കുമ്പള ടോൾപ്ലാസ അടച്ചുപൂട്ടാൻ കേന്ദ്രം തീരുമാനിച്ചെന്ന് ബിജെപി; ഗതാഗത മന്ത്രി ഫയലിൽ ഒപ്പിട്ടു

#ന്യൂസ് ഡെസ്‌ക്
Photo: instagram.com/kasaragodupdates/
Photo: instagram.com/kasaragodupdates/

കുമ്പള: കടുത്ത ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ ദേശീയപാത 66-ലെ കുമ്പള ആരിക്കാടി ടോൾപ്ലാസ അടച്ചുപൂട്ടാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചതായി ബിജെപി സംസ്ഥാന നേതൃത്വം. കുമ്പള ടോൾ പ്ലാസ രണ്ട് ദിവസത്തിനകം അടച്ചുപൂട്ടാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉത്തരവിട്ടെന്നാണ് ബിജെപി നൽകുന്ന വിവരം. ടോൾ പ്ലാസ രണ്ടു ദിവസത്തിനകം അടച്ചുപൂട്ടാനുള്ള ഫയലിൽ നിതിൻ ഗഡ്കരി ഒപ്പുവെച്ചു. ബിജെപി സംസ്ഥാന നേതൃത്വത്തെ കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചതായും ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി വ്യക്തമാക്കി.

ജനകീയ പ്രതിഷേധങ്ങളെത്തുടർന്നാണ് ഈ തീരുമാനം. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ ബിജെപി നേതാക്കൾ ഇക്കാര്യം സ്ഥിരീകരിക്കുകയും ടോൾ പ്ലാസ പരിസരത്ത് ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. ടോൾ ബൂത്ത് ഉടൻ പൊളിച്ചുനീക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് കരുതുന്നത്.

കുമ്പള ആരിക്കാടി ടോൾപ്ലാസക്കെതിരേ വലിയ തോതിലുള്ള സമരപ്രക്ഷോഭങ്ങളും നിയമപോരാട്ടങ്ങളും കഴിഞ്ഞ കുറേക്കാലമായി നടന്നു വരികയായിരുന്നു. എൻഎച്ച്എഐ ആദ്യം വിട്ടുവീഴ്ചകൾക്ക് തയ്യാറായിരുന്നില്ലെങ്കിലും ശക്തമായ ജനവികാരത്തിന് മുൻപിൽ  വഴങ്ങുകയായിരുന്നു എന്നാണ് അറിയുന്നത്.

ഇവിടെ ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ പണമായി ടോൾ വാങ്ങുന്നത് നിർത്തിയിരുന്നു. രണ്ടു ദിവസം മുൻപ് ഫാസ്റ്റ് ടാഗ് വഴിയുള്ള ടോൾ പിരിവും നിർത്തിവെച്ചു. കുമ്പള ആരിക്കാടിയിലെ ഈ ടോൾ കോംപ്ലക്‌സ് വരും ദിവസങ്ങളിൽ തന്നെ പൂർണമായും പൊളിച്ചു മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം.

60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന കേന്ദ്ര സർക്കാർ നിർദേശം തന്നെ നിലനിൽക്കെ, തലപ്പാടിക്കു പുറമെ, കുമ്പള ആരിക്കാടിയിലും ടോൾ ബൂത്ത് സ്ഥാപിച്ച് വാഹനങ്ങളിൽനിന്നും പണപ്പിരിവ് ആരംഭിച്ചതാണ് കനത്ത പ്രതിഷേധങ്ങൾക്കിടയാക്കിയത്. പിന്നാലെ ജനുവരി ആദ്യ വാരം മുതൽ ടോൾപിരിവിനെതിരേ ജനകീയ പ്രക്ഷോഭങ്ങളും തുടങ്ങിയിരുന്നു.