വി.എസ് ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട നേതാവ്, സഹോദരതുല്യനായ സഖാവ്; അനുശോചനമറിയിച്ച്‌ എം.എ. യൂസഫലി

എം എ യൂസഫലിയും വി എസ് അച്യുതാനന്ദനും|ഫോട്ടോ: മാതൃഭൂമി
എം എ യൂസഫലിയും വി എസ് അച്യുതാനന്ദനും|ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മരണത്തിൽ  അനുശോചനം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് എന്നും ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. വി.എസ്സുമായി വളരെ അടുത്ത സ്നേഹബന്ധമുണ്ടായിരുന്നു. 2017-ൽ യു.എ.ഇ. സന്ദർശിച്ച അവസരത്തിൽ അബുദാബിയിലെ വസതിയിൽ വി എസ് എത്തിയത് ഓർമ്മയായി ഹൃദയത്തിൽ സൂക്ഷിക്കുന്നുന്നുവെന്നും യൂസഫലി ഓർമിച്ചു.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ  ചെയർമാനായിരുന്ന വിഎസിനൊപ്പം ഡയറക്ടര്‍ ബോർഡംഗമായി അഞ്ച് വർഷം അടുത്ത് പ്രവർത്തിച്ചിട്ടുണ്ട് . കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും അടുത്തിടപഴകാന്‍ ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ സംരംഭമായ തൃശൂർ ലുലു കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹമെത്തിയത് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെളിയിൽ നിന്നും വിരിയിച്ച താമര എന്നാണ്  കൺവെൻഷൻ സെന്ററിനെപ്പറ്റി അദ്ദേഹം പറഞ്ഞതെന്നും ബോൾഗാട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായപ്പോൾ തന്നെ സത്യസന്ധനായ കച്ചവടക്കാരൻ എന്നുപറഞ്ഞ്‌ വിശ്വസിച്ചിരുന്നെന്നും യൂസഫലി പറഞ്ഞു.
 
തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ  അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിയെപ്പറ്റി അന്വേഷിച്ചിരുന്നു. സഹോദരതുല്യനായ സഖാവ് വി.എസ്സിൻ്റെ ഈ വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്കും കേരള സമൂഹത്തിനും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Content Highlights: lulu group chairman ma yusafali gave condolence to vs achuthanandan