രാത്രി റോഡരികില്‍ പഴ്സ് കണ്ട് KSRTC ബസ് നിര്‍ത്തി; തിരികെ കിട്ടിയത് പോയെന്നുറപ്പിച്ച ഫോണും രേഖകളും

കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് | Photo: Facebook/KSRTC
കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് | Photo: Facebook/KSRTC

തിരുവമ്പാടി: രാത്രി റോഡരികില്‍ പഴ്സ് കിടക്കുന്നതുകണ്ട ഉടന്‍ ഡ്രൈവര്‍ ബസ് നിര്‍ത്തി. കണ്ടക്ടറെക്കൊണ്ട് പഴ്സെടുപ്പിച്ച് സമീപപ്രദേശത്ത കടയില്‍ ഏല്‍പ്പിച്ചു, ഒടുവില്‍ ഉടമയെയും കണ്ടെത്തി. കട്ടപ്പന-ആനക്കാംപൊയില്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസ് ജീവനക്കാരാണ് വേറിട്ടമാതൃക തീര്‍ത്തത്. 

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ബസ് ആനക്കാംപൊയിലിലേക്ക് പോകവെയാണ് തിരുവമ്പാടി പെരുമാലിപ്പടി ബസ് സ്റ്റോപ്പ് കഴിഞ്ഞ് കലുങ്കിന് സമീപമെത്തിയപ്പോള്‍ റോഡരികില്‍ പഴ്സ് വീണുകിടക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ വണ്ടിനിര്‍ത്തുകയായിരുന്നു. 

കെ.എസ്.ആര്‍.ടി.സി. കട്ടപ്പന ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറുമായ പ്രിയന്‍ മാത്യു, സജി ജേക്കബ് എന്നിവരാണ് മൊബൈല്‍ഫോണും പണവും ഒട്ടേറെ വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് ഉടമസ്ഥന് ഉടന്‍ തിരിച്ചുലഭിക്കാന്‍ നിമിത്തമായത്. കറ്റിയാട് മലബാര്‍ ഹോട്ടല്‍ ഉടമ തുമ്പക്കോട് അജയ് കുമാറിന്റെ പഴ്സാണ് ബൈക്കില്‍ വീട്ടിലേക്കുപോകവേ കളഞ്ഞുപോയത്. 

വിലയേറിയ മൊബൈല്‍ ഫോണ്‍, മൂവായിരം രൂപ, എ.ടി.എം. കാര്‍ഡ്, ലൈസന്‍സ് തുടങ്ങിയ രേഖകളടങ്ങിയ പഴ്സാണ് പാന്റിന്റെ കീശയില്‍നിന്ന് റോഡരികിലേക്ക് വീണുപോയത്. ഏറെദൂരം പിന്നിട്ട് വീട്ടിലേക്കുള്ള വഴിമധ്യേയാണ് പഴ്സ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെടുന്നത്. 

ഉടന്‍ മറ്റൊരു ഫോണില്‍നിന്ന് സ്വന്തം ഫോണിലേക്ക് വിളിച്ചു. സമീപപ്രദേശമായ അത്തിപ്പാറയിലെ കടയുടമ സന്തോഷാണ് ഫോണെടുത്തത്. ബസ് ജീവനക്കാര്‍ ഉടമയെ കണ്ടെത്താന്‍ പഴ്സ് അവിടെ ഏല്‍പ്പിച്ച വിവരം അപ്പോഴാണറിഞ്ഞത്. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരോടുള്ള നന്ദിപ്രകടനം വാക്കുകളിലൊതുക്കാന്‍ പറ്റുന്നതല്ലെന്ന് അജയ് കുമാര്‍ പറഞ്ഞു.

Content Highlights: KSRTC bus driver and conductor found a lost purse on the road