മിനിബാറുകള്‍പോലെ പാതയോരങ്ങള്‍;മികച്ച ടൂറിസം വില്ലേജായ കാന്തല്ലൂരില്‍ മദ്യപരുടെ വിളയാട്ടമെന്ന് പരാതി

കാന്തല്ലൂര്‍ ടൗണില്‍ പാതയോരത്ത് കിടക്കുന്ന മദ്യക്കുപ്പികളും ഗ്ലാസുകളും മാറ്റുന്ന പഞ്ചായത്ത് അധികൃതര്‍
കാന്തല്ലൂര്‍ ടൗണില്‍ പാതയോരത്ത് കിടക്കുന്ന മദ്യക്കുപ്പികളും ഗ്ലാസുകളും മാറ്റുന്ന പഞ്ചായത്ത് അധികൃതര്‍

മറയൂർ (ഇടുക്കി) : ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജായി തിരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂരിലെ പാതയോരങ്ങൾ മദ്യപാനകേന്ദ്രങ്ങളാക്കുന്നുവെന്ന് പരാതി. മദ്യപൻമാർ ഉപേക്ഷിച്ച മദ്യക്കുപ്പികളും ഗ്ലാസുകളും മാസംതോറും എടുത്തുമാറ്റുന്ന പണിചെയ്യേണ്ടത് പഞ്ചായത്ത് അധികൃതരും.

ഹരിതകർമസേനാംഗങ്ങളും പഞ്ചായത്തിലെ താത്കാലിക ജീവനക്കാരും ആഴ്ചതോറും കുപ്പിയും ഗ്ലാസും പാതയോരത്തുനിന്ന് മാറ്റുന്നതാണ് പ്രധാന ജോലി. കാന്തല്ലൂർ ടൗണിൽനിന്നും വേളാങ്കണ്ണി പള്ളിയിലേക്ക് പോകുന്ന കരിക്കുളം റോഡും കൃഷിഭവൻ റോഡിലുമാണ് മദ്യപരുടെ വിളയാട്ടം. ഇവിടെ പ്രവർത്തിക്കുന്ന ചില വ്യാപാരസ്ഥാപനങ്ങളിലും ഓട്ടോറിക്ഷകളിലുമായിട്ടാണ് അനധികൃത മദ്യവില്പന നടന്നുവരുന്നത്. പരസ്യമായിട്ടാണ് ഈ മേഖലയിൽ മദ്യപിക്കുന്നത്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല.

ഈ റോഡുകൾക്ക് സമീപത്തായി പള്ളിയും കാന്തല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രവും അങ്കണവാടിയും ലൈബ്രറിയും കല്യാണമണ്ഡപവും സപ്ളൈകോ സ്ഥാപനവും ഉണ്ട്. ഇതുവഴി കടന്നുപോകുവാൻ കഴിയാത്തവിധം മാലിന്യമാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. മലമൂത്രവിസർജനത്തിനും ഈ പാതയാണ് ഉപയോഗിച്ചു വരുന്നത്. അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടായെങ്കിൽ മാത്രമേ ഇത് തടയുവാൻ കഴിയുകയുള്ളൂ.

Content Highlights: Kanthalloor top tourism village in Kerala, faces an alcohol abuse issue.