എയർ ഇന്ത്യ വിമാനാപകടം: മരിച്ച പൈലറ്റുമാർക്ക് കുറ്റപ്പെടുത്തൽ, ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് പൈലറ്റിന്റെ പിതാവ്

ടേക്ക് ഓഫിന് ശക്തി പകരുന്ന ത്രസ്റ്റ് ലിവറും ഇന്ധനവിതരണ സ്വിച്ചും, അപകടത്തിൽപെട്ട വിമാനത്തിന്‍റേത്, ഇൻസൈറ്റിൽ ക്യാപ്റ്റൻ സുമിത് സബർവാളും സഹപൈലറ്റ് ക്ലൈവ് കുന്ദറും
ടേക്ക് ഓഫിന് ശക്തി പകരുന്ന ത്രസ്റ്റ് ലിവറും ഇന്ധനവിതരണ സ്വിച്ചും, അപകടത്തിൽപെട്ട വിമാനത്തിന്‍റേത്, ഇൻസൈറ്റിൽ ക്യാപ്റ്റൻ സുമിത് സബർവാളും സഹപൈലറ്റ് ക്ലൈവ് കുന്ദറും

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടം സംബന്ധിച്ച് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അപകടത്തിൽപെട്ട എഐ -171 വിമാനത്തിന്റെ പൈലറ്റായിരുന്ന ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് 88-കാരനായ പുഷ്കരാജ് സബർവാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സാണ് രണ്ടാം ഹർജിക്കാർ.

വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമികാന്വേഷണത്തിൽ ഒരുപാട് പിഴവുകളുണ്ടെന്നും സ്വയം പ്രതിരോധിക്കാൻ ജീവനോടെ ബാക്കിയില്ലാത്ത പൈലറ്റുമാരിലാണ് അന്വേഷണസംഘം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. മാനുഷികപിഴവാണ് ദുരന്തത്തിനിടയാക്കിയതെന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡിന്റെ പ്രാഥമിക റിപ്പോർട്ടിന് പിന്നാലെയാണ് സുപ്രീം കോടതിയിൽ സുമീത് സബർവാളിന്റെ പിതാവ് ഹർജി സമർപ്പിച്ചത്.

വസ്തുതാപരവും ചില വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലുമാണ് അന്വേഷണം നടക്കുന്നത്. ദുരന്തത്തിലേക്ക് നയിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന സാങ്കേതികമായ ഘടകങ്ങളോ മറ്റോ പരിശോധിക്കുന്ന തരത്തിൽ ആയിരുന്നില്ല നിലവിലെ അന്വേഷണമെന്ന് ഹർജിക്കാർ പറയുന്നു. സ്വയം പ്രതിരോധിക്കാനാകാത്ത ജീവനക്കാർക്കെതിരേയാണ് അന്വേഷണം നടക്കുന്നത്. ഇത് ഭാവിയിൽ വിമാന സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും ഒരു നിഷ്പക്ഷ ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

അന്വേഷണ സംഘത്തിൽ അധികവും ഡിജിസിഎയിലെ ഉദ്യോഗസ്ഥരാണ്. സ്വന്തം കേസിൽ ആരും ജഡ്ജിയാകരുതെന്ന അടിസ്ഥാന തത്വം ലംഘിക്കപ്പെടുകയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് കഴിഞ്ഞ ജൂൺ 12-ന് അഹമ്മദാബാദിൽ തകർന്നുവീണത്. യാത്രക്കാരായ 241 പേരും സ്ഥലത്തുണ്ടായിരുന്ന 29 പേരും ദുരന്തത്തിൽ മരിച്ചിരുന്നു. അഹമ്മദാബാദിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ ബോയിങ് 787 വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രാഥമികാന്വേഷണത്തിൽ പൈലറ്റുമാരുടെ പിഴവിലേക്ക് വിരൽചൂണ്ടുന്ന തരത്തിലായിരുന്നു റിപ്പോർട്ട്.

Content Highlights: Supreme Court Petition Demands Judicial Probe into Ahmedabad Air India Crash