'സത്യമേവ ജയതേ'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പതനത്തിന് പിന്നാലെ സ്റ്റാറ്റസിട്ട് ആദ്യ പരാതിക്കാരി

#ന്യൂസ് ഡെസ്ക്
രാഹുൽ മാങ്കൂട്ടത്തിൽ | Image credit: @rahulbrmamkootathil FB Page | പരാതിക്കാരി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച സ്റ്റാറ്റസ് (Image: Special arrangement)
രാഹുൽ മാങ്കൂട്ടത്തിൽ | Image credit: @rahulbrmamkootathil FB Page | പരാതിക്കാരി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച സ്റ്റാറ്റസ് (Image: Special arrangement)

തിരുവനന്തപുരം: ലൈംഗികാരോപണ പരാതികള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കിയതോടെ പ്രതികരണവുമായി ആദ്യ പരാതിക്കാരി രംഗത്ത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ രാഹുലിനെതിരെ സംസാരിക്കുകയും എംഎല്‍എ സ്ഥാനം രാജിവെപ്പിക്കണം എന്ന തരത്തില്‍ കാര്യങ്ങള്‍ നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരാതിക്കാരിയുടെ 'സ്റ്റാറ്റസ്' പ്രതികരണം.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി ലൈംഗികാരോപണ പരാതിയുമായി മുന്നോട്ടുവന്ന വ്യക്തി തന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെയാണ് പ്രതികരിച്ചത്. കറുത്ത പ്രതലത്തില്‍ വെള്ള മഷിയില്‍ 'സത്യമേവ ജയതേ' എന്നാണ് അവര്‍ സ്റ്റാറ്റസില്‍ കുറിച്ചിരിക്കുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് രാഹുല്‍. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒളിത്താവളം കണ്ടെത്താനും എത്രയും വേഗം അറസ്റ്റുചെയ്യാനുമുള്ള ഊര്‍ജിതമായ ശ്രമത്തിലാണ് പോലീസ്. രാഹുല്‍ നിലവില്‍ ബാംഗ്ലൂരിലാണ് ഒളിവിലുള്ളത് എന്നാണ് വിവരം.

യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി എന്ന കേസിലാണ് നിലവില്‍ രാഹുല്‍ അന്വേഷണം നേരിടുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരടക്കമുള്ള നേതാക്കള്‍ പരസ്യമായി രാഹുലിനെതിരെ നിലപാടെടുത്തിട്ടുണ്ട്. എംഎല്‍എ സ്ഥാനത്തുനിന്ന് സ്വയം ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം സ്പീക്കര്‍ക്ക് കത്തുനല്‍കും എന്നാണ് സൂചന.

Content Highlights: First accuser reacts to Rahul Mamkootathil`s expulsion and potential resignation over sexual assault allegations with a `Satyameva Jayate` status update. Police intensify search.