കെഎസ്ആർടിസി പെൻഷൻ മുടങ്ങി; വിനോദിന്റെ വീട് ഇരുട്ടിലായി

കുമരകം(കോട്ടയം): പെൻഷൻ മുടങ്ങിയതോടെ ഇരുട്ടിലായി കെഎസ്ആർടിസി റിട്ട.ജീവനക്കാരന്റെ വീട്. വൈദ്യുതിബില്ല് അടയ്ക്കാൻ സാധിക്കാതെ വന്നതോടെ ചീപ്പുങ്കൽ വലിയമടച്ചിറ വീട്ടിൽ വിനോദിന്റെ വീട്ടിലെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. ചൊവ്വാഴ്ച രാവിലെ 11-ന് കുമരകത്തുനിന്ന് എത്തിയ ഉദ്യോഗസ്ഥർ മീറ്ററിൽനിന്ന് സർവീസ് വയർ വിച്ഛേദിച്ചു. കുറച്ചുദിവസം സമയം തരണമെന്ന് വിനോദ് അഭ്യർഥിച്ചെങ്കിലും തങ്ങൾ നിസ്സഹായകരാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 776 രൂപയാണ് അടയ്ക്കേണ്ട തുക. പെൻഷൻ കിട്ടാതെ ഇതടയ്ക്കാൻ മറ്റുമാർഗമില്ലെന്ന് വിനോദ് പറയുന്നു.
എംപ്ലോയിമെന്റ് എക്സ്ചേഞ്ച് മുഖാന്തിരം 1996-ൽ കെഎസ്ആർടിസി ഡ്രൈവർ ജോലിയിൽ പ്രവേശിച്ച വിനോദ് 2011-ൽ സ്ഥിരം ജീവനക്കാരനായി. പൂർണ പെൻഷൻ ലഭിക്കാൻ ഒൻപതുവർഷവും ഒരു ദിവസവും ജോലി ചെയ്താൽ മതി. എന്നാൽ പത്തുവർഷവും നാലുമാസവും സർവീസുള്ള വിനോദിന് 15,000 രൂപയിലധികം തുക പെൻഷനായി കിട്ടണം. എന്നാൽ നിലവിൽ ലഭിക്കുന്ന പെൻഷൻ 4952 രൂപ മാത്രം.
ജോലിയിൽനിന്ന് വിരമിച്ചശേഷം സ്വകാര്യസ്ഥാപനത്തിൽ സെക്യൂരിറ്റി ജോലിയിൽ പ്രവേശിച്ചെങ്കിലും കേൾവിക്കുറവും കാഴ്ചക്കുറവുംമൂലം ജോലിയിൽ തുടരാനായില്ല. കിടപ്പുരോഗികളായ മാതാപിതാക്കളുടെ ചികിത്സയും ഭാര്യയുടെ രോഗാവസ്ഥയും ഈ കുടുംബത്തെ സാമ്പത്തിക ബാധ്യതയിലാക്കി.
Content Highlights: KSRTC retiree Vinod`s electricity cut off due to unpaid bills after pension delay