'സമയത്ത് തിരച്ചിൽനടത്തിയെങ്കിൽ ജീവനോടെ കിട്ടുമായിരുന്നു, മന്ത്രിമാർ വിളിക്കുകയോ വരികയോ ചെയ്തില്ല'

വിശ്രുതൻ
വിശ്രുതൻ

കോട്ടയം: നേരത്തേ തന്നെ തിരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഭാര്യയെ ജീവനോടെ കിട്ടുമായിരുന്നുവെന്ന് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. തിരച്ചിൽ നടത്തേണ്ടസമയത്ത് കെട്ടിടം ഉപയോഗശൂന്യമാണെന്ന് കള്ളം പറയാനാണ് അവർ ശ്രമിച്ചത്. ഏതെങ്കിലും മന്ത്രി വിളിക്കുകയോ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ തന്നെ കാണാന്‍വരികയോ ചെയ്തില്ലെന്നും വിശ്രുതന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

അമ്മ ശുചിമുറിയില്‍ മുഖം കഴുകാന്‍ പോയതാണെന്നാണ് മകള്‍ പറഞ്ഞത്. അപ്പോഴാണ് അത് ഇടിയുന്നത്. അപ്പോള്‍ത്തന്നെ തിരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ, ജീവനോടെ കിട്ടുമായിരുന്നു. അന്നേരവും അവര്‍ ഈ കെട്ടിടം ഉപയോഗശൂന്യമാണെന്ന് കള്ളം പറയാനാണ് ശ്രമിച്ചത്. ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയില്ല എന്ന് ഉയര്‍ത്തിക്കാണിക്കാനാണ് അങ്ങനെ പറഞ്ഞതെന്നാണ് കരുതുന്നത്. രാവിലെ അവിടെ കുളിക്കാന്‍ പോയവരുണ്ടെന്ന കാര്യം അവിടെയുണ്ടായിരുന്നവർ പറഞ്ഞിരുന്നെന്നും വിശ്രുതന്‍ പറഞ്ഞു. 

സാമ്പത്തിസഹായത്തിന്‍റെ കാര്യം മുഖ്യമന്ത്രി, സൂപ്രണ്ട് എന്നിവരെല്ലാം ചേര്‍ന്ന് തീരുമാനിക്കുമെന്നാണ് അറിയിച്ചതെന്നും വിശ്രുതൻ പറഞ്ഞു. സിപിഎം നേതാക്കള്‍ വന്നിരുന്നെന്നും മകളുടെ ശസ്ത്രക്രിയയ്ക്കും മറ്റുമുള്ള സഹായങ്ങൾ ചെയ്യാമെന്ന് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് പോവാനുള്ളതൊക്കെ പോയില്ലേ. സംഭവത്തിന് ശേഷം ഏതെങ്കിലും മന്ത്രി വിളിക്കുകയോ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ വന്നു കാണുകയോ ചെയ്തില്ല. രണ്ടുദിവസം കഴിഞ്ഞാല്‍ ഇതൊക്കെ മറന്നുപോവുന്ന സ്ഥിതിയുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: kottayam govt medical college building collapse husband grieves