‘സ്വർണക്കൊള്ള: മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നത് ശ്രദ്ധതിരിക്കാൻ, പോറ്റി സോണിയയെ കണ്ടതിൽ ദുരൂഹത’

#ന്യൂസ് ഡെസ്ക്ക്
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി | ചിത്രം: മാതൃഭൂമി
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി | ചിത്രം: മാതൃഭൂമി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുന്നതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ സ്ഥലകാലബോധത്തെക്കുറിച്ച് വേണുഗോപാൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സ്വർണക്കവർച്ചാ കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ആരാണ് അവസരമൊരുക്കിയത്? എ.ഐ.സി.സി ജനറൽ സെക്രട്ടറി അറിയാതെ ഇത്തരം കൂടിക്കാഴ്ചകൾ നടക്കുമോ എന്ന് വേണുഗോപാൽ വ്യക്തമാക്കണം. പോറ്റി പലതവണ സോണിയയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്. സ്വന്തം പാർട്ടിക്കാർക്ക് പോലും ലഭിക്കാത്ത അവസരം ഒരു പ്രതിക്ക് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്വർണക്കൊള്ളക്കേസിൽ അന്വേഷണം നേരിടുന്ന സ്ഥാപനത്തിൽനിന്ന് ആന്റോ ആന്റണി എം.പി കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്ന വാർത്ത കോൺഗ്രസിന്റെ ക്രിമിനൽ മുഖമാണ് തുറന്നുകാട്ടുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എൻ.എം. രാജുവിൽ നിന്ന് 2 കോടി രൂപ വാങ്ങിയെന്ന ആരോപണം എം.പി ഭാഗികമായി സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പണം ഉപയോഗിച്ചാണോ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വ്യക്തമാക്കണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.