പുതിയ പാർട്ടി ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ; ലയിച്ച് രാഷ്ട്രീയ അസ്തിത്വം തിരിച്ചുപിടിക്കാൻ JDS

#കെ. പത്മജൻ
മാത്യു ടി. തോമസ് | ഫോട്ടോ - മാതൃഭൂമി
മാത്യു ടി. തോമസ് | ഫോട്ടോ - മാതൃഭൂമി

കൊച്ചി: മൂന്നുവർഷത്തോളമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരമായി ലയനത്തിലൂടെ രാഷ്ട്രീയ അസ്തിത്വം തിരിച്ചുപിടിക്കാൻ ജനതാദൾ എസ്. ദേശീയനേതൃത്വം കർണാടകയിൽ ബിജെപിയുമായി കൂട്ടുകൂടിയപ്പോൾ കേരളത്തിൽ ഇടതുമുന്നണിക്കൊപ്പം നിലകൊള്ളുന്ന പാർട്ടി അകപ്പെട്ട പ്രശ്നത്തിൽനിന്നാണ് ഇപ്പോൾ തടിയൂരുന്നത്.

ദേശീയനേതൃത്വത്തെ പിണക്കിയാൽ ഉള്ള രണ്ട് എംഎൽഎ സ്ഥാനം നഷ്ടമാവും. ദേശീയനേതൃത്വത്തെ അംഗീകരിച്ചാൽ ഇടതുമുന്നണിയിൽനിന്ന് പുറത്തുപോകേണ്ടിവരും -ഇതായിരുന്നു അന്നുണ്ടായ സ്ഥിതി. കൂറുമാറ്റ കുരുക്കിൽപ്പെടാതെ എംഎൽഎസ്ഥാനം നിലനിർത്തിക്കൊണ്ടുതന്നെ ഇടതുപക്ഷത്ത് നിലയുറപ്പിക്കാൻ പുതിയൊരു പാർട്ടിയുണ്ടാക്കി അതിലേക്ക് ലയിച്ചാൽ മതിയെന്നായിരുന്നു കണ്ടെത്തൽ. അതിനായുള്ള ശ്രമത്തിലായിരുന്നു മൂന്നുവർഷമായി പാർട്ടി.

തദ്ദേശതിരഞ്ഞെടുപ്പിനുമുൻപ്‌ പുതിയപാർട്ടി രജിസ്റ്റർചെയ്ത്, അതിലേക്ക് ജനതാദൾ എസിനെ ലയിപ്പിക്കാനായിരുന്നു തീരുമാനം. അതിനായി പാലക്കാട് കേന്ദ്രീകരിച്ച് നൂറംഗങ്ങളുള്ള ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ എന്ന പാർട്ടി ഉണ്ടാക്കി. എന്നാൽ, രജിസ്‌ട്രേഷൻ നടപടികൾ വൈകി.

ഇപ്പോൾ പുതിയ പാർട്ടിക്ക് തിരഞ്ഞെടുപ്പുകമ്മിഷനിൽനിന്നുള്ള രജിസ്‌ട്രേഷൻ കിട്ടി. രണ്ട് എംഎൽഎമാർ അടക്കമുള്ള ജനതാദൾ എസ് പുതിയപാർട്ടിയിലേക്ക് ജനുവരി 10-ന് കൊച്ചിയിൽ നടക്കുന്ന സമ്മേളനത്തിൽ ലയിക്കും. അതിനുശേഷം ചിഹ്നത്തിനായി അപേക്ഷ നൽകും. ചക്രംതന്നെ കിട്ടുമെന്നാണ് പ്രതീക്ഷ.

ജില്ലാകമ്മിറ്റികൾ യോഗംവിളിച്ച് പുതിയ പാർട്ടിയിൽ ലയിക്കാനുള്ള തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

ലയനശേഷവും ഇപ്പോഴുള്ള ഘടകങ്ങൾ അതേപടി തുടരും. മാത്യു ടി. തോമസ് എംഎൽഎ സംസ്ഥാന അധ്യക്ഷനായി തുടരും. നിയമസഭാതിരഞ്ഞെടുപ്പിനുശേഷമാവും മെംബർഷിപ്പ് അടിസ്ഥാനത്തിൽ സംഘടനാതിരഞ്ഞെടുപ്പും മറ്റും നടത്തുക.

Content Highlights: Janata Dal (S) to Merge: Kerala Unit Reclaims Political Identity Amidst National Realignment