ടി.പി. വധക്കേസിൽ സിപിഎം സഹയാത്രികനായ അഭിഭാഷകനെ സർക്കാർ മാറ്റി

#ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ്
ഫോട്ടോ: സാബു സ്കറിയ
ഫോട്ടോ: സാബു സ്കറിയ

ന്യൂഡൽഹി: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം. സി.പി.എം സഹയാത്രികനായ സീനിയർ അഭിഭാഷകൻ പി.വി. ദിനേശിനെ ആണ് മാറ്റുന്നത്. മുൻ സോളിസിസ്റ്റർ ജനറൽ രഞ്ജിത് കുമാർ, പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര എന്നിവരിൽ ഒരാളെ കേസിൽ ഹാജരാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം.

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിലെ പ്രതികളുടെ അഭിഭാഷകരും സർക്കാർ അഭിഭാഷകരും തമ്മിൽ ഒത്തുകളിക്കുന്നുവെന്ന ആരോപണം കെ.കെ. രമ ഉന്നയിച്ചിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിന് പ്രമുഖ ക്രിമിനൽ അഭിഭാഷകരെ രംഗത്തിറക്കണമെന്ന് ആവശ്യപ്പെട്ട് രമ സർക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം സഹയാത്രികനായ സീനിയർ അഭിഭാഷകനെ മാറ്റാൻ സർക്കാർ തീരുമാനിച്ചത്. അഡ്വക്കേറ്റ് ജനറൽ ജാജു ബാബു പുതിയ അഭിഭാഷകനെ സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കൊടി സുനിയുടെ ഉൾപ്പടെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റി

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി ഉൾപ്പടെ ഏഴ് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മൂന്നാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.

13 വർഷത്തിൽ അധികമായി ജയിലിൽ കഴിയുകയാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ജാമ്യഹർജി വേഗത്തിൽ കേൾക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ, ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് കെ.കെ. രമ കോടതിയിൽ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റിയത്.

രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകാൻ രമയോട് കോടതി നിർദേശിച്ചു. പ്രതികൾക്കുവേണ്ടി ജി. പ്രകാശും രമയ്ക്കുവേണ്ടി എ. കാർത്തിക്കും ഹാജരായി. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാന്റിങ് കോൺസൽ സുൽഫിക്കർ അലി പി.എസ്സാണ് ഹാജരായത്.

Content Highlights: State government decides to replace senior advocate PV Dinesh with Ranjit Kumar or Siddharth Luthra in the TP murder case., Decision comes after KK Rema raised allegations of collusion and requested prominent criminal lawyers., Supreme Court adjourned the bail plea of Kodi Suni and six others by three weeks, allowing KK Rema two weeks to file a response.