പുലർച്ചെ 2 മണിക്ക് 12കാരൻ KSRTC-യിൽ, കണ്ടക്ടറുടെ സംശയം തുണച്ചു; വീടുവിട്ടിറങ്ങിയ കുട്ടിയെ കണ്ടെത്തി

എഐ ചിത്രം
എഐ ചിത്രം

കൊല്ലം: കൊല്ലത്തുനിന്ന് വീടുവിട്ടിറങ്ങിയ 12-കാരനെ കെഎസ്ആർടിസി ബസിലെ ജീവനക്കാരുടെ സമയോചിത ഇടപെടൽമൂലം കണ്ടെത്തി. കഴിഞ്ഞദിവസമാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലേക്ക് സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് ബസിൽ കരുനാഗപ്പള്ളി സ്റ്റാൻഡിൽനിന്ന് പുലർച്ചെ രണ്ടിനാണ് 12 വയസ്സുള്ള ആൺകുട്ടി കയറിയത്. ഫോർട്ട് കൊച്ചിയിലേക്ക് പോകാനാണെന്നുപറഞ്ഞ കുട്ടി എറണാകുളത്തേക്ക്‌ ടിക്കറ്റ് എടുത്തു.

ഈസമയത്ത് കുട്ടി ഒറ്റയ്ക്ക് ബസിൽ കയറിയതിലും പെരുമാറ്റത്തിലും കണ്ടക്ടർ ജിജിന് സംശയംതോന്നി. കുട്ടി അറിയാതെതന്നെ തൊട്ടടുത്തുള്ള യാത്രക്കാരനോട് കുട്ടിയെ ശ്രദ്ധിക്കണമെന്ന് അറിയിച്ചു. തുടർന്ന് ഡ്രൈവർ ബിജുവിനോടും വിവരം പറഞ്ഞു. തുടർന്ന് കെഎസ്ആർടിസിയിൽ അറിയിച്ചു. അവിടെനിന്നുള്ള നിർദേശപ്രകാരം പോലീസ് കൺട്രോൾ റൂമിലും വിവരമറിയിച്ചു. ബസ് വൈറ്റിലയിൽ എത്തിയപ്പോൾ തേവര കൺട്രോൾ റൂമിലെ എഎസ്‌ഐ കെ.പി. ജിജോയുടെ നേതൃത്വത്തിൽ പോലീസെത്തി കുട്ടിയെ ഏറ്റെടുത്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ വീട് കൊല്ലത്താണെന്ന് വ്യക്തമായി.

ഇതേസമയം, കുട്ടിയെ കാണാനില്ലെന്നുകാണിച്ച് കുട്ടിയുടെ വീട്ടുകാർ കൊല്ലം പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസ് അറിയിച്ചതനുസരിച്ച് കുട്ടിയുടെ വീട്ടുകാർ തേവരയിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുവന്നു.

Content Highlights: 12-Year-Old Found Safe on KSRTC Bus