'ജ്യോതിക്ക്‌ ചുവപ്പുപരവതാനി വിരിച്ചു, ഭാരതമാതാവിന് വിലക്ക്'; രാഷ്ട്രീയ ആയുധമാക്കി BJP

മന്ത്രി മുഹമ്മദ് റിയാസ് | ചിത്രം: കെ.കെ. സന്തോഷ്, മാതൃഭൂമി | ജ്യോതി മൽഹോത്ര | image credit: @travelwithjo1 instagram
മന്ത്രി മുഹമ്മദ് റിയാസ് | ചിത്രം: കെ.കെ. സന്തോഷ്, മാതൃഭൂമി | ജ്യോതി മൽഹോത്ര | image credit: @travelwithjo1 instagram

തിരുവനന്തപുരം: വ്ളോഗർ ജ്യോതി മൽഹോത്രയുടെ കേരളസന്ദർശനം ബിജെപി രാഷ്ട്രീയ ആയുധമാക്കും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ വീണുകിട്ടിയ അവസരമായാണ് ടൂറിസം പ്രൊമോഷനായുള്ള ജ്യോതിയുടെ വരവിനെ ബിജെപി കാണുന്നത്. വിഷയം ദേശീയതലത്തിൽത്തന്നെ ചർച്ചയാക്കാനൊരുങ്ങുകയാണ് പാർട്ടി.

സംഭവത്തിൽ ദേശീയ ഏജൻസികൾ അന്വേഷണംതുടങ്ങിയതായാണ് വിവരം. പാകിസ്താനുവേണ്ടി ചാരവൃത്തിനടത്തിയെന്ന് പരാതിവരുന്നതിനുമുൻപാണ് ജ്യോതി മൽഹോത്ര കേരളത്തിലെത്തിയിരുന്നത്. വിനോദസഞ്ചാരവകുപ്പിന്റെ പ്രചാരകരായ 41 വ്ളോഗർമാരുടെ പട്ടികയിലാണ് ജ്യോതിയും ഉൾപ്പെട്ടത്.

ഇവർക്ക് ചെലവിട്ട തുകയുടെ കൃത്യമായ കണക്ക് സർക്കാർ പറഞ്ഞിട്ടില്ല. പ്രചാരണപരിപാടികൾക്കാകെ 75 ലക്ഷം രൂപ ചെലവായതായാണ് പുറത്തുവരുന്ന അനൗദ്യോഗികവിവരം. ഇവരെ ക്ഷണിച്ചത് നല്ല ഉദ്ദേശ്യത്തോടെയാണെന്നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വിശദീകരണം. എന്നാൽ, ജ്യോതിയെ ക്ഷണിച്ചത് എന്തുകൊണ്ടാണെന്ന് മന്ത്രി വിശദീകരിക്കണമെന്ന്‌ കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ ആവശ്യപ്പെട്ടു. ജ്യോതി മൽഹോത്ര നടത്തുന്ന ഇന്ത്യാവിരുദ്ധതകണ്ടിട്ടാണ് അവരെ ടൂറിസം പ്രചാരകയായി ഇവിടെ കൊണ്ടുവന്നതെന്ന് ബിജെപി സംസ്ഥാന മുൻപ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.

ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ടൂറിസംവകുപ്പിനുവേണ്ടിയാണെന്ന്‌ സ്ഥിരീകരിച്ചുള്ള വിവരാവകാശരേഖ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

ജ്യോതി മൽഹോത്രയുടെ ജ്യുഡീഷ്യൽ കസ്റ്റഡി നീട്ടി

ഹിസാർ(ഹരിയാണ): പാകിസ്താനു വേണ്ടി ചാരപ്രവർത്തനം നടത്തിയ കേസിൽ അറസ്റ്റിലായ യുട്യൂബർ ജ്യോതി മൽഹോത്രയുടെ ജ്യുഡീഷ്യൽ കസ്റ്റഡി നീട്ടി. 14 ദിവസത്തേക്കാണ് ഹിസാർ കോടതി കസ്റ്റഡി നീട്ടിയത്. 21-ന് കേസ് വീണ്ടും പരിഗണിക്കും.

മന്ത്രി റിയാസ് രാജിവെക്കണമെന്ന് ബിജെപി

ന്യൂഡൽഹി : ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ക്ഷണപ്രകാരമാണെന്നും പിണറായി വിജയൻ സർക്കാർ സ്പോൺസർ ചെയ്ത അതിഥിയാണ് ജ്യോതിയെന്ന് വിവരാവകാശ രേഖ വ്യക്തമാക്കിയെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല.

ജ്യോതിക്ക്‌ ചുവപ്പുപരവതാനി വിരിക്കുകയും ഭാരതമാതാവിന് അവർ വിലക്കേർപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ഉത്തരവാദിയായ മന്ത്രി മുഹമ്മദ് റിയാസിനോട് ഉടൻ രാജിവെക്കാൻ ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: jyoti malhotra kerala visit bjp political allegations