മാവോവാദി ഭീഷണി നിലനിൽക്കുന്ന പോലീസ് സ്റ്റേഷൻ; പക്ഷേ, വൈദ്യുതി പോയാൽ പോലീസുകാർ ഇരുട്ടിൽ

വളയം: മാവോവാദി ഭീഷണി നിലനിൽക്കുന്ന വളയം പോലീസ് സ്റ്റേഷൻ വൈദ്യുതി പോയാൽ ഇരുട്ടിൽ. അടുത്തിടെയാണ് സംസ്ഥാന സർക്കാർ അനുവദിച്ച ഒന്നരക്കോടി രൂപ ചെലവിൽ അത്യാധുനികരീതിയിലുള്ള ബഹുനിലക്കെട്ടിടം പണികഴിപ്പിച്ചത്. എന്നാൽ, പുതിയ കെട്ടിടത്തിൽ ഇതുവരെ ഇൻവർട്ടറോ ജനറേറ്ററോ സ്ഥാപിച്ചിട്ടില്ല. ഇതോടെ രാത്രിയിൽ വൈദ്യുതിപോയാൽ സ്റ്റേഷൻ ഇരുട്ടിലാകും.
ചാർജ് ചെയ്യാവുന്ന പോർട്ടബിൾ ടേബിൾ ലാമ്പ് മാത്രമാണ് പിന്നെ ആശ്രയം. ഈ ചെറുവെളിച്ചത്തിലാണ് ബാക്കിയുള്ള പണികൾ. സ്റ്റേഷനുള്ളിൽ പോലീസുകാർ ഭക്ഷണം കഴിക്കുന്നതുൾപ്പെടെ മൊബൈൽ വെളിച്ചത്തിലാണ്. പുറത്ത് റോഡിലൂടെ പോകുന്നവർക്ക് ഒരു സ്റ്റേഷൻതന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് മനസ്സിലാകാറില്ല. പുതിയ ഇൻവർട്ടറിന് അമ്പതിനായിരത്തിലധികം രൂപ ചെലവ് വരും. ഒന്നരക്കോടി രൂപ ചെലവിൽ കേരള പോലീസ് ഹൗസിങ് സൊസൈറ്റിയാണ് വളയം സ്റ്റേഷന് പുതിയ കെട്ടിടം പണിതത്. എന്നാൽ, ഫണ്ട് തീർന്നെന്നുപറഞ്ഞ് കെട്ടിടം ഉദ്ഘാടനത്തിന് ഒരുക്കുകയായിരുന്നു. ഇതോടെ പോലീസുകാർ പിരിവെടുത്ത് ഇന്റർലോക്ക്, ഇൻറീരിയർ തുടങ്ങി പലപണികളും സ്വന്തംനിലയ്ക്ക് തീർത്ത് ഉദ്ഘാടനം കഴിക്കുകയായിരുന്നു.
പഴയ കെട്ടിടത്തിലെ ചെറിയ ഇൻവെർട്ടർ പുതിയ ബഹുനിലക്കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ പുതിയ ഇൻവർട്ടറിന് ഫണ്ട് അനുവദിക്കണമെന്ന് കാണിച്ച് ഒട്ടേറെത്തവണ ആഭ്യന്തരവകുപ്പിന് കത്തുനൽകിയെങ്കിലും ഒരു തീരുമാനവുമായില്ല. പോലീസ് ഹൗസിങ് സൊസൈറ്റി നേരത്തേ വളയത്ത് നിർമിച്ച സ്റ്റേഷൻ കെട്ടിടം നിർമാണത്തിലെ അഴിമതി കാരണം 15 വർഷംകൊണ്ട് പൊളിച്ചുപണിയുകയായിരുന്നു. ഇത്തവണ ഒന്നരക്കോടി അനുവദിച്ചിട്ടും സ്റ്റേഷന്റെ ആവശ്യത്തിന് തുക ചെലവഴിച്ചില്ലെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.
Content Highlights: New 1.5 crore building lacks essential power backup like inverters or generators., Police officers are forced to work and dine using mobile phone flashlights., Funds were allegedly mismanaged by the Kerala Police Housing Society., Repeated requests to the Home Department for funding have been ignored.