ആദ്യശമ്പളം അമ്മയെ ഏൽപ്പിക്കാൻ ആഗ്രഹിച്ചു, ആശുപത്രിയിലെത്തിയ നവനീതിനുമുന്നിൽ അമ്മയുടെ ചലനമറ്റശരീരം

തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളേജിലെ അപകടവിവരമറിഞ്ഞ് ഓടിയെത്തിയതായിരുന്നു നവനീത്. കണ്മുന്നിൽ അമ്മ ബിന്ദുവിന്‍റെ ചലനമറ്റ ശരീരം. കഴിഞ്ഞദിവസം കിട്ടിയ ആദ്യശമ്പളം അമ്മയെ ഏൽപ്പിക്കണമെന്ന നവനീതിന്‍റെ ആഗ്രഹം ഇനി യാഥാർഥ്യമാകില്ല. താൻ കഷ്ടപ്പെട്ട് പഠിപ്പിച്ച് എൻജിനീയറാക്കിയ മകന്‍റെ ആദ്യശമ്പളം ഏറ്റുവാങ്ങാൻ ഇനി ബിന്ദുവില്ല...
എൻജിനീയറിങ് പഠനത്തിന് ശേഷം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തുവരികയായിരുന്നു നവനീത്. കഴിഞ്ഞദിവസമാണ് ആദ്യ ശമ്പളം ലഭിച്ചത്. സഹോദരിയും അമ്മയും ആശുപത്രിയിലായതിനാൽ അവരെ ഏൽപ്പിക്കാമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാൽ, ആശുപത്രിയിലെത്തിയ നവനീത് കണ്ടത് അമ്മയുടെ ചലനമറ്റ ശരീരമായിരുന്നു. മരിച്ചത് ബിന്ദുവാണെന്ന് ആദ്യം തിരിച്ചറിഞ്ഞതും നവനീതാണ്.
മക്കളുടെയും തന്‍റെയും അമ്മയുടേയുമടക്കം കുടുംബത്തിന്റെ എല്ലാക്കാര്യങ്ങളും നോക്കിയിരുന്നത് ബിന്ദുവായിരുന്നെന്ന് ഭർത്താവ് വിശ്രുതൻ പറഞ്ഞു. 300 രൂപയായിരുന്നു ദിവസക്കൂലി. കാല് വയ്യാത്തതുകൊണ്ട് ഓട്ടോയിൽ ആണ് പോകാറ്. ബാക്കിയുള്ളത് 250 രൂപയാണ്. എല്ലാക്കാര്യങ്ങളും അവൾ നടത്തുന്നത് ഈ 250 രൂപകൊണ്ടാണ്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പിലെ ബിന്ദുവിന്റെ ഭർത്താവ് കണ്ണീരോടെയാണ് കാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ചത്.
മേസ്തിരിപ്പണിക്കാരനാണ് വിശ്രുതൻ. തലയോലപ്പറമ്പിലെ വസ്ത്രശാലയിലാണ് ബിന്ദു ജോലിചെയ്തിരുന്നത്. തുച്ഛമായ വരുമാനത്തിൽ മിച്ചംവെച്ച് ബിന്ദുവും വിശ്രുതനും മക്കളെ പഠിപ്പിച്ചു. നവമി ആന്ധ്രാപ്രദേശിലെ സ്വകാര്യ നഴ്‌സിങ് കോളേജിലെ അവസാനവർഷ വിദ്യാർഥിനിയായിരുന്നു.
ചൊവ്വാഴ്ചയാണ് നവമിയുടെ നട്ടെല്ലിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ബിന്ദുവും വിശ്രുതനും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നത്. അന്നുമുതൽ ഇരുവരും നവമിയോടൊപ്പം ആശുപത്രിയിലായിരുന്നു. വീട്ടിൽ ആരും ഇല്ലാത്തതിനാൽ ബിന്ദുവിന്‍റെ അമ്മ സീതാലക്ഷ്മിയെ സമീപത്തുള്ള ബന്ധുവിന്റെ വീട്ടിലാക്കിയിട്ടാണ് ഇവർ പോയത്.
കുടുംബപരമായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് പണിപൂർത്തിയാകാത്ത ചെറിയവീട്ടിലാണ് ബിന്ദുവും ഭർത്താവ് വിശ്രുതനും സീതാലക്ഷ്മിയും മക്കളായ നവമിയും നവനീതും താമസിക്കുന്നത്.
Content Highlights: kottayam medical collage building collapse death victim bindu family news updates