‘ഇത് അമേരിക്കയിലൊന്നുമല്ല, ഇങ്ങ് കാവശേരിയിലാണ്…’, കെ-സ്മാർട്ട് എന്ന ഡിജിറ്റൽ വിപ്ലവം; പോസ്റ്റ് പങ്കുവെച്ച് മന്ത്രി എം.ബി. രാജേഷ്

എം.ബി രാജേഷ് | Photo - Mathrubhumi archives
എം.ബി രാജേഷ് | Photo - Mathrubhumi archives

തിരുവനന്തപുരം: കേരള സർക്കാർ അവതരിപ്പിച്ച കെ-സ്മാർട്ട് പദ്ധതിയിലൂടെ വിവാഹദിവസം തന്നെ വധൂവരൻമാർക്ക് വിവാഹ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയതിന്റെ വീഡിയോ പങ്കുവെച്ച് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കാവശ്ശേരിയിൽ തിങ്കളാഴ്ച വിവാഹിതരായ ലാവണ്യയുടേയും വിഷ്ണുവിന്റേയും വിവാഹ സർട്ടിഫിക്കറ്റാണ് വാട്സാപ്പിലൂടെ തൽസമയം തന്നെ ലഭ്യമാക്കിയത്. വിവാഹം കഴിഞ്ഞയുടൻ തന്നെ കെ-സ്മാർട്ട് വഴി ഇരുവരും വിവാഹ രജിസ്ട്രേഷൻ അപേക്ഷ വീഡിയോ കെവൈസി വഴി പൂർത്തിയാക്കി. അവധിദിനമായിട്ട് പോലും കാവശ്ശേരി പഞ്ചായത്ത് ജീവനക്കാർ തത്സമയം ഈ അപേക്ഷ അപ്രൂവ് ചെയ്തു. മിനുട്ടുകൾക്കകം സർട്ടിഫിക്കറ്റ് വാട്ട്സാപ്പിലെത്തി. വധൂവരന്മാർക്കൊപ്പം ഫോട്ടോയെടുക്കാൻ പഞ്ചായത്ത് അംഗം ടി വേലായുധൻ എത്തിയപ്പോൾ നവദമ്പതികൾക്ക് പ്രിന്റ് ചെയ്ത സർട്ടിഫിക്കറ്റും കൈമാറുകയും ചെയ്തു. വീഡിയോയ്ക്കൊപ്പം ഇക്കാര്യങ്ങൾ വിശദീകരിച്ച് മന്ത്രി കുറിപ്പും ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. വധൂവരൻമാർക്ക് അദ്ദേഹം മംഗളാശംസകൾ നേരുകയും ചെയ്തു.

മന്ത്രിയുടെ പോസ്റ്റ്

ഒരു വിവാഹവേദിയിൽ ഇന്ന് നടന്നത് കാണൂ…

ഇത് അമേരിക്കയിലൊന്നുമല്ല, ഇങ്ങ് കാവശേരിയിലാണ്…

ഇങ്ങനെയൊക്കെയാണ് കേരളം മാറിയത്❤️

ദീപാവലി ദിവസമായ ഇന്നായിരുന്നു ലാവണ്യയുടെയും വിഷ്ണുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞയുടൻ തന്നെ കെ-സ്മാർട്ട് വഴി ഇരുവരും വിവാഹ രജിസ്ട്രേഷൻ അപേക്ഷ വീഡിയോ കെവൈസി വഴി പൂർത്തിയാക്കി. അവധിദിനമായിട്ട് പോലും കാവശ്ശേരി പഞ്ചായത്ത് ജീവനക്കാർ തത്സമയം ഈ അപേക്ഷ അപ്രൂവ് ചെയ്തു. മിനുട്ടുകൾക്കകം സർട്ടിഫിക്കറ്റ് വാട്ട്സാപ്പിലെത്തി. വധൂവരന്മാർക്കൊപ്പം ഫോട്ടോയെടുക്കാൻ പഞ്ചായത്ത് അംഗം ടി വേലായുധൻ എത്തിയപ്പോൾ നവദമ്പതികൾക്ക് പ്രിന്റ് ചെയ്ത സർട്ടിഫിക്കറ്റും കൈമാറി.

കെ സ്മാർട്ട് നിലവിൽ വന്ന ശേഷം നടന്ന 1,50,320 വിവാഹ രജിസ്ട്രേഷനിൽ 62,915 എണ്ണവും വീഡിയോ കെ വൈ സി വഴിയാണ് ചെയ്തത്. പഞ്ചായത്ത് ഓഫീസിൽ പോകാതെ വിവാഹം രജിസ്റ്റർ വീഡിയോ കെ വൈ സി വഴി വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം വധൂവരന്മാരും, അവധി ദിനത്തിൽ പോലും എവിടെയിരുന്നും ഫയലുകൾ അപ്രൂവ് ചെയ്യാനുള്ള സംവിധാനം ജീവനക്കാരും വിനിയോഗിച്ചു. കാവശേരി പഞ്ചായത്തിലെ ഈ ജീവനക്കാർ എല്ലാവർക്കും മാതൃകയാണ്, അവരെ പ്രത്യേകം അഭിനന്ദിക്കുന്നു. കെ സ്മാർട്ട് എന്ന ഈ ഡിജിറ്റൽ വിപ്ലവം സാധ്യമാക്കിയ ഇൻഫർമേഷൻ കേരള മിഷന് പ്രത്യേക അഭിനന്ദനങ്ങൾ. ലാവണ്യയ്ക്കും വിഷ്ണുവിനും വിവാഹ മംഗളാശംസകൾ…

Content Highlights: Kerala`s K-Smart project now provides instant digital marriage certificates on the wedding day via WhatsApp, revolutionizing the registration process.