അമ്പാനെ ശ്രദ്ധിക്കണ്ടെ..'കെടാത്ത തീയും ചാകാത്ത പുഴുവും'; സഭയിൽ വിഎസിന്റെ പ്രസംഗം ഓര്‍മിപ്പിച്ച് റോജി

തിരുവനന്തപുരം: യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തെ ബാര്‍ കോഴ ആരോപണത്തില്‍ നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസംഗങ്ങള്‍ ഭരണപക്ഷത്തെ ഓര്‍മിപ്പിച്ച് പ്രതിപക്ഷം. സര്‍ക്കാരിന്റെ മദ്യനയത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് റോജി എം. ജോണ്‍ അവതരിപ്പിച്ച പ്രസംഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസിനും എക്‌സൈസ് മന്ത്രി എം.ബി. രാജേഷിനും വിമര്‍ശനമുള്ളത്. സര്‍ക്കാരിന്റെ അഴിമതിക്കും ദുര്‍ഭരണത്തിനും എതിരായി പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് കരുത്തുപകരുന്ന ജനവിധിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു സഭയില്‍ റോജി പ്രസംഗം ആരംഭിച്ചത്.
2015 മാര്‍ച്ച് 10-ന് സഭയില്‍ വി.എസ്. നടത്തിയ പ്രസംഗം വായിച്ചുകൊണ്ടാണ് റോജി വിഷയത്തിലേക്ക് കടന്നത്. 'കെ.എം. മാണിയും ഉമ്മന്‍ചാണ്ടിയും പി.സി. ജോര്‍ജുമൊക്കെ വിശുദ്ധഗ്രഥം നന്നായി വായിച്ചുപഠിച്ചിട്ടുള്ളവരല്ലേ. അതില്‍ മത്തായിയുടെ സുവിശേഷത്തില്‍നിന്ന് ഒരു വാചകം ഉദ്ധരിക്കാം. ഒരു മനുഷ്യന്‍ ഈ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാല്‍ എന്ത് പ്രയോജനമാണെന്നാണ് പറയുന്നത്. വചനം സത്യമായി അനുഭവപ്പെടുന്ന ഒരു കാലം വരും മിസ്റ്റര്‍ മാണി. കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തില്‍ മാണി വീണുപോകുന്നത് എനിക്ക് ഓര്‍ക്കാന്‍പോലും കഴിയുന്നില്ല. കെടാത്ത തീയും ചാകാത്ത പുഴുവും...' എന്ന വി.എസിന്റെ പ്രസംഗത്തിലെ ഭാഗമാണ് റോജി ഉദ്ധരിച്ചത്.
മുഖ്യമന്ത്രിയോടും മന്ത്രിമാരായ എം.ബി. രാജേഷിനോടും മുഹമ്മദ് റിയാസിനോടും തങ്ങള്‍ക്ക് പറയാനുള്ളത് ഇതുതന്നെയാണ്. കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തില്‍ നിങ്ങള്‍ വീണുപോകരുത്. അടുത്ത ദിവസങ്ങളിലെ ശബ്ദസന്ദേശം എങ്ങനെയാണോ പുറത്തുവന്നത്, സമാനരീതിയില്‍ വന്ന ശബ്ദരേഖകളുടെയൊക്കെ അടിസ്ഥാനത്തിലാണ് കെ.എം. മാണിക്കെതിരെ ഇന്നത്തെ ഭരണപക്ഷം അന്ന് ബാര്‍ക്കോഴ ആരോപണം ഉന്നയിച്ചത്. കേരളം മുമ്പെങ്ങും കണ്ടില്ലാത്തവിധം കോലാഹലങ്ങള്‍ക്ക് കേരളം സാക്ഷ്യംവഹിച്ചു. അന്ന് നിയമസഭപോലും തല്ലിതകര്‍ത്ത, സ്പീക്കര്‍ ഇരിക്കുന്ന കസേരപോലും തല്ലിതകര്‍ക്കുന്ന സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവവികാസങ്ങള്‍ക്ക് നിയമസഭ സാക്ഷ്യം വഹിച്ചത് ഈ ബാര്‍ക്കോഴ അഴിമതി ആരോപണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
'അന്ന് വി.എസ്. നടത്തിയ മറ്റൊരു പ്രസ്താവനകൂടെയുണ്ട്. കോഴവാങ്ങിയ മാണി, കോഴപ്പണം എണ്ണാന്‍ സ്വന്തമായി യന്ത്രം സൂക്ഷിച്ചിരിക്കുന്ന മാണി, ബജറ്റ് വിറ്റ് കാശാക്കുന്ന മാണി, ഇത്രയും കൊള്ളരുതായ്മകള്‍ക്കൊണ്ട് മുഖംവികൃതമായ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ല എന്നാണ് പറഞ്ഞത്. നിത്യവും ചെയ്യുന്ന കര്‍മ്മഫലം, കര്‍ത്താവൊഴിഞ്ഞു മറ്റന്യന്‍ ഭുജിക്കുമോ, താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍, താന്താനനുഭവിച്ചീടുകന്നേ വരൂ, എന്നാണ് ഓര്‍മിപ്പിക്കാനുള്ളത്', റോജി കൂട്ടിച്ചേര്‍ത്തു.
എല്ലാ തെളിവുകളും ഇവിടെയുണ്ട്. എന്തുകൊണ്ട് അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല?പണം ആര്‍ക്ക് കൊടുക്കണമെന്ന് പോലും പറയാത്ത സന്ദേശത്തെക്കുറിച്ചാണ് ചര്‍ച്ചയെന്നാണ് മന്ത്രി സഭയില്‍ പറഞ്ഞത്. മനസിലാകാത്തത് എക്‌സൈസ് മന്ത്രിക്കുമാത്രമാണെന്നും റോജി പരിഹസിച്ചു.
മദ്യനയുവമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. ജനുവരിയിലും മാര്‍ച്ചിലും ചീഫ് സെക്രട്ടറി യോഗം വിളിച്ചു. ടൂറിസം ഡയറക്ടര്‍ മേയില്‍ യോഗം വിളിച്ചു. സ്‌റ്റേക് ഹോള്‍ഡേഴ്‌സുമായി ചര്‍ച്ച നടത്തിയെന്നാണ് ചീഫ് സെക്രട്ടറിയുടെ വാര്‍ത്താക്കുറിപ്പ്. മദ്യനയത്തില്‍ ടൂറിസം വകുപ്പിന് എന്താണ് കാര്യം? എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് റിയാസാണോ രാജേഷാണോ എന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സംശയമുണ്ട്. വകുപ്പ് ആരുടെ കൈയ്യിലാണെന്ന് മന്ത്രിമാരോ മുഖ്യമന്ത്രിയോ വ്യക്തമാക്കിയാല്‍ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
'ജനിക്കാത്ത മദ്യനയത്തിന്റെ ജാതകം ചമയ്ക്കുന്നവരോട് എന്നായിരുന്നു മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ തലക്കെട്ട്. അങ്ങയുടെ വകുപ്പില്‍ കുഞ്ഞ് ജനിച്ചു, ഇനി അച്ഛനാരാണെന്ന് അന്വേഷിച്ചാല്‍ മതി. വേറെ ആളുകളാണ് കാര്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ...',
നോട്ടെണ്ണുന്ന മെഷീന്‍ ഇരിക്കുന്നത് എ.കെ.ജി. സെന്ററിലാണോ ക്ലിഫ് ഹൗസിലാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിശദമായ അന്വേഷണം വേണം. വിജിലന്‍സ് പരിശോധനവേണം. ജുഡീഷ്യല്‍ അന്വേഷണം നടക്കണമെന്നും റോജി ആവശ്യപ്പെട്ടു.
Content Highlights: Kerala Niyamasabha: Liquor policy adjournment motion, Roji reminds VS