കേരളാകോൺഗ്രസ് എം വന്നാൽ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും- അപു ജോൺ ജോസഫ്

തൊടുപുഴ (ഇടുക്കി): കേരള കോൺഗ്രസ്(എം) തിരിച്ചെത്തിയാൽ, മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കുമെന്ന് നിയുക്ത തൊടുപുഴ എം.എൽ.എ.യും കേരള കോൺഗ്രസ് സംസ്ഥാന കോഡിനേറ്ററുമായ അപു ജോൺ ജോസഫ്. തൊടുപുഴയിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് ഒന്നായിരുന്നവരാണ് കേരള കോൺഗ്രസുകാർ. ഞങ്ങളെല്ലാം ഏകോദരസഹോദരങ്ങളാണ്. അവർക്ക് മടങ്ങിവരാൻ തെറ്റ് ഏറ്റുപറയേണ്ടതില്ല. ഒരു മേശയ്ക്ക് അപ്പുറവും ഇരുന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേ കേരള കോൺഗ്രസിലുള്ളൂ. അവർ തിരിച്ചു വരണമെന്നും കേരളത്തിൽ നിലനിൽക്കണമെന്നാണ് ആഗ്രഹമെന്നും ഐക്യ കേരള കോൺഗ്രസ് ഞങ്ങളെല്ലാം സ്വപ്നം കാണുന്നതാണെന്നും അപു പറഞ്ഞു.
മന്ത്രിസഭയിൽ അർഹതപ്പെട്ട സ്ഥാനം കേരള കോൺഗ്രസിന് ലഭിക്കും. തിരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫിൽ വിട്ടുവീഴ്ചചെയ്ത ഏക പാർട്ടി കേരള കോൺഗ്രസാണ്. വിട്ടുകൊടുത്ത ഏറ്റുമാനൂരും ഇടുക്കിയും ഒപ്പം വെച്ചുമാറിയ തൃക്കരിപ്പൂരും വിജയിച്ചു. ഇതോടെ തത്ത്വത്തിൽ കേരള കോൺഗ്രസിന് പത്തുസീറ്റായി. അതിന്റേതായ പരിഗണന മന്ത്രിസഭയിലും ലഭിക്കും. കർഷകരുടെ വേദന അറിയുന്ന പ്രസ്ഥാനമെന്ന നിലയിൽ കൃഷി വകുപ്പ് ഏറ്റെടുക്കണമെന്നാണ് തന്റെ ആഗ്രഹം. രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടുമോ... എന്ന ചോദ്യത്തിന് അത് പാർട്ടി ചെയർമാൻ തീരുമാനിക്കുമെന്നും അപു കൂട്ടിച്ചേർത്തു.
പരസ്പരം തുല്യശക്തികൾ മത്സരിക്കുമ്പോഴാണ് ജനാധിപത്യം നിലനിൽക്കുന്നതെന്നും ഇടത് പാർട്ടികളടക്കം ശക്തമായി തിരികെ വരണമെന്നാണ് ആഗ്രഹമെന്നും അപു പറഞ്ഞു.
Content Highlights: Apu John Joseph extends an open invitation to Kerala Congress factions to reunite., No requirement for apologies; emphasizes the shared history of the party members., Aims for a unified 'United Kerala Congress' to strengthen the political landscape., Asserts that the party deserves significant cabinet representation based on election performance., Expresses personal interest in the Agriculture portfolio to support farmers.