അവിശ്വാസപ്രമേയത്തെ പിന്തുണച്ച് സിപിഎം വിമത കലാ രാജു; കൂത്താട്ടുകുളത്ത് ഇടതിന് ഭരണം നഷ്ടമായി

കല രാജു
കല രാജു

കോട്ടയം: കൂത്താട്ടുകുളത്ത് എൽഡിഎഫിന് ഭരണം നഷ്ടമായി. സിപിഎം വിമത കലാ രാജുവും സ്വതന്ത്ര അം​ഗവും പിന്തുണച്ചതോടെ അവിശ്വാസപ്രമേയം പാസാകുകയായിരുന്നു. ചെയർപേഴ്സണെതിരായ അവിശ്വാസമാണ് പാസായത്. വൈസ് ചെയർമാനെതിരായ അവിശ്വാസപ്രമേയം ഉച്ചയ്ക്ക് ശേഷം ചർച്ചയ്ക്കെടുക്കും.

മുമ്പ് എൽഡിഎഫ് ഭരണസമിതിക്കെതിരെ  അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കാനിരിക്കെ സിപിഎം കൗൺസിലർ കലാ രാജുവിനെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ട് പോകുകയും സ്ത്രീയാണെന്ന പരിഗണന പോലും തരാതെ വസ്ത്രം പിടിച്ച് വലിക്കുകയും ബലമായി പിടിച്ച് വണ്ടിയിൽ കയറ്റിക്കൊണ്ടുപോകുകയും ചെയ്തതായി ആരോപണം ഉയർന്നിരുന്നു.

പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഒരു സ്ത്രീയോട് പാർട്ടി ഇങ്ങനെയാണ് ചെയ്യുന്നതെങ്കിൽ ഇതാണ് തന്റെ പ്രതികരണമെന്നും മനസാക്ഷിക്ക് യോജിച്ചപോലെയാണ് അവിശ്വാസത്തെ പിന്തുണച്ചതെന്നും കലാ രാജു പറഞ്ഞു. സിപിഎം ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ഇനി ഒരു സ്ത്രീക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. സിപിഎം ചോദിച്ചുമേടിച്ച പരാജയമാണ്. താൻ പ്രവർത്തിച്ച പാർട്ടിയാണ് തന്നെ ചതിച്ചത്. വിപ്പ് ലഭിച്ചിട്ടില്ലെന്നും അയോ​ഗ്യത നടപടികളെ നേരിടാൻ തയ്യാറാണെന്നും അവർ പറഞ്ഞു. ഇനി യുഡിഎഫിനൊപ്പമായിരിക്കും പ്രവർത്തനം എന്നും കലാ രാജു സൂചിപ്പിച്ചു.

Content Highlights: CPM rebel Kala Raju supports no-confidence motion, leading to LDF losing power in Koothattukulam