ധനവകപ്പ് പണമനുവദിച്ചിട്ടും പെൻഷൻ വിതരണംചെയ്യാതെ കെ.എസ്.ആർ.ടി.സി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

എടപ്പാൾ: ധനകാര്യവകുപ്പ് കൃത്യസമയത്ത് പണം അനുവദിച്ചിട്ടും പെൻഷൻ നൽകാതെ കെ.എസ്.ആർ.ടി.സി. അധികൃതർ. മുൻ സർക്കാരിന്റെ കാലത്ത് പണം കിട്ടാനുള്ള കാലതാമസമായിരുന്നു കെ.എസ്.ആർ.ടി.സി. പെൻഷൻകാരെ പട്ടിണിയിലാക്കിയിരുന്നതെങ്കിൽ ഇപ്പോൾ തുക ധനകാര്യവകുപ്പ് അനുവദിച്ചാലും മാസാദ്യംതന്നെ വിതരണംചെയ്യാത്തതാണ് പ്രശ്നം.

ധനകാര്യവകുപ്പ് കഴിഞ്ഞ 30-ന് തന്നെ പെൻഷനുള്ള തുകയായ 74 കോടി രൂപ അനുവദിച്ചിരുന്നു. കെ.എസ്.ആർ.ടി.സി. മാനേജ്‌മെന്റ് പട്ടിക കൈമാറിയാൽ പണം ബാങ്കുകൾവഴി പെൻഷൻകാർക്ക് ലഭിക്കേണ്ടതാണ്. അത് ചെയ്യാത്തതാണ് പെൻഷൻ വൈകാൻ കാരണമെന്നാണ് ആരോപണം.

43,000-ത്തോളം പെൻഷൻകാരാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം പ്രയാസപ്പെടുന്നത്. 2011-ലെ നിരക്കനുസരിച്ചാണ് ഇപ്പോഴും പെൻഷൻ നൽകുന്നത്. മൂന്നുതവണ പരിഷ്കരിക്കാനുള്ള സമയം കഴിഞ്ഞെങ്കിലും ഇപ്പോഴും 1350 മുതൽ 4,000 രൂപവരെയാണ് ലഭിക്കുന്നത്. മറ്റു വരുമാനമൊന്നുമില്ലാത്ത പെൻഷൻകാരിൽ പലരും പ്രതിമാസം ലഭിക്കുന്ന തുച്ഛമായ ഈ തുകകൊണ്ടാണ് മരുന്നടക്കമുള്ള ജീവിതച്ചെലവുകൾ നടത്തുന്നത്.

ഓരോമാസവും ഈ തുക കാത്തിരിക്കുന്ന ഇവർക്ക് പല മാസങ്ങളിലും കൃത്യമായി തുക കിട്ടാറില്ല. ഈ പെൻഷനുള്ളതിനാൽ ഇതിനേക്കാൾ കൂടുതലുള്ള സാമൂഹിക സുരക്ഷാപെൻഷൻ വാങ്ങാനാവാത്ത സ്ഥിതിയുമാണ്.

Content Highlights: Over 43,000 KSRTC pensioners face severe hardship as the management delayed disbursing monthly pensions despite the Finance Department releasing ₹74 crore on time, leaving retirees struggling for daily expenses.