ഇഡി ഭയപ്പെടുത്തുകയേ ഉള്ളൂ, മുഖ്യമന്ത്രിക്കെതിരേ അന്വേഷണം നടത്തില്ല, അതാണ് അനുഭവം -വി.ഡി. സതീശൻ

കൊല്ലം: മസാല ബോണ്ടിന് പിന്നിൽ അഴിമതിയും ദുരൂഹതയും ഭരണഘടനാപരമായ പാളിച്ചകളുമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ഒന്നു പേടിപ്പിക്കുക എന്നതിലപ്പുറം ഇഡി ഒന്നും ചെയ്യില്ല. കേരളത്തിലെ കേന്ദ്ര ഏജൻസികളുടെ എല്ലാ അന്വേഷണങ്ങളും ഇത്തരത്തിൽ സെറ്റിൽചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇ.ഡി നോട്ടീസ് അയച്ചതിന് പിന്നിൽ എന്തെന്ന് അറിയില്ല. അത് ഇഡി തന്നെ വ്യക്തമാക്കേണ്ടതാണ്. കരുവന്നൂർ ബാങ്കിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ സമയത്തും ഇതുപോലെ നോട്ടീസ് അയച്ചിരുന്നു. തൃശൂർ പാർലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതായിരുന്നു ആ നോട്ടീസെന്ന് അന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇപ്പോൾ നോട്ടീസ് അയച്ചത് സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും ഒന്ന് പേടിപ്പിക്കുന്നതിനുവേണ്ടി മാത്രമാണ്. അല്ലാതെ ഇ.ഡി ഒന്നും ചെയ്യില്ല. ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ എതിരാളികളെ ഇ.ഡി വേട്ടയാടുമ്പോൾ ഇവിടെ നോട്ടീസ് അയച്ച് ഭയപ്പെടുത്തും. ഇതിന് മുൻപും മുഖ്യമന്ത്രിയുടെ വീട്ടിലേക്കയച്ച നോട്ടീസിൽ പിന്നീട് വിവരങ്ങളുണ്ടായില്ല. കേരളത്തിലെ എല്ലാ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളും ഇത്തരത്തിൽ സെറ്റിൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐസക് ചിരിച്ചുകൊണ്ട് തള്ളിക്കളയേണ്ട കേസല്ല ഇത്. മന്ത്രി എന്ന നിലയിൽ തനിക്ക് ഉത്തരവാദിത്വമില്ലെന്നും കിഫ്ബിയാണ് ചെയ്തതെന്നുമാണ് തോമസ് ഐസക് കോടതിയിൽ പറഞ്ഞത്. 9.723 ശതമാനമെന്ന കൂടിയ പലിശയ്ക്കാണ് മസാല ബോണ്ടിന്റെ പേരിൽ അന്താരാഷ്ട്ര ഫിനാൻസ് മാർക്കറ്റിൽനിന്ന് പണം കടമെടുത്തത്. അത്രയും ഉയർന്ന പലിശയ്ക്ക് പണം കടമെടുക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു. അഞ്ച് വർഷംകൊണ്ട് മുതലും പലിശയും അടച്ചുതീർക്കണം. 2150 കോടി രൂപയ്ക്ക് 1045 കോടി രൂപയാണ് പലിശ. 3195 കോടിയാണ് പലിശയും മുതലുമായി അടയ്ക്കേണ്ടത്. അഞ്ചുകൊല്ലംകൊണ്ട് പകുതിയോളം തുകയാണ് പലിശയായി വരുന്നത്. അതിനെയാണ് പ്രതിപക്ഷം വിമർശിച്ചതെന്നും സതീശൻ പറഞ്ഞു.
അന്നത്തെ ധനകാര്യ മന്ത്രി അന്ന് പറഞ്ഞതും ഇപ്പോൾ പറയുന്നതും തെറ്റാണ്. കാനഡയിലെ ക്യൂബക് പ്രവിശ്യയിൽ പ്രൈവറ്റ് പ്ലേസ്മെന്റായാണ് പണ ഇടപാട് നടത്തിയത്. പണം വാങ്ങിയ ശേഷം മുഖ്യമന്ത്രി ലണ്ടനിൽ പോയി മണി അടിക്കുക മാത്രമാണ് ചെയ്തത്. മണി അടിച്ചത് വലിയ സംഭവമാണെന്നാണ് അന്ന് കൊട്ടിഘോഷിച്ചത്. മണി അടിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണെന്നുവരെ പറഞ്ഞു. ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ ബോണ്ട് നിക്ഷേപിക്കുന്ന ഏത് തലവനും ഒന്നര രണ്ട് മണിക്കൂർ മണി അടിക്കുന്നതിനുള്ള സമയമുണ്ട്. മുഖ്യമന്ത്രി എന്ന നിലയിലല്ല, കിഫ്ബി ചെയർമാൻ എന്ന നിലയിലാണ് പിണറായി വിജയൻ മണി അടിച്ചത്. ലണ്ടനിലെ സ്റ്റോക്ക് എക്സേഞ്ചിൽ മണി അടിച്ച ആദ്യ മുഖ്യമന്ത്രി എന്നൊക്കെ കൊട്ടിഘോഷിച്ചത് വെറും പി.ആർ സ്റ്റണ്ട് മാത്രമായിരുന്നു. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
Content Highlights: Masala Bond Controversy: Opposition Leader VD Satheesan Slams ED Notice & Allegations