കോട്ടയം-നിലമ്പൂർ എക്‌സ്പ്രസിന് 3 സ്റ്റോപ്പുകൾ കൂടി; നിലമ്പൂരിലേക്ക് നീട്ടിയത് എറണാകുളം മെമു തന്നെ

നിലമ്പൂര്‍: കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിനിന് മൂന്നു സ്റ്റേഷനുകളില്‍ക്കൂടി സ്റ്റോപ്പ് അനുവദിച്ചു. കുലുക്കല്ലൂര്‍, പട്ടിക്കാട്, മേലാറ്റൂര്‍ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്. നിലമ്പൂര്‍-കോട്ടയം സര്‍വീസിനും ഇവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
നിലവില്‍ ഈ സര്‍വീസുകള്‍ക്ക് ഷൊര്‍ണൂര്‍-നിലമ്പൂര്‍ റൂട്ടില്‍ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് സ്റ്റോപ്പുള്ളത്. മൂന്നു സ്റ്റോപ്പുകള്‍ കൂടി അനുവദിച്ചതോടെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും. അതേസമയം എന്നുമുതല്‍ ഈ സ്റ്റോപ്പുകളില്‍ ട്രെയിന്‍ നിര്‍ത്തിത്തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
എറണാകുളം മെമു തന്നെ നിലമ്പൂരിലേക്ക് നീട്ടും
നിലമ്പൂര്‍: ഷൊര്‍ണൂരില്‍നിന്ന് നിലമ്പൂരിലേക്ക് പുതിയതായി അനുവദിച്ച മെമു എറണാകുളത്തുനിന്നുള്ളതുതന്നെ നിലമ്പൂര്‍ക്ക് നീട്ടി ഉത്തരവായി. അതനുസരിച്ച് എറണാകുളത്തുനിന്ന് പുറപ്പെട്ട് രാത്രി എട്ടരയ്ക്ക് ഷൊര്‍ണൂരിലെത്തുന്ന ട്രെയിന്‍തന്നെയായിരിക്കും നിലമ്പൂരിലേക്ക് വരിക. രണ്ട് നമ്പര്‍ ഉണ്ടാകുമെങ്കിലും എറണാകുളത്തുനിന്നുള്ള യാത്രക്കാര്‍ക്ക് ട്രെയിന്‍ മാറാതെത്തന്നെ നിലമ്പൂരിലേക്ക് എത്താം. നേരത്തേ വണ്ടി പ്രഖ്യാപിച്ചപ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമായിരുന്നില്ല. എന്നാല്‍ വ്യാഴാഴ്ചതന്നെ ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് റെയില്‍വേ ഇറക്കുകയായിരുന്നു.
Content Highlights: Kottayam-Nilambur Express now stops at Kulukkalloor, Pattikkad, and Melattur