‘അധികാര ദുർവിനിയോഗം, പോലീസ് വീഴ്ച’: ചേരാനല്ലൂർ സംഭവം നീതിപീഠത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ജ. കെമാൽ പാഷ

#നന്ദു ശേഖര്‍
ജസ്റ്റിസ് കെമാല്‍ പാഷ
ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ ജഡ്ജിയുടെ നടപടികളെയും പോലീസിന്റെ പക്ഷപാതിത്വത്തെയും രൂക്ഷമായി വിമർശിച്ച് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. പ്രായപൂർത്തിയാകാത്ത മകന് ആഡംബര വാഹനം നൽകിയതുമുതൽ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അധികാരം ഉപയോഗിക്കാൻ ശ്രമിച്ചതുവരെയുള്ള കാര്യങ്ങളിൽ ജഡ്ജിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും നിയമത്തിന്റെ തുല്യസംരക്ഷണം എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും കെമാൽ പാഷ ഓർമിപ്പിച്ചു. ഉയർന്ന പദവിയിലുള്ളവനെന്നോ പാവപ്പെട്ടവനെന്നോ മന്ത്രിയുടെയോ ജഡ്ജിയുടെയോ മകനെന്നോ ഉള്ള വേർതിരിവുകൾ നിയമത്തിലില്ല. ജഡ്ജിയുടെ സാന്നിധ്യം കണ്ട് ‘രാജാവിനേക്കാൾ വലിയ രാജഭക്തി’ കാണിച്ച് ലഘുവായ വകുപ്പുകൾ ചുമത്താനും വഴിവിട്ട സഹായങ്ങൾ ചെയ്യാനും ശ്രമിച്ച പോലീസുകാർക്കെതിരെ സസ്പെൻഷൻ, സ്ഥലംമാറ്റം തുടങ്ങിയ അച്ചടക്ക നടപടികൾ വന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൈസൻസില്ലാത്ത 17 വയസ്സുള്ള മകന് വാഹനം നൽകിയതിലൂടെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199A, സെക്ഷൻ 5 റെഡ് വിത്ത് സെക്ഷൻ 180 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ജഡ്ജി ചെയ്തത്. അമിതവേഗത്തിൽ വാഹനമോടിച്ച് ആളപായം വരുത്തിയതോടെ മകൻ കൾപ്പബിൾ ഹോമിസൈഡ് പ്രകാരമുള്ള നോൺ-ബെയ്ലബിൾ കുറ്റകൃത്യത്തിൽ പ്രതിയായി. അപകടത്തിനുശേഷം കടന്നുകളയാൻ ശ്രമിച്ചെങ്കിലും വാഹനത്തിന്റെ റേഡിയേറ്റർ തകരാറിലായതിനാലാണ് അയാൾ പിടിയിലായതെന്നും ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ആഡംബര ബൈക്കും ഉപയോഗിച്ചിരുന്നതായാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാരണവശാലും ജഡ്ജിമാർ ഔദ്യോഗിക പദവി പ്രയോജനപ്പെടുത്തി പോലീസ് സ്റ്റേഷനിൽ പോകാൻ പാടില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ വ്യക്തമാക്കി. താൻ 17 വർഷം ജില്ലാ ജഡ്ജിയായും 6 വർഷം ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ച 23 വർഷത്തെ സർവീസ് ജീവിതത്തിനിടയിൽ ഒരിക്കൽ പോലും പോലീസ് സ്റ്റേഷനിൽ കയറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

ഒരച്ഛൻ എന്ന നിലയിലാണ് പോയതെങ്കിൽ പോലും അവിടെച്ചെന്ന് ജഡ്ജിയുടെ അധികാരം പ്രയോഗിക്കാൻ പാടില്ലായിരുന്നു. ബന്ധുക്കളെയോ പൊതുപ്രവർത്തകരെയോ അന്വേഷണത്തിന് അയയ്ക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1991-ലെ വീരസ്വാമി കേസ്, ഡൽഹി ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ കേസ് എന്നിവയിലെ സുപ്രീം കോടതി വിധികൾ പ്രകാരം ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ ജുഡീഷ്യൽ ഓഫീസറെ അറസ്റ്റ് ചെയ്യാൻ സാധിക്കൂ. എന്നാൽ, കേസ് രജിസ്റ്റർ ചെയ്യാൻ അനുമതി ആവശ്യമില്ല. നീതിപീഠത്തിന് അവമതിപ്പുണ്ടാക്കിയ സംഭവത്തിൽ, സ്വാഭാവിക നീതിയുടെ തത്ത്വങ്ങൾ പാലിച്ച്, നോട്ടീസ് നൽകി വിശദീകരണം തേടിയശേഷം ജഡ്ജിക്കെതിരെ ഹൈക്കോടതി സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാണ് രീതിയെന്ന് ജസ്റ്റിസ് കെമാൽ പാഷ പറയുന്നു.

Content Highlights: Former High Court Judge Justice Kemal Pasha severely criticized the judge involved in the Cheranalloor accident case for misusing official position and condemned the police bias.