വിലക്കിയിട്ടും കയത്തിൽചാടി, മുങ്ങിപ്പൊങ്ങുന്നത് തമാശയെന്ന് കരുതി; രണ്ടുകുട്ടികൾക്ക് ദാരുണാന്ത്യം

മറയൂർ ( ഇടുക്കി): പാമ്പാർ പുഴയിലെ കയത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. കാന്തല്ലൂർ കീഴാന്തൂർ ഗ്രാമം സ്വദേശി കന്നിയപ്പന്റെ മകൻ ബാലമുരുകൻ (14), ഗുഹനാഥപുരം സ്വദേശി സുന്ദർരാജിന്റെ മകൻ സഞ്ജിത്(15) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഗുഹനാഥപുരം സ്വദേശി അനീഷിന്റെ മകൻ മനു അനീഷ് (15) അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. ഇരുചക്രവാഹനത്തിലാണ് മൂവരും കോവിൽക്കടവ് ടൗണിൽ എത്തിയത്. കാന്തല്ലൂർ ഭാഗത്തേക്കുള്ള ബസ് വരാൻ സമയം ഉള്ളതിനാൽ മൂവരും പാമ്പാറിലെ തടയണയ്ക്ക് സമീപമെത്തി. ബാലമുരുകനും സഞ്ജിത്തും വസ്ത്രം മാറി കയത്തിനരികിലേക്ക് പോയപ്പോൾ മനു അനീഷ് വിലക്കി. എതിർപ്പ് കാര്യമാക്കാതെ രണ്ടുപേരും കയത്തിൽ ചാടി. മുങ്ങുകയും പൊങ്ങുകയും ചെയ്തപ്പോൾ തമാശയ്ക്ക് ചെയ്യുകയാണെന്നാണ് മനു കരുതിയത്. കുറച്ചുസമയം ഇരുവരെയും കാണാതായപ്പോൾ മനു അലറിവിളിച്ച് സമീപവാസികളെ കൂട്ടി. ഈസമയം കാട്ടുതീ നിയന്ത്രണ വിധേയമാക്കുന്നതിന് മറയൂരിലുണ്ടായിരുന്ന മൂന്നാർ അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി. മറയൂർ പോലീസ് ഇൻസ്പെക്ടർ എം. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി കയത്തിൽനിന്ന് ഏറെ ശ്രമപ്പെട്ട് രണ്ടുപേരെയും കരയിലെത്തിച്ചു. മറയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ നഷ്ടപ്പെട്ടിരുന്നു.
ശനിയാഴ്ച മൃതദേഹപരിശോധന പൂർത്തിയാക്കി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി അയക്കും. സഞ്ജിത്തിന്റെ അച്ഛൻ സുന്ദർരാജ് ഏഴുമാസം മുൻപാണ് മരിച്ചത്. അമ്മ: വാണി, സഹോദരി: രാമലക്ഷ്മി. ബാലമുരുകന്റെ അമ്മ: റാണി, സഹോദരൻ ശിവ.