കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടഭാഗം തകർന്നുവീണുണ്ടായ അപകടം: മരണം നാലായി

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡ് തകർന്നുവീണുണ്ടായ അപകടത്തിൽ മരണം നാലായി. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദ് (55) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്. കിണാശേരി, അത്തോളി സ്വദേശികളായ അഷ്റഫ്, ജബ്ബാർ, ബഷീർ എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റു മൂന്നുപേർ.
കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് സൺഷെയ്ഡ് തകർന്നുവീഴുകയായിരുന്നു. കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയർഫോഴ്സും ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡാണ് തകർന്നുവീണത്.
പൊളിച്ചുമാറ്റാനിരുന്ന കെട്ടിടമാണിത്. കെട്ടിടം ഒഴിയാൻ കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു എന്നാണ് വിവരം. പഴയ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. കെട്ടിടം ഒഴിയാനുള്ള നിർദേശം ചില വ്യാപാരികൾ അവഗണിച്ചെന്ന് നാട്ടുകാർ ആരോപിക്കുന്നു.
എന്നാൽ കെട്ടിടം ഒഴിപ്പിക്കാൻ കോർപ്പറേഷൻ നടപടി എടുത്തില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
നിരവധി വ്യാപാര സ്ഥാപനങ്ങൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. വലിയങ്ങാടിയിലെ തൊഴിലാളികൾ സാധാരണ വിശ്രമിക്കാറുള്ളത് ഈ കെട്ടിടത്തിനു പുറത്താണ്. ഒട്ടനവധി ഇരുചക്ര വാഹനങ്ങളും തകർന്ന സ്ലാബുകൾക്കുള്ളിൽ കുടുങ്ങിയിരുന്നു.
Content Highlights: Kozhikode Building Collapse: Four Dead as Sunshade Falls on Workers