കായംകുളം മിലാദ്-ഇ-മെമ്മോറിയൽ ട്രസ്റ്റ് തിരഞ്ഞെടുപ്പിന് സുപ്രീം കോടതിയുടെ സ്റ്റേ

#ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

ന്യൂഡൽഹി: കായംകുളം മിലാദ്-ഇ-മെമ്മോറിയൽ ട്രസ്റ്റിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടപടികൾക്ക് സുപ്രീം കോടതി സ്റ്റേ. ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ്മ, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചത്. ഓഗസ്റ്റ് 31-നാണ് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്.

ട്രസ്റ്റ് തിരഞ്ഞെടുപ്പ് നടപടികളിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ച് റിട്ടേണിങ് ഓഫീസർ തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുന്നുവെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 22-ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാക്കുകയും അംഗീകരിച്ച സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

മിലാദ്-ഇ-മെമ്മോറിയൽ ട്രസ്റ്റിലെ ചില അംഗങ്ങൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ അംഗീകരിച്ച വോട്ടർപട്ടികയുമായി തിരഞ്ഞെടുപ്പ് നടത്തിയാൽ 156 പേർക്ക് വോട്ട് അവകാശം ലഭിക്കില്ലെന്നാണ് ഹർജിക്കാരുടെ വാദം. 2024 ഫെബ്രുവരി 18-നും ജൂലൈ 30-നും നടന്ന ജനറൽ ബോഡി യോഗങ്ങളിൽ പങ്കെടുത്തവരാണ് ഈ 156 അംഗങ്ങൾ എന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷക ആൻ മാത്യു എന്നിവർ ചൂണ്ടിക്കാട്ടി.

വോട്ടർപട്ടിക സംബന്ധിച്ച കേസിലെ ഹർജിയിൽ തീർപ്പ് ഉണ്ടാകുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് നടന്നാൽ, ഹർജിയിലെ ആവശ്യം അപ്രസകമാകുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ തിരഞ്ഞെടുപ്പ് നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തത്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും സുപ്രീം കോടതി പരിഗണിക്കും. കേസിലെ എതിർകക്ഷികൾക്ക് വേണ്ടി അഭിഭാഷകൻ ലക്ഷ്മീഷ് എസ്. കാമത്ത് ഹാജരായി.

Content Highlights: The Supreme Court stayed the executive committee election of Kayamkulam Milad-E-Memorial Trust over voter list discrepancies after petitioners alleged that 156 members were excluded from voting rights.