നീണ്ട മുടിയുള്ള സ്ത്രീയാണ് പ്രശ്നമെന്ന അന്ധവിശ്വാസം; രക്ഷിതാക്കളുടെ വേർപാടിൽ വിങ്ങി സുധാകരന്റെ മക്കൾ

അന്തരിച്ച സുധാകരന്റെ മക്കൾ
അന്തരിച്ച സുധാകരന്റെ മക്കൾ

നെന്മാറ: ചെന്താമരയുടെ പകയ്ക്ക് ഇരയായി അമ്മ നഷ്ടപ്പെട്ടപ്പോഴും അച്ഛൻ സുധാകരനും മുത്തശ്ശി ലക്ഷ്മിയുമായിരുന്നു സുധാകരന്റെ മക്കളുടെ ആശ്രയവും ആശ്വാസവും. എന്നാൽ അമ്മയെകൊന്നതിന് ജാമ്യത്തിലിറങ്ങിയ ചെന്താമര അച്ഛനെയും മുത്തശ്ശിയെയും ക്രൂരമായി ഇല്ലാതാക്കിയ ദുഃഖം താങ്ങാനാവാതെ വിങ്ങുകയാണ് ഈ മക്കൾ.  കൊല്ലപ്പെടുമെന്ന ഭയത്താൽ മക്കളിരുവരും വീട്ടിൽ വരാതെ അമ്മ വീട്ടിലാണ് ഇത്ര നാളും കഴിഞ്ഞത്. ഇപ്പോൾ അച്ഛൻ സുധാകരന്റേയും മുത്തശ്ശി ലക്ഷ്മിയുടെയും മൃതദേഹം വീട്ടിൽതന്നെ സംസ്കരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരിക്കുകയാണ് സുധാകരന്റെ മക്കൾ. 

"അച്ഛൻ കഷ്ടപ്പെട്ടുണ്ടാക്കിയ വീടാണ്. അച്ഛമ്മയും അവിടെ തന്നെയായിരുന്നു. അവർ അവിടെ തന്നെ വേണം. വേറെ എവിടേയും കൊണ്ടുപോകേണ്ട. ഞങ്ങൾ പേടിച്ചിട്ട് അമ്മയുടെ വീട്ടിലായിരുന്നു. അമ്മ മരിച്ചതിന് ശേഷമാണ് ഇയാള്‍ക്ക് അന്ധവിശ്വാസമുള്ളത് അറിയുന്നത്. നീണ്ടമുടിയുള്ളവരാണ് ഇയാളുടെ കുടുംബപ്രശ്നം എന്ന് വിശ്വസിച്ചു. അമ്മ പോയി. അച്ഛനേയും ഇപ്പോൾ കൊന്നു. എങ്ങിനെയെങ്കിലും പോലീസ് ഇയാളെ കണ്ടെത്തണം. എന്നാലേ ഞങ്ങൾക്ക് സമാധാനമുള്ളൂ", മക്കൾ വിങ്ങലോടെ പറഞ്ഞു. 

"ചെന്താമര ആരോടും സംസാരിക്കാറില്ല. ചെന്താമരയുടെ വീട്ടിൽ നിന്ന് എപ്പോഴും അയാൾ ഇങ്ങോട്ട് നോക്കുമായിരുന്നു. എന്തിന്റെ പേരിലാണ് അച്ഛനേയും അച്ഛമ്മയേയും കൊലപ്പെടുത്തിയത് എന്നറിയില്ല". നമ്മളെ ഇനി ഒന്നും ചെയ്യില്ല എന്നായിരുന്നു അച്ഛന്‍ പറഞ്ഞതെന്നും സുധാകരന്റെ മക്കൾ കൂട്ടിച്ചേർത്തു. 

ചെന്താമര അന്ധവിശ്വാസിയായിരുന്നു എന്ന് പ്രദേശവാസി പുഷ്പയും വ്യക്തമാക്കി. മുടി നീട്ട് വളർത്തിയ സ്ത്രീ ആണ് ഇയാളുടെ കുടുംബപ്രശ്നത്തിന് കാരണമെന്ന് വിശ്വസിച്ചു. തന്നെ ഇയാൾ ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു. 

തിങ്കളാഴ്ചയായിരുന്നു അയൽവാസിയുടെ ഭാര്യയെ കൊന്ന് ജയിലിൽ പോയ ചെന്താമര ജാമ്യത്തിലിറങ്ങി അയൽവാസിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തുന്നത്. പോത്തുണ്ടി തിരുത്തമ്പാടം ബോയൻ കോളനിയിൽ സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരാണ് കൊല്ലപ്പെട്ടത്.2019 ഓഗസ്റ്റ് 30-നാണ് സുധാകരന്റെ ഭാര്യ സജിതയെ ഇയാൾ കൊലപ്പെടുത്തിയത്.

Content Highlights: Kerala Nenmara double murder, Children demand home burial