അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ജെബി മേത്തർക്കെതിരെ സൈബർ ആക്രമണം; പരാതി നൽകി എംപി

#ന്യൂസ് ഡെസ്ക്
അഡ്വ. ജെബി മേത്തർ | Photo: facebook.com/AdvJebiMather
അഡ്വ. ജെബി മേത്തർ | Photo: facebook.com/AdvJebiMather

കൊച്ചി: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ വലിയ സൈബർ ആക്രമണം നേരിട്ടതായി കോൺഗ്രസിന്റെ രാജ്യസഭാ എംപിയും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ജെബി മേത്തർ. ദിവസങ്ങളായി നടക്കുന്ന സംഘടിത സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ലൈംഗിക അധിക്ഷേപങ്ങൾ, ഭീഷണികൾ, അപകീർത്തികരമായ മീമുകൾ എന്നിവ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. തെളിവായി 120 പേജ് സ്‌ക്രീൻഷോട്ടുകൾ ഉൾപ്പെടെ 140 പേജ് പരാതിയാണ് എംപി നൽകിയത്.

ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ കെപിസിസി ഓഫീസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയാണ് ആക്രമണത്തിന് കാരണമായതെന്ന് ജെബി മേത്തർ പരാതിയിൽ പറയുന്നു. യുഡിഎഫ് യോഗം ചേരുന്നില്ലെന്ന അടൂർ പ്രകാശിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുക മാത്രമാണ് താൻ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മലയാളത്തിലെ പ്രധാന വാർത്താ ചാനലുകളുടെ സോഷ്യൽ മീഡിയ പേജുകളിലും വന്നതിന് പിന്നാലെയാണ് ആക്രമണം തുടങ്ങിയതെന്നും ജെബി മേത്തർ പറയുന്നു.

സൈബർ ആക്രമണത്തിന് തുടക്കമിട്ടത് നോയൽ മാത്യു എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റാണെന്ന് പരാതിയിൽ ആരോപിക്കുന്നു. സ്ത്രീവിരുദ്ധവും അശ്ലീലകരവുമായ ഒരു പരാമർശം ഉപയോഗിച്ചായിരുന്നു ആ പോസ്റ്റ്. പിന്നീട് അതേ പരാമർശം തന്നെ ഉപയോഗിച്ച് ഗ്രാഫിക് മീമുകളും പോസ്റ്ററുകളും ഡസൻ കണക്കിന് അക്കൗണ്ടുകളിൽ നിന്ന് തന്റെ പേജിലേക്ക് സംഘടിതമായി എത്തിയതായും എംപി പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിൽ വന്ന 23 ഏറ്റവും മോശമായ കമന്റുകളുടെ പട്ടികയും ഇംഗ്ലീഷ് പരിഭാഷയും അവർ പരാതിക്കൊപ്പം അനുബന്ധമായി ചേർത്തിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും കേരള പോലീസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജെബി മേത്തറുടെ ആവശ്യം. സൈബർ ക്രൈം വിഭാഗമോ പ്രത്യേക അന്വേഷണ സംഘമോ കേസ് അന്വേഷിക്കണം. പ്രതികളുടെ ഐപി വിലാസം കണ്ടെത്തി അറസ്റ്റ് ചെയ്യണം. മെറ്റ, ഗൂഗിൾ തുടങ്ങിയ കമ്പനികളോട് തെളിവുകൾ സൂക്ഷിക്കാനും ഉള്ളടക്കം നീക്കം ചെയ്യാനും നിർദ്ദേശിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

സൈബർ ആക്രമണത്തിന് പുറമെ കളമശ്ശേരിയിൽ വെച്ച് ഒരു സംഘം തന്നെ ശാരീരികമായി തടഞ്ഞുവെച്ച സംഭവവും ഉണ്ടായതായും തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം വേണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടിട്ടുണ്ട്. താൻ ഒരു പൊതുപ്രവർത്തക എന്ന നിലയിൽ വിമർശനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാണെന്നും എന്നാൽ ഇത് അഭിപ്രായ സ്വാതന്ത്ര്യമല്ല, മറിച്ച് സ്ത്രീയായതിന്റെ പേരിൽ നടത്തുന്ന ക്രിമിനൽ ആക്രമണമാണെന്നും പരാതിയിൽ പറയുന്നു. ഇതിനെതിരെ നടപടി എടുത്തില്ലെങ്കിൽ കേരളത്തിലെ മറ്റ് സ്ത്രീകൾക്കും ഇതേ അനുഭവം ഉണ്ടാകുമെന്നും എംപി മുന്നറിയിപ്പ് നൽകുന്നു.

Content Highlights: Congress MP Jebi Mather filed a complaint with the State Police Chief against an organized cyber attack and abuse she faced after publicly supporting UDF Convener Adoor Prakash, submitting 140 pages of evidence.