റാങ്ക് പട്ടിക കാലാവധി നീട്ടൽ: സർക്കാർ ശുപാർശ പി.എസ്.സി. തള്ളി

തിരുവനന്തപുരം: അധ്യാപക റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസം നീട്ടാനുള്ള സർക്കാർ ശുപാർശ പി.എസ്.സി. തള്ളി. പ്രത്യേക കാലയളവിൽ റദ്ദാകുന്ന റാങ്ക് പട്ടികകളിൽ, ചിലതുമാത്രം കാലാവധി നീട്ടാൻ ചട്ടമനുവദിക്കുന്നില്ലെന്ന് പി.എസ്.സി. യോഗം വിലയിരുത്തി. ഇക്കാര്യമറിയിച്ച് സർക്കാരിന് കത്തുനൽകും.
പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ അധ്യാപക തസ്തികകളുടെ 18 കാറ്റഗറികളിലെ റാങ്ക് പട്ടികകൾക്ക് ആറുമാസം അധികമനുവദിക്കാൻ സെപ്റ്റംബർ രണ്ടിലെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി തികയ്ക്കുന്ന 102 പട്ടികകൾക്കായിരുന്നു ഇത്.
നീട്ടാൻ സർക്കാർ ഉദ്ദേശിച്ചവയിൽ ആറ് പട്ടികകൾ ഇതിനിടെ റദ്ദായി. പുതിയ പട്ടിക പി.എസ്.സി. പ്രസിദ്ധീകരിക്കുകയുംചെയ്തു. മറ്റ് എട്ട് റാങ്ക് പട്ടികകളുടെ കാലാവധി ഈയാഴ്ച അവസാനിക്കും. അഞ്ചെണ്ണം ഈ മാസം അവസാനം റദ്ദാകും. ഇങ്ങനെ സെപ്റ്റംബറിൽമാത്രം 19 പട്ടികകൾ റദ്ദാകും. ഒരിക്കൽ റദ്ദായവയുടെ കാലാവധി പി.എസ്.സി.ക്ക് നീട്ടാനാകില്ല. സർക്കാർ ശുപാർശ പി.എസ്.സി. അംഗീകരിച്ചാലേ അധിക കാലാവധി ലഭിക്കൂ.
അതിനിടെ, അധ്യാപക റാങ്ക് പട്ടികകൾക്ക് അധിക കാലാവധി നൽകണമെന്ന നിർദേശം പിൻവലിച്ച് നിയമപ്രശ്നമൊഴിവാക്കി പുതുക്കിനൽകാൻ സർക്കാർ നീക്കംതുടങ്ങി. മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പി.എസ്.സി.യുമായി കൂടിയാലോചിച്ചാകും ഇതിൽ തീരുമാനമെടുക്കുക.
Content Highlights: Kerala PSC rejected the government recommendation to extend teacher rank lists by six months., PSC stated that rules do not permit extending only selected rank lists that expire within a specific period., 18 categories of teacher rank lists were considered in the cabinet decision., The government is reportedly planning to withdraw or revise the recommendation to avoid legal issues.