മഞ്ചേശ്വരത്ത് 55-കാരനെ ഇന്ത്യക്കാരനല്ലാതാക്കാൻ BJP നീക്കം-എ.കെ.എം. അഷ്റഫ് എം.എൽ.എ

#ന്യൂസ് ഡെസ്ക്ക്
എ.കെ.എം. അഷ്‌റഫ് | Photo: Mathrubhumi
എ.കെ.എം. അഷ്‌റഫ് | Photo: Mathrubhumi

മഞ്ചേശ്വരം: മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ഇന്ത്യൻ പൗരനല്ലെന്ന പരാതി ഉന്നയിച്ചുവരെ വോട്ട് തള്ളിക്കാൻ ശ്രമം നടക്കുന്നതായി പരാതി. മണ്ഡലത്തിൽ വർഷങ്ങളായി സ്ഥിരതാമസമാക്കിയ ആളുടെ വോട്ടാണ് ഇന്ത്യൻ പൗരനല്ലെന്ന കാരണം ഉന്നയിച്ച് ഫോം ഏഴിൽ പരാതി നൽകി തള്ളിക്കാൻ നീക്കം നടക്കുന്നത്. ഇതേ ബൂത്തിലെ മറ്റ് ആറുപേരുടെ വോട്ട് സ്ഥിരമായി താമസം മാറിയെന്ന കാരണം പറഞ്ഞും തള്ളാൻ അപേക്ഷ നല്കിയിട്ടുണ്ട്. ഫോം ഏഴ് ദുരുപയോഗം ചെയ്ത് വ്യാജ പരാതി നൽകുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.കെ.എം. അഷ്റഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ യു.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് പരാതി നൽകി.

പൈവളിഗെ ഗ്രാമപ്പഞ്ചായത്തിലെ 128 എസ്.ആർ.എ.എൽ.പി. സ്‌കൂൾ ബൂത്തിലെ ഏഴുപേരുടെ വോട്ടുകളാണ് വോട്ടർപട്ടികയിൽനിന്ന് നീക്കാൻ ഫോം ഏഴിൽ അപേക്ഷ നൽകിയത്. ഇന്ത്യൻ പൗരനല്ലെന്ന കാരണം പറഞ്ഞാണ് കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന്റെ (55) വോട്ട് തള്ളാൻ അപേക്ഷ നൽകിയത്. കയ്യാർ ചെറോളിയിലെ നബീസ (75), പട്‌ളയിലെ മൊഹ്‌സീന സുനൈഫ, കൊളത്തോടിയിലെ അസ്മ, കെ.കെ. നഗറിലെ സഫിയ, സുബൈദ, ചെറോളിയിലെ കദീജത്ത് കുബ്ര എന്നിവരുടെ വോട്ടുകളാണ് സ്ഥിരമായി താമസം മാറിയെന്ന കാരണം പറഞ്ഞ് തള്ളാൻ അപേക്ഷ നൽകിയത്. ഇതേ ബൂത്തിലെ വോട്ടറായ ബി.ജെ.പി. ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയാണ് ഇവരുടെ വോട്ട് തള്ളാൻ അപേക്ഷ നല്കിയതെന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ. പറഞ്ഞു.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും കപ്പിനും ചുണ്ടിനുമിടയിലാണ് ബി.ജെ.പി. സ്ഥാനാർഥിക്ക് രണ്ടാം സ്ഥാനംകൊണ്ട്‌ തൃപ്തിപ്പെടേണ്ടിവന്നത്. 2016-ൽ 89, 2021-ൽ 745 വോട്ടുകൾക്കുമാണ് ബി.ജെ.പി.യുടെ മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന കെ. സുരേന്ദ്രൻ പരാജയപ്പെട്ടത്.

Content Highlights: Majeswaram Election Row: Allegations of Vote Manipulation Through Form 7 Complaints