‘ഉദ്ഘാടനമല്ലേ, മെമ്പറും പ്രസിഡന്റും ഒപ്പംചാടട്ടെ..’; കുളത്തിൽ തള്ളിയിട്ട് മഞ്ഞളാംകുഴി അലിയുടെ ഉദ്ഘാടനം | വീഡിയോ

#ന്യൂസ് ഡെസ്ക്
പഞ്ചായത്ത് മെമ്പറേയും ബ്ലോക്ക് പ്രസിഡന്റിനേയും വെള്ളത്തിൽ തള്ളിയിട്ടുകൊണ്ട് കുളം ഉദ്ഘാടനം ചെയ്തപ്പോൾ!
പഞ്ചായത്ത് മെമ്പറേയും ബ്ലോക്ക് പ്രസിഡന്റിനേയും വെള്ളത്തിൽ തള്ളിയിട്ടുകൊണ്ട് കുളം ഉദ്ഘാടനം ചെയ്തപ്പോൾ!

മലപ്പുറം: ഒരു കുളത്തിന്റെ ഉദ്ഘാടനമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മലപ്പുറം ജില്ലയിലെ മങ്കട പീച്ചാണിപ്പറമ്പ് തിരുത്തിൽ കുളമാണ് ‘വെറൈറ്റി’ ഉദ്ഘാടനത്തിലൂടെ വൈറലായത്. മഞ്ഞളാംകുഴി അലി എംഎൽഎയാണ് വ്യത്യസ്തമായ ഉദ്ഘാടനം നിർവഹിച്ചത്. ജനപ്രതിനിധികളെ വെള്ളത്തിൽ ചാടിച്ചുകൊണ്ട് ‘അനുയോജ്യമായ’ രീതിയിലായിരുന്നു എംഎൽഎയുടെ ഉദ്ഘാടനം.

അങ്ങാടിപ്പുറം പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ ഷബീർ മഞ്ഞാമ്പ്രയെ ആണ് എംഎൽഎ കുളത്തിൽ തള്ളിയിട്ടത്. മെമ്പർ കുളത്തിൽ ചാടിയാണ് ഉദ്ഘാടനം നിർവഹിക്കുകയെന്ന് ചടങ്ങിന് മുമ്പ് തന്നെ എംഎൽഎ പ്രഖ്യാപിച്ചിരുന്നു. മെമ്പർ ചാടുകയാണെങ്കിൽ എംഎൽഎയും ബ്ലോക്ക് പ്രസിഡന്റും ചാടുമെന്ന് ഷബീറും പറഞ്ഞു. അതുകൊണ്ടുതന്നെ ഷബീർ വെള്ളത്തിൽ ചാടാൻ തയ്യാറായി നിൽക്കുകയും ചെയ്തിരുന്നു.

എന്നാൽ, മെമ്പറുടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട്, നാടമുറിച്ചതിന് പിന്നാലെ അദ്ദേഹത്തെ എംഎൽഎയും ഒപ്പമുള്ളവരും ചേർന്ന് കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. കുളത്തിൽ നന്നായൊന്ന് നീന്തിയ ശേഷം കരയ്ക്ക് കയറിയ ഷബീർ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷിറയെയും കുളത്തിലേക്ക് തള്ളിയിട്ടു.

കുളം ഉദ്ഘാടനം ആണെങ്കിൽ വെറുതെ സംസാരിച്ച് സമയം പോക്കുന്നതിനേക്കാൽ നല്ലതാണ് വെള്ളത്തിൽ ചാടുന്നതെന്ന് കരുതിയാണ് മെമ്പറെ വെള്ളത്തിൽ ചാടിച്ചതെന്നാണ് എംഎൽഎ പറയുന്നത്. അതേസമയം, സുരക്ഷയ്ക്കായി ട്യൂബുകൾ ഉൾപ്പെടെ കുളത്തിൽ സജ്ജീകരിച്ച ശേഷമായിരുന്നു വെറൈറ്റി ഉദ്ഘാടനം.

Content Highlights: Mankada MLA Manjalamkuzhi Ali made headlines with a humorous pond inauguration in Malappuram after pushing Ward Member Shabeer Manjambra into the water, who then pushed Block President Najma Tabshira in as well.