ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഇരകളാക്കപ്പെടുന്നവരെ പരിഗണിക്കാതെ ഒരു പദ്ധതിയും നടപ്പിലാക്കരുത്. കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളോട് പൊരുതുന്ന മത്സ്യത്തൊഴിലാളി സമൂഹം ഇന്ന് ഭീഷണിയുടെ മുനമ്പിലാണ്. ഒരു ജനസമൂഹത്തിന്റെയാകെ നിലനിൽപ്പിനെ ബാധിക്കുന്ന പദ്ധതിക്ക് യു.ഡി.എഫ് കൂട്ടുനിൽക്കില്ല. സാമൂഹിക പാരിസ്ഥിതിക ആഘാത പഠനം നടത്തി ജനസമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാതെ ഒരു പദ്ധതിയും പാടില്ലെന്നതാണ് ഞങ്ങളുടെ നിലപാട്. അതിനെ വികസനവിരുദ്ധതയായി വക്രീകരിക്കേണ്ട.
? ക്ഷേമ പെൻഷൻ
മുഖ്യമന്ത്രിയുടെ ചോദ്യം; 62 ലക്ഷത്തോളം പേർക്ക് ക്ഷേമ പെൻഷൻ നൽകുന്നത് വോട്ട് പിടിക്കാനുള്ള കൈക്കൂലിയാണെന്ന് പറഞ്ഞത് ഐഎസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആണ്. ക്ഷേമ പെൻഷൻ കൈക്കൂലിയായും അത് വാങ്ങുന്നവരെ കൈക്കൂലി വാങ്ങുന്നവരായും പ്രതിപക്ഷ നേതാവ് കാണുന്നുണ്ടോ?
മറുപടിയും മറുചോദ്യവും;
കോൺഗ്രസ് നേതാവായിരുന്ന ആർ.ശങ്കറാണ് സാമൂഹ്യ സുരക്ഷ പെൻഷൻ ആരംഭിച്ചത്. രാജ്യത്ത് ഉടനീളെ ഇത് നടപ്പിലാക്കിയത് കോൺഗ്രസ് സർക്കാരായിരുന്നു. എന്നാൽ കോൺഗ്രസ് ഒരു കാലത്തും ക്ഷേമ പെൻഷനെയോ ക്ഷേമ പ്രവർത്തനങ്ങളെയോ തെരഞ്ഞെടുപ്പിന്റെ പി.ആർ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടില്ല. പാവപ്പെട്ട ജനങ്ങൾ മരുന്ന് വാങ്ങാനാണ് ഈ പണം ഉപയോഗിക്കുന്നത്. നിങ്ങൾ ആറു മാസം വരെ പെൻഷൻ കുടിശിക വരുത്തിയില്ലേ? പെൻഷൻ സർക്കാരിന്റെ ഔദാര്യമാണെന്നും അവകാശമല്ലെന്നും പറഞ്ഞ് അധിക്ഷേപിച്ചതും നിങ്ങളുടെ സർക്കാരല്ലേ? ക്ഷേമ പെൻഷൻ ലഭിക്കാതെ എത്ര പേർ ആത്മഹത്യ ചെയ്തു? ക്ഷേമനിധി പെൻഷൻ വാങ്ങുന്നവരുടെ സമൂഹ്യ പെൻഷൻ നിഷേധിച്ച് ജനങ്ങളെ കബളിപ്പിച്ചതും നിങ്ങളുടെ കാലത്തല്ലേ? 6 മാസത്തോളം പെൻഷൻ മുടക്കിയിട്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രണ്ടു മാസത്തെ പണം ഒരുമിച്ചു നൽകി ജനങ്ങളെ പറ്റിക്കുന്നതിനെയാണ് കോൺഗ്രസ് വിമർശിച്ചത്. 2021 ൽ അധികാരത്തിൽ വന്നാൽ ക്ഷേമ പെൻഷൻ 2500 ആക്കുമെന്ന് പറഞ്ഞവർ നാലര വർഷം ഒരു രൂപ പോലും വർധിപ്പിക്കാതെ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ കബളിപ്പിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നപ്പോൾ 400 രൂപ വർധിപ്പിച്ചു. ഇതാണോ നിങ്ങളുടെ വാക്ക് പാലിക്കൽ?
? ദേശീയപാതാ വികസനം
മുഖ്യമന്ത്രിയുടെ ചോദ്യം; ദേശീയപാത പൂർത്തീകരിക്കുന്നതിൽ ഒരടി പോലും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പറഞ്ഞത് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനാണ്. നന്ദിഗ്രാമിലെ മണ്ണും കൊണ്ട് കീഴാറ്റൂരിലേക്ക് വന്നവർ ഇപ്പോഴും ദേശീയ പാതക്കെതിരെ നിലപാട് തുടരുന്നുണ്ടോ?
മറുപടിയും മറുചോദ്യവും;
ദേശീയ പാത വികസനത്തിന് ഏറ്റവും സഹായകരമായത് യു.പി.എ സർക്കാർ പാസാക്കിയ എൽ.എ.ആർ.ആർ നിയമമാണ്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ നിരവധി തവണ പറഞ്ഞിട്ടുണ്ട്. ദേശീയ പാത വികസനം യു.ഡി.എഫ് എതിർത്തെന്നത് പച്ചക്കള്ളമാണ്. സംസ്ഥാനത്ത് ഉടനീളെ ദേശീയ പാത തകർന്ന് വീഴുമ്പോൾ 'അയ്യോ ഞങ്ങൾ അല്ലേ', എന്ന് പറയുന്ന മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇപ്പോൾ ക്രെഡിറ്റ് അടിക്കാൻ വരുന്നത് അപഹാസ്യമാണ്. ദേശീയ പാത മരണക്കെണിയായി മാറിയിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും കേന്ദ്ര സർക്കാരിനെതിരെ ഒരു പരാതിയും ഉന്നയിക്കാത്തത്? ദേശീയ പാത തകർന്നതിനു പിന്നാലെ കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിക്ക് സമ്മാനപ്പൊതികളുമായി പോയത് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഒന്നിച്ചല്ലേ?
? ഗെയിൽ പൈപ്പ്‌ലൈൻ
മുഖ്യമന്ത്രിയുടെ ചോദ്യം; ഗെയിൽ പൈപ്പ്‌ലൈൻ നടപ്പാക്കില്ലെന്ന് പറഞ്ഞതും സമരം നയിച്ചതും അന്നത്തെ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമടക്കമുള്ളവരാണ്. ഗെയിൽ പൈപ്പ്‌ലൈൻ ഒരു യാഥാർത്ഥ്യമാണ്. പഴയ നിലപാട് മാറ്റിയോ?
മറുപടിയും മറുചോദ്യവും;
കേരളത്തിൽ വികസന പദ്ധതികൾക്ക് എതിരെ നടന്ന എല്ലാം സമരങ്ങളും നയിച്ചത് സി.പി.എമ്മും എൽ.ഡി.എഫുമാണ്. ആ പാപഭാരം യു.ഡി.എഫിന്റെ തലയിൽ കെട്ടി വയ്ക്കണ്ട. ഗെയിൽ ഭൂമിക്കടിയിലെ ബോംബാണെന്ന് പറഞ്ഞു പ്രക്ഷോഭം നടത്തിയത് ആരാണ്? അദ്ദേഹം ഇപ്പോൾ നിങ്ങളുടെ മന്ത്രി സഭയിലെ അംഗമല്ലേ? യു.ഡി.എഫ് വികസന വിരുദ്ധരാണെന്ന പച്ചക്കള്ളം എത്ര ആവർത്തിച്ചാലും കേരള ചരിത്രവും ജനങ്ങളും അത് പുച്ഛിച്ച് തള്ളും.
? കിഫ്ബി
മുഖ്യമന്ത്രിയുടെ ചോദ്യം;കേരളത്തിന്റെ അതിജീവന ബദലായി ഉയർന്ന കിഫ്ബി വഴി അഭൂതപൂർവ്വമായ വികസന പ്രവർത്തനങ്ങൾ നടക്കുന്നു. കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ വഴി വികസന പ്രവർത്തനങ്ങൾക്ക് തടയിടാൻ നോക്കിയപ്പോൾ അതിനും കൂട്ടുനിൽക്കുന്നില്ലേ? കിഫ്ബി മുഖേന നാട്ടിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെ പ്രതിപക്ഷം തള്ളിപ്പറയുമോ?
മറുപടിയും മറുചോദ്യവും;
ബജറ്റ് വഴി പദ്ധതി അടങ്കലിന്റെ ഭാഗമായി നടത്തികൊണ്ടിരുന്ന പദ്ധതികൾ മാത്രമാണ് കിഫ്ബി വഴി നടപ്പിലാക്കിയത്. കഴിഞ്ഞ മൂന്ന് വർഷമായി പദ്ധതി അടങ്കൽ വർധിപ്പിച്ചില്ല. 2024-25 ൽ പദ്ധതി 50 ശതമാനം വെട്ടി കുറച്ചു. പദ്ധതിയിൽ കുറവ് വരുത്തിയതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കിഫ്ബി നടപ്പിലാക്കിയത്. കിഫ്ബി കടമെടുത്ത പണം കേരളം തന്നെയല്ലേ വീട്ടേണ്ടത്?
കിഫ്ബി വഴി അംഗീകാരം നൽകിയ പദ്ധതികളിൽ 20% പോലും പൂർത്തീകരിച്ചിട്ടില്ല. ഉയർന്ന പലിശയ്ക്ക് കടം വാങ്ങാനുള്ള മറ്റൊരു മാർഗ്ഗം മാത്രമാണ് കിഫ്ബി. മസാല ബോണ്ടിൽ 2150 കോടി കടമെടുത്ത് അഞ്ചു വർഷം കൊണ്ട് 3195 കോടി തിരിച്ചടച്ച ധനകാര്യ മിസ് മാനേജ്മെന്റിന്റെ പേരാണ് കിഫ്ബി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കൊച്ചി മെട്രോ, വിഴിഞ്ഞം, കണ്ണൂർ എയർപോർട്ട് അടക്കമുള്ള വൻകിട പദ്ധതികൾ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കത്തതും കാര്യക്ഷമവുമായ സാമ്പത്തിക മോഡൽ വഴിയുമാണ് നടപ്പിലാക്കിയത്. അത് നിലനിൽക്കെ എന്തിനാണ് അങ്ങ് ലണ്ടൻ സ്റ്റോക്ക് എക്‌സേഞ്ചിൽ പോയി മണിയടിച്ച് സ്വയം ഇളിഭ്യനായത്? അതൊക്കെ കേരളം മറക്കുമെന്നാണോ കരുതുന്നത്?
? മുഖ്യമന്ത്രിയുടെ ചോദ്യം: കിഫ്ബി വഴി നാട്ടിലെ സ്‌കൂളുകളും ആശുപത്രികളും മറ്റ് സൗകര്യങ്ങളും ലോകോത്തരമാക്കുന്നതിനെ പറ്റി പ്രതിപക്ഷത്തിന്റെ നിലവിലെ നിലപാട് എന്താണ്?
ഈ ചോദ്യത്തിനുള്ള മറുപടി മുകളിലുണ്ട്. പി.ആർ ഏജൻസിയാണ് അങ്ങയുടെ ചോദ്യങ്ങൾക്ക് പിന്നിലെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം.
? അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി
മുഖ്യമന്ത്രിയുടെ ചോദ്യം; അതിദാരിദ്ര്യ മുക്തി എന്നു നമ്മുടെ ലോക ശ്രദ്ധയാകർഷിച്ച നേട്ടത്തെ പാവപ്പെട്ടവർക്ക് റേഷൻ കിട്ടുന്നതിന് തടസ്സമാകും എന്ന് പ്രചരിപ്പിച്ചതും അതുറപ്പിക്കാൻ പാർലമെന്റിൽപോലും ഇടപെട്ടതും ശരിയായ കാര്യമാണ് എന്ന് പറയാൻ പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടോ?
മറുപടിയും മറുചോദ്യവും:
4.5 ലക്ഷം പരമ ദരിദ്രർ ഉണ്ടെന്ന് മാനിഫെസ്റ്റോയിൽ പറയുകയും അതി ദാരിദ്രരായ 5.91 മഞ്ഞ കാർഡ് ഉടമകൾ ഉണ്ടെന്ന് നിയമസഭയിൽ ഉത്തരം നൽകുകയും ചെയ്തവരാണ് അതിദാരിദ്ര്യമുള്ള 64000 പേർ മാത്രമെ സംസ്ഥാനത്ത് ഉള്ളൂവെന്ന് പറയുന്നത്. ഇതെന്തു മായാജാലമാണ്! എന്ത് പഠനമാണ് നിങ്ങൾ നടത്തിയത്? അതിദാരിദ്ര്യ മുക്തമെന്ന പ്രഖ്യാപനത്തിലൂടെ പാവങ്ങളെ വഞ്ചിക്കുകയല്ലേ അങ്ങയുടെ സർക്കാർ ചെയ്യുന്നത്? ഇടത് സഹയാത്രികരായ വിദഗ്ധർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇനിയെങ്കിലും മറുപടി നൽകാൻ അങ്ങ് തയാറാകുമോ? യു.ഡി.എഫ് അധികാരത്തിൽ വന്നാൽ എല്ലാ മഞ്ഞ കാർഡ് ഉടമകളെയും അതി ദാരിദ്ര്യ മുക്തമാക്കാൻ ആശ്രയ പദ്ധതി പുനരാരംഭിക്കും.
കേരള ബാങ്ക്
മുഖ്യമന്ത്രിയുടെ ചോദ്യം; കേരള ബാങ്ക് തുടങ്ങാൻ അനുവദിക്കില്ലെന്ന് പറഞ്ഞത് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ്. ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞതാകട്ടെ കേരള ബാങ്ക് നടപ്പിലാക്കിയാൽ സർക്കാർ വിവരമറിയുമെന്നും. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള ബാങ്ക് നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോൾ ഉമ്മൻ ചാണ്ടി പറഞ്ഞത് സർക്കാർ ഈ ഉദ്യമത്തിൽ നിന്ന് പിന്മാറണമെന്നാണ്. കേരള ബാങ്ക് നിലവിൽ വന്നില്ലേ? ഇക്കാര്യത്തിൽ യുഡിഎഫിന്റെ നിലവിലെ നിലപാട് എന്താണ്?
മറുപടിയും മറുചോദ്യവും;
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന് മുന്നിൽ അടിയറവ് വയ്ക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. മുൻപ് പ്രാഥമിക സഹകരണ സംഘങ്ങൾക്കൊ മറ്റു സ്ഥാപനങ്ങൾക്കോ പ്രതിസന്ധി ഉണ്ടാകുമ്പോൾ ജില്ല സഹകരണ ബാങ്കുകൾ സഹായത്തിന് വരുമായിരുന്നു. ഇപ്പോൾ അതിനു പോലും സാധിക്കാത്ത അവസ്ഥയാണ്. കേരളത്തെ സാമ്പത്തികമായി താങ്ങി നിർത്തിയിരുന്ന സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത നിങ്ങളുടെ ഭരണകാലത്തല്ലേ തകർന്നത്? കരുവന്നൂരിൽ എത്ര പേരാണ് ഇപ്പോഴും പണം കിട്ടാതെ അലയുന്നത്? എത്ര പേർക്ക് നിങ്ങൾ പണം തിരിച്ചു നൽകി? കരുവന്നൂർ കൊള്ള നടത്തിയ സഖാക്കളെ ഇപ്പോഴും നിങ്ങൾ പൊതിഞ്ഞു പിടിച്ചിരിക്കുകയല്ലേ? വയനാട്ടിലെ ബ്രഹ്‌മഗിരി സംഘത്തിലും നിങ്ങൾ കരുവന്നൂർ മോഡൽ തട്ടിപ്പല്ലേ നടത്തിയത്?
? കെ ഫോൺ
മുഖ്യമന്ത്രിയുടെ ചോദ്യം; കെ ഫോൺ പദ്ധതിക്കെതിരെ വ്യവഹാരത്തിനു ചെന്നപ്പോൾ പ്രതിപക്ഷ നേതാവിന് പബ്ലിക് ഇന്ററസ്റ്റോ അതോ പബ്ലിസിറ്റി ഇന്ററസ്റ്റോ എന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ചോദിച്ചത്. ഏതാണ് പ്രതിപക്ഷ നേതാവിന്റെ ഇന്ററസ്റ്റ്?
മറുപടിയു മറുചോദ്യവും:
പ്രതിപക്ഷ നേതാവിന് ഒരു ഇന്ററസ്റ്റ് മാത്രമേയുള്ളൂ. അത് പബ്ലിക് ഇന്ററസ്റ്റാണ്. അയ്യപ്പന്റെ സ്വർണ്ണം പോലും കക്കുന്നവർക്ക് എന്ത് ഇന്ററസ്റ്റാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. 20 ലക്ഷം പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാനെന്ന പേരിൽ 1500 കോടി രൂപ ചിലവഴിച്ച പദ്ധതിയിൽ ഇതുവരെ എത്ര പേർക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകി? പദ്ധതിയുടെ കരാർ നേടിയവരിൽ മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെയും പാർട്ടി ബന്ധുക്കളുടെയും പങ്കാളിത്തമുള്ള കമ്പനികളുണ്ടോ? ഇതിനെല്ലാം ഉത്തരം നൽകാൻ അങ്ങ് ബാധ്യസ്ഥനാണ്.
? ചൂരൽമല-മുണ്ടക്കൈ
മുഖ്യമന്ത്രിയുടെ ചോദ്യം; ദുരന്തബാധിതർക്ക് കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും വീട് വെച്ച് നൽകുമെന്ന് പ്രഖ്യാപിച്ചതല്ലേ? യൂത്ത് കോൺഗ്രസ്സ് പണം പിരിച്ചതല്ലേ? എത്ര വീടാണ് വെക്കുന്നതെന്നും അത് എവിടെയൊക്കെയാണ് വെക്കുന്നത് എന്നും വെളിപ്പെടുത്താമോ?
മറുപടിയും മറുചോദ്യവും;
വയനാട് ദുരന്തം നടന്ന് ഒരു വർഷം പൂർത്തിയായപ്പോഴല്ലേ സർക്കാർ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത്. സർക്കാർ അനുവദിക്കുന്ന സ്ഥലത്ത് വീട് നിർമ്മിക്കുമെന്നാണ് ഞങ്ങൾ പറഞ്ഞത്. അവസാന നിമിഷം കാലുമാറിയത് നിങ്ങൾ തന്നെയല്ലേ? ഒരു വർഷമെടുത്താണ് വീട് നിർമ്മാണത്തിനുള്ള സ്ഥലം സർക്കാർ കണ്ടെത്തിയത്. സ്ഥലം അനുവദിക്കില്ലെന്നു സർക്കാർ പറഞ്ഞ ശേഷമാണ് അത് കണ്ടെത്താൻ ഞങ്ങൾ ശ്രമം തുടങ്ങിയത്. സ്വന്തമായി സ്ഥലം വാങ്ങി വീട് നിർമ്മിക്കാൻ തുടക്കത്തിലെ തീരുമാനിച്ച മുസ്ലീലീഗ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. വീട് നിർമ്മാണത്തിനായി ഞങ്ങൾ മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിയമ പ്രശ്‌നങ്ങൾ ഇല്ലാത്ത സ്ഥലം ഏതെന്ന് തീരുമാനിച്ചാലുടൻ നിർമ്മാണം ആരംഭിക്കും. കർണാടകത്തിലെ കോൺഗ്രസ് സർക്കാർ വാഗ്ദാനം ചെയ്ത വീടുകളുടെ പണം സർക്കാരിനെ ഏൽപ്പിച്ചിട്ടുണ്ടല്ലോ. സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായം വേറെയും. അപ്പോൾ പിന്നെ വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് എത്തിയ 773 കോടിയിൽ എത്ര രൂപയാണ് ഇതുവരെ ചെലവഴിച്ചത്? വീട്ടുവാടകയോ ചികിത്സാ സഹായമോ നൽകാൻ നിങ്ങൾ തയാറായില്ലല്ലോ. പഠനം മുടങ്ങിയ കുട്ടികളെയെങ്കിലും സഹായിക്കാൻ നിങ്ങൾ തയാറായോ? ഏതായാലും കോടിയേരി ബാലകൃഷ്ണന്റെ കാലത്ത് സി.പി.എം പ്രഖ്യാപിച്ച വീടുകൾ പോലെയാകില്ല കോൺഗ്രസിന്റെ പ്രഖ്യാപനം.
? കെ-റെയിൽ
മുഖ്യമന്ത്രിയുടെ ചോദ്യം; സിൽവർ ലൈനിന്റെ കുറ്റി പറിക്കാൻ സമരം ചെയ്ത പ്രതിപക്ഷത്തിന് കേരളത്തിൽ വേഗത്തിൽ സഞ്ചരിക്കുന്ന റെയിൽപാത വേണ്ട എന്നു അഭിപ്രായമുണ്ടോ?
ചോദ്യങ്ങൾ ഇനിയുമുണ്ട്. അവയെല്ലാം ചേർത്ത് ഒറ്റ ചോദ്യം കൂടി: കേരളത്തിൽ നടക്കുന്ന ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിർക്കാതിരുന്നിട്ടുണ്ടോ? കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകാൻ നൽകിയ ഭക്ഷ്യകിറ്റിനെ പോലും തെറ്റായ വ്യാഖ്യാനം നൽകി പരിഹസിക്കുകയും എതിർക്കുകയും ചെയ്തിട്ടില്ലേ? എന്തിനെയും എതിർത്ത് ഇല്ലാതാക്കാൻ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ തയ്യാറായിട്ടുണ്ടോ?
മറുപടിയും മറുചോദ്യവും:
'കെ- റെയിൽ വരും കേട്ടോ' എന്ന വീരവാദം മുഴകിയിട്ട് എത്ര കാലമായി. മുകളിൽ മെട്രോ താഴെ വാട്ടർമെട്രോ രണ്ടിനും ഇടയിൽ കെ- റെയിൽ എന്ന അങ്ങയുടെ തൃക്കാക്കര പ്രഖ്യാപനം, അങ്ങ് മറന്നാലും ഞങ്ങൾക്ക് ഓർമ്മയുണ്ട്. വലിയ വായിലുള്ള വർത്തമാനം അല്ലാതെ എന്തെങ്കിലും നടന്നോ? ഇരകളാക്കപ്പെടുമായിരുന്ന ജനങ്ങളുടെ പ്രതിരോധമാണ് കെ-റെയിൽ സമരത്തിൽ കണ്ടത്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിന് അനുസൃതമായി നിരവധി ബദൽ നിർദ്ദേശങ്ങൾ യു.ഡി.എഫ് മുന്നോട്ട് വച്ചതുമാണ്. കെ- റെയിലിനു സമാനമായ എംബാങ്ക്‌മെന്റുകൾ ദേശീയപാതയിൽ ഉടനീളെ തകർന്ന് വീഴുന്നത് അങ്ങ് കാണുന്നില്ലേ?
ഒന്നുകൂടി പറഞ്ഞ് അവസാനിപ്പിക്കാം; ഒൻപതര വർഷം കൊണ്ട് കേരളത്തിന്റെ സമസ്ത മേഖലകളെയും തകർത്ത് തരിപ്പണമാക്കി കടക്കെണിയിലാക്കിയ നിങ്ങളെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. പി.ആർ വർക്ക് കൊണ്ടൊന്നും അത് മറച്ചു വയ്ക്കാനാകില്ല. കോവിഡ് മഹാമാരിയുടെ കാലത്ത് നിങ്ങൾ കല്യാണ വീട്ടിലെ പോക്കറ്റടിക്കാരായതും കേരളം മറന്നിട്ടില്ല. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വികസന വിരുദ്ധരായ പിണറായി ഭരണകൂടം വികസനത്തെ കുറിച്ച് കോൺഗ്രസിനും യു.ഡി.എഫിനും ക്ലാസെടുക്കേണ്ടതില്ല. ഈ പി.ആർ പരിപാടികൾ കൊണ്ടൊന്നും നിങ്ങളുടെ അഴിമതിയും ധൂർത്തും പിൻവാതിൽ നിയമനങ്ങളും ശബരിമലയിലെ സ്വർണക്കൊള്ളയും ജനം മറക്കുമെന്നു കരുതേണ്ട. ബി.ജെ.പിയെ പോലെ വർഗീയ വിഷം വമിപ്പിക്കുന്ന, സംഘപരിവാറിന്റെ തൂവൽപക്ഷികളായ നിങ്ങളുടെ ഭരണത്തെ കേരള ജനത തൂത്തെറിയുക തന്നെ ചെയ്യും.
മറക്കണ്ട, നേരിട്ടുള്ള സംവാദം എന്ന എന്റെ നിർദ്ദേശം പരിഗണിക്കുമെന്ന് ഒരിക്കൽ കൂടി പ്രതീക്ഷിക്കട്ടെ.
Content Highlights: Opposition Leader Invites Chief Minister for Public Debate on Key Kerala Development Issues