ഇടതുസർക്കാർ അഴിമതി സംരക്ഷകർ; രൂക്ഷപരാമർശവുമായി ഹൈക്കോടതി, പരാമർശം ഐഎൻടിയുസി നേതാവിനെതിരായ അഴിമതിക്കേസിൽ

#സ്വന്തം ലേഖകന്‍
മുഖ്യമന്ത്രി പിണറായി വിജയനും ആര്‍. ചന്ദ്രശേഖരനും (ഫയല്‍ചിത്രം). മൂന്നുവട്ടമാണ് ചന്ദ്രശേഖരൻ പ്രതിയായ കശുവണ്ടി ഇറക്കുമതിക്കേസില്‍ പിണറായിസര്‍ക്കാര്‍ അനുമതി നിഷേധിച്ചത് | Photo: mathrubhumi archives
മുഖ്യമന്ത്രി പിണറായി വിജയനും ആര്‍. ചന്ദ്രശേഖരനും (ഫയല്‍ചിത്രം). മൂന്നുവട്ടമാണ് ചന്ദ്രശേഖരൻ പ്രതിയായ കശുവണ്ടി ഇറക്കുമതിക്കേസില്‍ പിണറായിസര്‍ക്കാര്‍ അനുമതി നിഷേധിച്ചത് | Photo: mathrubhumi archives

കൊച്ചി: ഇടതുസർക്കാർ അഴിമതിക്കാരെ രക്ഷിക്കുന്ന സർക്കാരായിമാറിയെന്നും പരിതാപകരമായ അവസ്ഥയാണിതെന്നും ഹൈക്കോടതി. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലായിരുന്നു കോടതിയുടെ രൂക്ഷമായ പരാമർശം. പ്രതികളായ കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാൻ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനെയും മുൻ മാനേജിങ് ഡയറക്ടർ കെ.എ. രതീഷിനെയും വിചാരണചെയ്യാൻ പ്രോസിക്യൂഷൻ അനുമതിതേടി സിബിഐ നൽകിയ അപേക്ഷ മൂന്നാമതും തള്ളിയത് ചോദ്യംചെയ്തുള്ള കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ വാക്കാലുള്ള രൂക്ഷപരാമർശം.

''ഇടതുപക്ഷ സർക്കാർ അധികാരത്തിൽക്കേറുമ്പോൾ അഴിമതി നടക്കില്ലെന്നാണ് പ്രതീക്ഷ. ഇപ്പോൾ അഴിമതിക്കാരെ രക്ഷിക്കുന്ന സർക്കാരായി മാറിയെന്നാണ് മനസ്സിലാകുന്നത്. വളരെ പരിതാപകരമായ അവസ്ഥയാണിത്''. -കോടതി കുറ്റപ്പെടുത്തി. ''വ്യക്തമായ കേസാണിത്. സർക്കാർ അഴിമതിക്കാർക്കൊപ്പം സഞ്ചരിക്കുകയാണ്. ഇക്കാര്യം ഏതെങ്കിലും ഉത്തരവിൽ എഴുതിയേക്കും. കോടതിയലക്ഷ്യ നടപടിയാണിതിൽ. എന്തിനാണ് സർക്കാർ രണ്ടുവ്യക്തികളെ സംരക്ഷിക്കുന്നത്. ആരാണ് ഇതിനു പിന്നിൽ. അവർ എവിടെപ്പോയി. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്''. -കോടതി ചോദിച്ചു.

പ്രോസിക്യൂഷൻ അനുമതി അപേക്ഷ മൂന്നാമതും തള്ളിയതിനാൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ ഉപഹർജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്. സത്യവാങ്മൂലം ഫയൽ ചെയ്യാൻ സർക്കാർ സമയം തേടിയതിനെത്തുടർന്ന് വിഷയം ഒരാഴ്ചകഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.

നടപടിക്രമങ്ങളിലെ വീഴ്ചയാണ് സിബിഐ ചൂണ്ടിക്കാട്ടുന്നതെന്നും അതിൽ തെറ്റായ ഉദ്ദേശ്യമോ ഔദ്യോഗിക പദവിയുടെ ദുരുപയോഗമോ എന്തെങ്കിലും നേട്ടമോ ഉണ്ടാക്കിയതായി പറയാനാകില്ലെന്നും വിലയിരുത്തിയാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതി ഇത്തവണയും നിഷേധിച്ചത്.

പ്രോസിക്യൂഷൻ അനുമതിയില്ല

കശുവണ്ടി വികസന കോർപ്പറേഷൻ 2006-2015 കാലത്ത് അസംസ്‌കൃത കശുവണ്ടി ഇറക്കുമതിചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നട?െന്നന്നാണ് കേസ്. ഹൈക്കോടതി നിർദേശപ്രകാരം 2016-ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

Content Highlights: Kerala High Court criticizes the state government for protecting alleged corrupt officials in a cashew import scam. Read details of the damning observations.