ഷംസീറിനെതിരായ പ്രസ്താവന അസംബന്ധം; ഒടുവിൽ വെള്ളാപ്പള്ളിയെ തള്ളി പിണറായി

#ന്യൂസ് ഡെസ്ക്
പിണറായി വിജയന്‍ , വെള്ളാപ്പള്ളി നടേശന്‍ | Photo:Mathrubhumi
പിണറായി വിജയന്‍ , വെള്ളാപ്പള്ളി നടേശന്‍ | Photo:Mathrubhumi

തിരുവനന്തപുരം: എ.എൻ. ഷംസീറിനെതിരേ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നടേശന്റേത് തീർത്തും അസംബന്ധമായ പ്രസ്താവനയാണെന്നും അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും പിണറായി വ്യക്തമാക്കി. സി.പി.എമ്മിൽ ഒരാളും കുറുക്കുവഴികളിലൂടെ നേതാവായി മാറിയവരല്ല. നിരവധി കാലത്തെ പ്രവർത്തനങ്ങളിലൂടെ നേടിയെടുക്കുന്ന പൊതുസമൂഹത്തിന്റെ അംഗീകാരത്തിലൂടെയാണ് ഏതൊരാളും നേതാവായി മാറുന്നത്. ഇത്തരത്തിലുള്ള വിലയിരുത്തലുകൾ പൊതുസമൂഹത്തിന് മുന്നിൽ നടത്തുന്നത് പാർട്ടി അവജ്ഞാപൂർവം തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചേർത്തലയിൽ നടന്ന എസ്.എൻ.ഡി.പി. യോഗത്തിന്റെ പരിപാടിക്കിടെയാണ് മുൻ സ്പീക്കറും സി.പി.എം. നേതാവുമായ എ.എൻ. ഷംസീറിനെതിരേ വെള്ളാപ്പള്ളി നടേശൻ രൂക്ഷ വിമർശനം നടത്തിയത്‌. ഷംസീറിന് കമ്യൂണിസ്റ്റ് മനസ്സല്ല, മുസ്ലിംലീഗിന്റെ മനസ്സാണെന്നായിരുന്നു പരാമർശം. പിണറായി വിജയനെപ്പോലെ മുതിർന്ന നേതാക്കൾ ഒരുപാട് ത്യാഗങ്ങൾ സഹിച്ചാണ് ഇന്നത്തെ നിലയിലെത്തിയതെങ്കിൽ, ഷംസീർ വളരെ ചുളുവിലൂടെ നേതാവായി മാറിയ ആളാണെന്നും അദ്ദേഹം പരിഹസിച്ചു.

നേരത്തെ വെള്ളാപ്പള്ളി നടേശൻ പല വിവാദ പ്രസ്താവനകൾ നടത്തിയ ഘട്ടങ്ങളിലൊന്നും പിണറായി അതിനെതിരേ ഒരക്ഷരം പ്രതികരിച്ചിരുന്നില്ല. വെള്ളാപ്പള്ളിയുടെ വർഗീയ വിഷം വമിക്കുന്ന പ്രസ്താവനകളെ യഥാസമയം തള്ളിപ്പറയാതിരുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാക്കിയെന്നും, ഇതിലൂടെ ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയിൽനിന്നും മുന്നണിയിൽനിന്നും അകലാൻ ഇടയായെന്നും സി.പി.എമ്മിന്റെ സംസ്ഥാന സമിതിയും കേന്ദ്ര കമ്മിറ്റിയും നേരത്തേ വിലയിരുത്തിയിരുന്നു.

Content Highlights: Pinarayi Vijayan dismissed Vellappally Natesan's remarks against AN Shamseer as absurd., Natesan had alleged that Shamseer has a Muslim League mindset rather than a communist one.