ബിജെപി അംഗങ്ങള്‍ പിന്തുണച്ചു,കല്ലുവാതുക്കലില്‍ ഭരണം യുഡിഎഫിന്; രാജിവെക്കാന്‍ ഡിസിസി നിര്‍ദേശം

പാരിപ്പള്ളി:കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യിലെ ഒരുവിഭാഗം അംഗങ്ങളുടെ പിന്തുണയോടെ യു.ഡി.എഫ്. വിജയിച്ചു. ജില്ലയില്‍ ബി.ജെ.പി. ഭരണത്തിലിരുന്ന ഏക പഞ്ചായത്തായ കല്ലുവാതുക്കലില്‍ ചൊവ്വാഴ്ച നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാകെ നാടകീയതയായിരുന്നു.
23 അംഗ ഭരണസമിതിയില്‍ ബി.ജെ.പി.ക്ക് ഒന്‍പത് അംഗങ്ങളും യു.ഡി.എഫിന് എട്ട് അംഗങ്ങളും എല്‍.ഡി.എഫിന് ആറ് അംഗങ്ങളുമാണുള്ളത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചപ്പോള്‍ ബി.ജെ.പി.യിലുണ്ടായ ഭിന്നതയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ വിജയിക്കാന്‍ കാരണം.
ബി.ജെ.പി. സ്ഥാനാര്‍ഥിയായി എസ്.സുദീപയും യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി എന്‍.ശാന്തിനിയും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി ബിന്ദുവും പത്രിക നല്‍കാന്‍ അതത് മുന്നണികളുടെ യോഗം തീരുമാനിച്ചു.
ബി.ജെ.പി. തീരുമാനം ലംഘിച്ച്, നടയ്ക്കല്‍ വാര്‍ഡ് അംഗം ബി.ആര്‍.ദീപ പത്രിക നല്‍കി. നാലുപേര്‍ മത്സരരംഗത്ത് വന്നതോടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ബി.ജെ.പി. വിമതയ്ക്ക് പിന്തുണ നല്‍കി. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍, യു.ഡി.എഫ്.-എട്ട്, ബി.ജെ.പി.-അഞ്ച്, എല്‍.ഡി.എഫ്. പിന്തുണയോടെ ബി.ജെ.പി. വിമത-10 എന്നിങ്ങനെ വോട്ടുകള്‍ നേടി. പഞ്ചായത്തിരാജ് ചട്ടപ്രകാരം മൂന്നാംസ്ഥാനത്ത് വന്ന ബി.ജെ.പി. സ്ഥാനാര്‍ഥിയെ ഒഴിവാക്കി വീണ്ടും നടത്തിയ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഔദ്യോഗികപക്ഷത്തെ അഞ്ചുപേര്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.ശാന്തിനിക്ക് വോട്ട് ചെയ്തു. എന്‍.ശാന്തിനി 13 വോട്ടും ബി.ജെ.പി. വിമത ദീപ 10 വോട്ടും നേടി. ഇതോടെ എന്‍.ശാന്തിനി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ പി.പ്രതീഷ്‌കുമാര്‍ വിജയിച്ചു. ബി.ജെ.പി.യില്‍നിന്ന് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എസ്.സത്യപാലനും എല്‍.ഡി.എഫ്. പിന്തുണയോടെ ബി.ജെ.പി. വിമതന്‍ അപ്പുക്കുട്ടന്‍ പിള്ളയും യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പി.പ്രതീഷ്‌കുമാറുമാണ് മത്സരിച്ചത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സമാനരീതിയില്‍ വോട്ടുകള്‍ ലഭിച്ചതോടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. അംഗങ്ങള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. ഇതോടെ പി.പ്രതീഷ്‌കുമാര്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കു വിരുദ്ധമായി ബി.ജെ.പി.യിലെ ഒരുവിഭാഗത്തിന്റെ പിന്തുണയോടുകൂടി ഭരണത്തിലേറിയ കോണ്‍ഗ്രസ് അംഗങ്ങളോട് തത്സ്ഥാനം 24 മണിക്കൂറിനകം രാജിവെക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിര്‍ദേശം നല്‍കി.
ബി.ജെ.പി.ക്കുണ്ടായിരുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ അവിശ്വാസത്തിലൂടെ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എല്‍.ഡി.എഫ്. കൂടി പിന്തുണച്ചതോടെയാണ് ബി.ജെ.പി.ക്ക് ഭരണം നഷ്ടമായത്.
ബി.ജെ.പി.യില്‍നിന്ന് രാജിവെച്ചതായി വിമത അംഗങ്ങള്‍
:ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ നടയ്ക്കല്‍ വാര്‍ഡ് അംഗം-ബി.ആര്‍.ദീപ, കരിമ്പാലൂര്‍ വാര്‍ഡ് അംഗം-അല്ലി അജി, പുതിയപാലം വാര്‍ഡ് അംഗം-രജിതകുമാരി, ചിറക്കര വാര്‍ഡ് അംഗം-എന്‍.അപ്പുക്കുട്ടന്‍ പിള്ള എന്നിവര്‍ ബി.ജെ.പി.യില്‍നിന്നു രാജിവെച്ചതായി അറിയിച്ചു. ഗ്രാമപ്പഞ്ചായത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
കണക്കുകൂട്ടല്‍ തെറ്റിച്ച് മുന്നണികളുടെ കൂട്ടുകെട്ട്
കൊല്ലം: കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ ചൊവ്വാഴ്ച നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മൂന്നു മുന്നണികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കല്ലുവാതുക്കലില്‍ രൂപംകൊണ്ട പുതിയ കൂട്ടുകെട്ടിന്റെ ഞെട്ടലിലാണ് പാര്‍ട്ടി നേതൃത്വങ്ങള്‍. പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ മുന്നണികള്‍ നല്‍കിയ വിപ്പുമായി രാവിലെ 11-നുതന്നെ 23 അംഗങ്ങളും പഞ്ചായത്ത് യോഗം ചേരുന്ന ഹാളിലെത്തി.
ഒന്‍പത് അംഗങ്ങളുള്ള ബി.ജെ.പി.യില്‍നിന്ന് വിപ്പ് പ്രകാരം എസ്.സുദീപ, എട്ട് അംഗങ്ങളുള്ള യു.ഡി.എഫില്‍നിന്ന് എന്‍.ശാന്തിനി, ആറ് അംഗങ്ങളുള്ള എല്‍.ഡി.എഫില്‍നിന്ന് എല്‍.ബിന്ദു എന്നിവര്‍ റിട്ടേണിങ് ഓഫീസറായ പരവൂര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ബീന മുമ്പാകെ പത്രിക സമര്‍പ്പിച്ചു. തുടര്‍ന്ന് അപ്രതീക്ഷിതമായി ബി.ജെ.പി.അംഗം ബി.ആര്‍.ദീപയും പത്രിക നല്‍കി. ഇതോടെ കിട്ടിയ അവസരം പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ച എല്‍.ഡി.എഫ്.അംഗങ്ങള്‍ എല്‍.ബിന്ദുവിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയും ചെയ്തു.
അംഗങ്ങളുടെ ഫോണുകളില്‍നിന്നും വാര്‍ത്ത പുറത്തുവന്നതോടെ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഇതിനിടെ, പരസ്പര വാഗ്വാദങ്ങള്‍ക്കിടയിലും തിരഞ്ഞെടുപ്പ് ഹാളില്‍ 11.30-ഓടെ വോട്ടെടുപ്പ് നടന്നു. ബി.ജെ.പി.യുടെകൂടി വോട്ട് നേടിയ പാരിപ്പള്ളി ടൗണ്‍ വാര്‍ഡ് അംഗം എന്‍.ശാന്തിനി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ പുറത്ത് സംഘര്‍ഷസാധ്യത ഉടലെടുത്തു. തുടര്‍ന്ന് പോലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി.
ഉച്ചയ്ക്ക് രണ്ടോടെ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമായി. ഇതോടെ ശക്തമായ സംഘര്‍ഷസാധ്യത യോഗം ഹാളിലുമുണ്ടായി. ഇടതുപക്ഷ പ്രവര്‍ത്തകരുടെയും പോലീസിന്റെയും സംരക്ഷണയിലാണ് ബി.ജെ.പി.വിമത അംഗങ്ങളെ സ്ഥലത്തുനിന്നു മാറ്റിയത്. ചുമതലയേറ്റെടുത്തു പുറത്തുവന്ന പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ യു.ഡി.എഫ്.പ്രവര്‍ത്തകര്‍ സ്വീകരിച്ച്, ആഹ്ലാദപ്രകടനം നടത്തി. പാര്‍ട്ടി ചുമതലകള്‍ വഹിക്കുന്ന രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പി. പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ആയത് കോണ്‍ഗ്രസ് ജില്ലാനേതൃത്വത്തെയും ഞെട്ടിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന മുന്‍ സെക്രട്ടറിയും കെ.എസ്.യു. ജില്ലാ മുന്‍ പ്രസിഡന്റും നിലവില്‍ കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയുമാണ് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പി.പ്രതീഷ്‌കുമാര്‍. മഹിളാ കോണ്‍ഗ്രസ് പരവൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് പാരിപ്പള്ളി മണ്ഡലം ജനറല്‍ സെക്രട്ടറിയുമാണ് എന്‍.ശാന്തിനി. ഗ്രാമപ്പഞ്ചായത്ത് അംഗമായി മൂന്നാംതവണ തിരഞ്ഞെടുക്കപ്പെട്ട ശാന്തിനി നിലവില്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയാണ്. ബി.ജെ.പി. പിന്തുണയോടെ ലഭിച്ച സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്ന് ഡി.സി.സി.നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പ്രായോഗികമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Content Highlights: kalluvathukkal grama panchayat rule-udf-bjp