പന്നിയങ്കരയിൽ 20 KSRTC ബസ്സുകൾ ഫാസ്ടാഗില്ലാതെ കുടുങ്ങി, സഹികെട്ട് യാത്രക്കാർ

#ന്യൂസ് ഡെസ്ക്
ഫാസ്ടാഗിൽ പണമില്ലാത്തതിനെത്തുടർന്ന് പന്നിയങ്കര ടോൾ കേന്ദ്രം കടക്കാനാകാതെ സർവീസ് നിർത്തിയ കെ.എസ്.ആർ.ടി.സി. ബസിൽനിന്നും യാത്രക്കാരെ ഇറക്കിയപ്പോൾ
ഫാസ്ടാഗിൽ പണമില്ലാത്തതിനെത്തുടർന്ന് പന്നിയങ്കര ടോൾ കേന്ദ്രം കടക്കാനാകാതെ സർവീസ് നിർത്തിയ കെ.എസ്.ആർ.ടി.സി. ബസിൽനിന്നും യാത്രക്കാരെ ഇറക്കിയപ്പോൾ

വടക്കഞ്ചേരി: ഫാസ്ടാഗിൽ പണമില്ലാത്തതിനെത്തുടർന്ന് പന്നിയങ്കര ടോൾ കേന്ദ്രത്തിൽ ഇരുപതോളം കെ.എസ്.ആർ.ടി.സി. ബസുകൾ കുടുങ്ങി. ചൊവ്വാഴ്ച രാവിലെ ഒൻപതിനും 11-നും ഇടയിലാണ് സംഭവം. ഭൂരിഭാഗം ബസുകളും തൃശ്ശൂർ ഡിപ്പോയുടെ കീഴിലുള്ളവയായിരുന്നു. ഫാസ്ടാഗിൽ പണമില്ലെന്ന വിവരം ഡിപ്പോ അധികൃതരെ അറിയിച്ച് തുക കയറ്റുന്നതുവരെ ടോൾ കേന്ദ്രത്തിൽ കാത്തുകിടക്കേണ്ട സ്ഥിതിയുമായി.

ഏറെ നേരം കാത്തുകിടക്കേണ്ടി വന്നതോടെ പല യാത്രക്കാരും സ്വകാര്യ ബസുകളിൽ യാത്ര തുടർന്നു. ആദ്യം കുടുങ്ങിയ ബസിന്റെ ഫാസ്ടാഗ് റീചാർജ് ചെയ്യാൻ കഴിയാതിരുന്നതിനെത്തുടർന്ന് സർവീസ് നിർത്തുകയും യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിടുകയും ചെയ്തു. ഫാസ്ടാഗ് റീചാർജ് ചെയ്യാൻ ഏറെ സമയമെടുക്കുന്നതിനെത്തുടർന്ന് ഡിപ്പോയിൽനിന്നുള്ള നിർദേശപ്രകാരം കുറച്ചു ബസുകളിലെ കണ്ടക്ടർമാർ തത്‌സമയം ഓൺലൈൻ വഴി ടോൾ കേന്ദ്രത്തിൽ പണമടച്ച് കടന്നുപോയി.

ഫാസ്ടാഗിൽ പണമില്ലാതെ കെ.എസ്.ആർ.ടി.സി. ബസുകൾ ഇടയ്ക്കിടെ ടോൾ കേന്ദ്രത്തിൽ കുടുങ്ങുന്നത് പതിവാണെങ്കിലും ഇത്രയധികം ബസുകൾ ഒരുമിച്ച് കുടുങ്ങുന്നത് ആദ്യമാണ്.

ഒരാഴ്ച മുൻപ് ഫാസ്ടാഗിൽ പണമില്ലാത്തതിനെത്തുടർന്ന് സർവീസ് നിർത്തിയ ബസിൽനിന്നും യാത്രക്കാരെ അടുത്ത ട്രാക്കിലെത്തിയ കെ.എസ്.ആർ.ടി.സി. ബസിൽ കയറ്റി വിടുന്നതിനായി പോയ കണ്ടക്ടറും യാത്രക്കാരനും ബസ് തട്ടിവീണ് പരിക്കേറ്റ സംഭവം നടന്നിരുന്നു. യാത്രക്കാരെ കയറ്റുന്ന കാര്യം ഡ്രൈവറോട് ചോദിക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്ത് പോവുകയായിരുന്നു.

Content Highlights: Around 20 KSRTC buses got stuck at Panniyankara toll plaza due to lack of FASTag balance., The incident occurred between 9 AM and 11 AM,