തീർഥാടകർ തുണികൾ ഉപേക്ഷിക്കുന്നത് കുറയുന്നില്ല; ആദ്യ മൂന്നുദിവസം പമ്പയിൽനിന്ന് കിട്ടിയത് 23 ടൺ തുണി

പത്തനംതിട്ട: ഹൈക്കോടതി കർശനമായി ഇടപെട്ടിട്ടും ബോധവത്കരണം നടത്തിയിട്ടും പമ്പയിൽ തീർഥാടകർ തുണികൾ ഉപേക്ഷിക്കുന്നത് കുറയുന്നില്ല. മണ്ഡലകാല തീർഥാടനത്തിന്റെ ആദ്യത്തെ മൂന്നുദിവസംകൊണ്ടുതന്നെ 23 ടണ്ണോളം തുണിമാലിന്യങ്ങളാണ് പമ്പയിൽനിന്ന് പുറത്തെടുത്തത്. കൃത്യം കണക്ക് വെള്ളിയാഴ്ചയേ കിട്ടൂ. വ്യാഴാഴ്ച മാലിന്യം അൽപ്പം കുറഞ്ഞതാണ് ഏക ആശ്വാസം.
മുൻവർഷങ്ങളിൽ പമ്പയിൽനിന്ന് കിട്ടിയ തുണിമാലിന്യങ്ങൾ നിലയ്ക്കലിൽ തള്ളിയത് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. 129 ടൺ തുണിമാലിന്യമാണ് ഉണ്ടായിരുന്നത്. വീണ്ടും അത് സംഭവിക്കാതിരിക്കാനാണ് ഈ തീർഥാടനത്തിന്റെ തുടക്കത്തിൽത്തന്നെ ക്ലീൻ കേരള കമ്പനിയെ പമ്പയിലെ തുണിമാലിന്യം നീക്കാൻ ഏൽപ്പിച്ചത്.
ഇവിടെ ബോധവത്കരണ ബോർഡുകളും അറിയിപ്പുകളുമൊക്കെ ഉണ്ടെങ്കിലും അയൽസംസ്ഥാനങ്ങളിൽനിന്നെത്തുന്ന ഒരുവിഭാഗം ഭക്തർ ഇപ്പോഴും പമ്പയിൽ തുണികൾ ഉപേക്ഷിക്കുന്നു. ഇതിന് ആചാരവുമായി ബന്ധമൊന്നുമില്ല.
ശബരിമലഭക്തർ പമ്പയിൽ വസ്ത്രമുപേക്ഷിക്കരുതെന്ന സന്ദേശം കെ.എസ്.ആർ.ടി.സി. ബസിലും സ്റ്റാന്റിലും കേൾപ്പിക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
നദിയിൽനിന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് എടുത്തുനൽകുന്ന തുണികൾ ക്ലീൻ കേരള കമ്പനി കൊണ്ടുപോകും. തരംതിരിക്കാൻ നിലയ്ക്കലിൽ കമ്പനിക്ക് സൗകര്യം നൽകി. ഇവിടെ ഇതിനായി നാലു തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്.
ബുധനാഴ്ച പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സാനിറ്റേഷൻ സൊസൈറ്റിയുടെ വിശുദ്ധിസേനയിലെ പ്രവർത്തകരാണ് തുണിമാലിന്യം നീക്കിയത്. സീസൺ തീരുംവരെ ആവശ്യമുള്ളതിനാൽ ആലപ്പുഴയിലെ ഒരു ഏജൻസിയിൽനിന്ന് 20 പേരെ എത്തിച്ചിട്ടുണ്ട്. ഇവരുടെ പോലീസ് ക്ലിയറൻസ് കഴിഞ്ഞു. പകലും രാത്രിയിലും 15 പേർ വീതമെങ്കിലുമുണ്ടെങ്കിലേ കൃത്യമായി തുണികൾ എടുത്തു മാറ്റാനാകൂ.
വെള്ളത്തിൽ കുതിർന്ന തുണിയിലെ മണ്ണ് നീക്കി ഉണക്കും. അടിവസ്ത്രങ്ങൾ കമ്പനിയുടെ പ്ലാന്റിലെത്തിച്ച് പ്രോസസ് ചെയ്ത് സിമന്റ് ഫാക്ടറികൾക്ക് നൽകും. ബാക്കിയുള്ളവ ചവിട്ടിയും മറ്റും ഉണ്ടാക്കുന്ന സ്ഥാപനങ്ങൾക്കാണ് നൽകുന്നത്.
Content Highlights: 23 tons of cloth waste removed from Pampa in the first three days of the Mandala season., High Court ordered awareness announcements in KSRTC buses and stations., Clean Kerala Company and Vishuddhi Sena are managing waste collection and processing., Collected clothes are sent for recycling, cement factories, and mat manufacturing.