'അന്നെന്നെ സ്വീകരിച്ചത് കറവക്കാരിയെന്ന് വിളിച്ച്'; സൈബര്‍ ആക്രമണം ഓര്‍മിപ്പിച്ച് അരിതാ ബാബു

കായംകുളം: തിരഞ്ഞെടുപ്പില്‍ മത്സരിച്ചതുമുതല്‍ തനിക്കെതിരെ തുടരുന്ന സൈബര്‍ അധിക്ഷേപങ്ങള്‍ വീണ്ടും ഓര്‍മിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കായംകുളം നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായിരുന്ന അരിതാ ബാബു. 2015-ല്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തിയതുമുതല്‍ തുടരുന്നതാണ് തനിക്കെതിരെയുള്ള സൈബര്‍ ആക്രമണമെന്ന് അരിതാബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കായംകുളത്ത് ജനവിധി തേടാനെത്തിയ തന്നെ സൈബര്‍ സഖാക്കള്‍ കറവക്കാരി എന്ന പേരുനല്‍കിയാണ് സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു.
നീചമായ ഭാഷയില്‍ വീട്ടിലുള്ളവരെ വരെ തെറി പറഞ്ഞുള്ള പോസ്റ്റുകള്‍. അച്ഛനും അമ്മക്കും നേരെ വരെ തെറി പറയുന്ന ഇടത് പ്രൊഫൈലുകള്‍. അതൊക്കെ നേരിട്ട് മുന്നോട്ടു തന്നെ നടന്നു നീങ്ങി. തനിക്കുവേണ്ടി പോസ്റ്റര്‍ പ്രചരണം നടത്തിയ പ്രിയ സഹപ്രവര്‍ത്തകരെ ആക്രമിച്ചു. ആ ആക്രമണങ്ങള്‍ വീടിനു നേരെ വരെ എത്തി. 'പാല്‍ വില്പനക്കാരി മത്സരിക്കാന്‍ ഇത് ക്ഷീര സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പല്ല' എന്ന പ്രസ്താവനയുമായി ഇവരുടെയെല്ലാം നേതാവ് എ.എം. ആരിഫ് തന്നെ നേരിട്ടിറങ്ങി. എങ്കിലും ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ എനിക്കുനേരെ നടത്തിയ കുത്സിത പ്രവര്‍ത്തനങ്ങള്‍ എല്ലാം മറന്നുകൊണ്ടുള്ള ഈ കരച്ചില്‍ കാണുമ്പോഴാണ് ചിരി വരുന്നതെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ജെയ്ക്ക് പരാജയപ്പെട്ടതില്‍ നിങ്ങള്‍ നേരിടുന്ന സൈബര്‍ ഇടത്തിലെ വിഷമം കാണാതെ പോകാന്‍ എനിക്ക് കഴിയില്ല എന്നു പറഞ്ഞായിരുന്നു അരിതാ ബാബുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിച്ചത്. 'എന്തേ, ജെയ്ക്കിന് ഇതൊന്നും നേരിടാനുള്ള മനക്കരുത്തില്ലേ? നിങ്ങള്‍ മറന്നെങ്കില്‍ ഞാന്‍ ചിലത് നിങ്ങളെ ഓര്‍മ്മിപ്പിക്കാം', എന്ന് ആരംഭിച്ച്, പിന്നീട് തനിക്കെതിരെ സൈബര്‍ ഇടത്തിലും നേരിട്ടും നടന്ന ആക്രമണങ്ങള്‍ അവര്‍ എണ്ണിപ്പറഞ്ഞു.
അരിതാ ബാബുവിന്റെ ഫെയ്‌സബുക്ക് കുറിപ്പ്:
അതേ സഖാക്കളേ .....
ജെയ്ക്ക് പരാജയപ്പെട്ടതിൽ നിങ്ങൾ നേരിടുന്ന സൈബർ ഇടത്തിലെ വിഷമം കാണാതെ പോകാൻ എനിക്ക് കഴിയില്ല .....
എന്തേ, ജെയ്ക്കിന് ഇതൊന്നും നേരിടാനുള്ള മനക്കരുത്തില്ലേ..?
നിങ്ങൾ മറന്നെങ്കിൽ ഞാൻ ചിലത് നിങ്ങളെ ഓർമ്മിപ്പിക്കാം:
നമുക്കറിയാം, ജനാധിപത്യത്തിൻ്റെ സൗന്ദര്യം, അത് തിരഞ്ഞെടുപ്പുകൾ തന്നെയാണ്...
ആ സൗന്ദര്യത്തെ വികൃതമാക്കുന്ന, സൈബർ ലോകത്തെ നുണ പ്രചരണവും വ്യക്തി ഹത്യയും കൊണ്ട് അഴിഞ്ഞാടുന്ന നിങ്ങളുടെ ഈ സങ്കടം കാണുമ്പോൾ അതു കണ്ടാസ്വദിക്കാൻ എനിക്ക് കഴിയില്ല.
2015 ൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷനിൽ നിന്നും ഒരു KSU-കാരി ആയി തിരഞ്ഞെടുപ്പിനെ നേരിടാൻ വന്ന എന്നെ സഖാക്കൾ നേരിട്ടത് കുപ്രചരണങ്ങളും പരിഹാസങ്ങളുമായിട്ടാണ്. അന്ന് സൈബർ ഇടത്തിൽ വിപ്ലവ കടന്നലുകൾ അത്ര സജീവമല്ലാതിരുന്നതുകൊണ്ട് അത് അധികം പടർന്നുപിടിച്ചില്ലെന്നു മാത്രം.
അന്ന്, ഐക്യ ജനാധിപത്യ മുന്നണിയുടെ ചടുലമായ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് അംഗം ആയി എന്നെ കൃഷ്ണപുരം ഡിവിഷനിൽ നിന്നും ജനങ്ങൾ തിരഞ്ഞെടുത്തയച്ചു.
ജനങ്ങൾക്കിടയിൽ സജീവമായി മുന്നോട്ട് നീങ്ങുമ്പോൾ സൈബർ കടന്നലുകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു തുടങ്ങി. അതിൻ്റെ പ്രതിഫലനമെന്ന വിധം അവർ സൈബറാക്രമണം തുടങ്ങി. അതും, നീചമായ ഭാഷയിൽ വീട്ടിലുള്ളവരെ വരെ തെറി പറഞ്ഞുള്ള പോസ്റ്റുകൾ. അച്ഛനും അമ്മക്കും നേരെ വരെ തെറി പറയുന്ന ഇടത് പ്രൊഫൈലുകൾ... അതൊക്കെ നേരിട്ട് മുന്നോട്ടു തന്നെ നടന്നു നീങ്ങി.
ഇവയൊക്കെ നിങ്ങൾക്കേവർക്കുമറിയുന്ന കാര്യങ്ങൾ തന്നെയാണ്. എങ്കിലും ഒന്ന് ഓർമ്മിപ്പിക്കുന്നു എന്നു മാത്രം.
2021 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി കായംകുളം നിയോജക മണ്ഡലത്തിൽ ജനവിധി തേടാനെത്തിയ എന്നെ സൈബർ സഖാക്കൾ സ്വീകരിച്ചത് "കറവക്കാരി" എന്ന് പേര് നൽകിക്കൊണ്ടാണ്...
അതെ, അഭിമാനത്തോടെ പറയുന്നു ഞാൻ രാഷ്ട്രീയം ഉപജീവനമാക്കിയിട്ടില്ല. ഇന്നും പണിയെടുത്ത് തന്നെയാണ് പൊതുപ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. അതുകൊണ്ട്, അന്ന് നിങ്ങൾ വിളിച്ച പേര് ഒരു അലങ്കാരമായി കണ്ട് മുന്നോട്ട് പോയി.
എന്നാൽ നിങ്ങൾ അതുകൊണ്ടും നിർത്തിയില്ല. സൈബർ ആക്രമണം അതിൻ്റെ എല്ലാ പരിധികളും, മാനുഷിക പരിഗണനകളും മറികടന്ന് മുന്നോട്ട് പോയി. അവിടെയൊന്നും എന്നെയും എൻ്റെ പ്രസ്ഥാനത്തെയും തളർത്താൻ കഴിയുന്നില്ല എന്ന് വന്നപ്പോൾ കായികമായി നേരിടാനിറങ്ങി. എനിക്കുവേണ്ടി പോസ്റ്റർ പ്രചരണം നടത്തിയ പ്രിയ സഹപ്രവർത്തകരെ ആക്രമിച്ചു. ആ ആക്രമണങ്ങൾ എൻ്റെ വീടിനു നേരെ വരെ എത്തി.
എന്തിന്, ' പാൽ വില്പനക്കാരി മത്സരിക്കാൻ ഇത് ക്ഷീര സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പല്ല' എന്ന പ്രസ്താവനയുമായി ഇവരുടെയെല്ലാം നേതാവ് A.M ആരിഫ് തന്നെ നേരിട്ടിറങ്ങി. ആ പ്രസ്താവനയിൽ ഒളിഞ്ഞിരുന്ന രാഷ്ട്രീയം മനസ്സിലാക്കാൻ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കാണാതെ പഠിക്കേണ്ട കാര്യമില്ലല്ലോ. തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ ബൂർഷ്വാ മുഖം അന്ന് കാണാൻ കഴിഞ്ഞു.
അതൊക്കെ കഴിഞ്ഞ് തിരഞ്ഞെടുപ്പിൽ അതി ശക്തമായ പോരാട്ടം കാഴ്ച്ച വെച്ച് മുന്നേറാൻ കഴിഞ്ഞു. പരാജയം നേരിട്ടെങ്കിലും ജനവിധി അംഗീകരിച്ചു. അതാണല്ലോ ജനധിപത്യം .
എന്നാൽ, സൈബർ കടന്നലുകൾക്ക് എന്ത് ജനാധിപത്യം... എല്ലാ കാലത്തും ഇവർ ഏകാധിപത്യ ഭരണ വ്യവസ്ഥിതിയിലാണല്ലോ ജീവിച്ചു ശീലിച്ചത്... ആ ശീലം നമുക്ക് മാറ്റിക്കൊടുക്കാം. അതിൻ്റെ തുടക്കമാണ് തൃക്കാക്കരയും, ഇപ്പൊൾ പുതുപ്പള്ളിയും.
അതവിടെ നിൽക്കട്ടെ. നമ്മൾ പറഞ്ഞു വന്നത് പൂർത്തീകരിക്കാം:
കായംകുളം നിയമ സഭാ മണ്ഡലത്തിൽ 20 വർഷമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി യുടെ MLA മാർ ആണ് വിജയിച്ചു വരുന്നത്. അവിടെ 2021 ൽ 11857 വോട്ടിന് വിജയിച്ച U പ്രതിഭ MLA യുടെ ഭൂരിപക്ഷം 6298-ൽ താഴെ എത്തിച്ച തിരഞ്ഞെടുപ്പിനെ വിപ്ലവ വിജയമായി കൊണ്ടാടി, എൻ്റെ വീടിനു മുന്നിൽ ഒരു മണിക്കൂറിലേറെ നേരം പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയ 'വിപ്ലവ സിംഹങ്ങളെ' പോലീസ് എത്തി ആണ് നിയന്ത്രിച്ചത് പോലും.
നിങ്ങളുടെ ആക്രമണം അവിടംകൊണ്ടും നിങ്ങൾ അവസാനിപ്പിച്ചോ? ഇല്ല, നിങ്ങൾ അവിടെ തുടങ്ങി എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.
സോഷ്യൽ മീഡിയയിൽ നിന്ന് പേഴ്സണൽ ഫോണിലേക്കായി നിങ്ങളുടെ കടന്നു കയറ്റം. എല്ലാം ഇടത് പ്രൊഫൈലുകൾ. പോലീസിൽ പരാതി, സൈബർ സെല്ലിൽ പരാതി, അവസാനം മുഖ്യ മന്ത്രിക്ക് പരാതി. എന്നിട്ടും ആക്രമണം പൂർവ്വാധികം ശക്തിയോടെ തുടർന്നു. അതിൽ പലതും ഞാൻ മുഖപുസ്തകത്തിലൂടെ പങ്കുവച്ചിട്ടുമുണ്ട്.
രാത്രിയിൽ ഉറക്കമില്ലാതെ നിങ്ങൾ മെസേജുകൾ അയച്ചുകൊണ്ടിരുന്നു. അതിലെല്ലാം ഡബിൾ മീനിങ് പദ പ്രയോഗങ്ങൾ, ലൈംഗിക ചുവയുള്ള മെസേജുകൾ. അതിൽ ചിലത് ഇങ്ങനെയും: 'പാൽ കറന്നു തരാൻ ഞാൻ വരട്ടേ?' ഇടതൻ മാർ ഏതു നിലവാരത്തിലാണെന്ന് നമുക്കറിയാം. എങ്കിലും ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ എനിക്കുനേരെ നടത്തിയ കുത്സിത പ്രവർത്തനങ്ങൾ എല്ലാം മറന്നുകൊണ്ടുള്ള ഈ കരച്ചിൽ കാണുമ്പോഴാണ് ചിരി വരുന്നത്...
പിന്നെ ഒരു ആശ്വാസം, തിരഞ്ഞെടുപ്പിൻ്റെ രണ്ടു തലങ്ങളാണ് വിജയവും പരാജയവും എന്നത് ഇപ്പൊളെങ്കിലും ഇടതുപക്ഷ മുന്നണി തിരിച്ചറിഞ്ഞല്ലോ. അതിൽ ഏറെ സന്തോഷം.
പറയാനൊരുപാടുണ്ട് സഖാക്കളേ... എഴുതിയാലുമെഴുതിയാലും തീരില്ല നിങ്ങൾ നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന നിലവാരമില്ലാത്ത സൈബർ വീരസാഹസികതകൾ...
Content Highlights: kayamkulam udf candidate aritha babu cyber attack jaick c thomas puthuppally by election