ബി.ജെ.പി.- സി.പി.എം. നേതാക്കളുടെ രഹസ്യ കൂടിക്കാഴ്ച ആശങ്കയുണ്ടാക്കുന്നു- തുഷാർ ഗാന്ധി

കാസർകോട്ട് എത്തിയ മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി മാതൃഭൂമി ചീഫ് റിപ്പോർട്ടർ കെ. രാജേഷ് കുമാറിനോട് സംസാരിക്കുന്നു
പൊതുതിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് വലിയ ചുമതലയാണ്. രണ്ടാംഘട്ടത്തിനുശേഷം തിരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നും വിചിത്രമായ പുതിയ വാർത്തകൾ പുറത്തുവരുന്നത് ആശങ്കയുളവാക്കുന്നുണ്ട്. ബി.ജെ.പി. നേതാക്കളുമായുള്ള കേരളത്തിലെ സി.പി.എം. നേതാവിന്റെ രഹസ്യ കൂടിക്കാഴ്ചയും അതിൽപെടുന്നു. ജനാധിപത്യത്തിന്റെ ആരോഗ്യപരമായ സൂചനയല്ല ഇത് നൽകുന്നത്.
തിരഞ്ഞെടുപ്പുഫലത്തെക്കാൾ നമ്മുടെ സമൂഹത്തിൽ അതുണ്ടാക്കുന്ന മാറ്റമാണ് ആശങ്കപ്പെടുത്തുന്നത്. വോട്ടിനുവേണ്ടിയുള്ള വേട്ടയ്ക്കിടയിൽ ധാർമികതയെ രാഷ്ട്രീയക്കാർ തെറ്റായാണ് പരിഗണിക്കുന്നത്. അവസരവാദത്തിനാണ് അത്തരക്കാർ പ്രാധാന്യം കൊടുക്കുന്നത്.
സമൂഹത്തിന് വലിയ ഭീഷണിയാണത്. വെറുപ്പ് സ്വീകാര്യമായ സമൂഹമായി നമ്മൾ മാറി. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വെറുപ്പിന്റെ സാന്നിധ്യം കാണാൻ കഴിയും. മുൻവിധിയോടെയാണ് പലരും കാര്യങ്ങളെ നോക്കിക്കാണുന്നത്.
തിരഞ്ഞെടുപ്പുഫലത്തിന് അഞ്ചുവർഷത്തെ കാര്യങ്ങൾ മാത്രമേ നിർണയിക്കാൻ സാധിക്കുകയുള്ളൂ. അതിനുശേഷം നമുക്ക് അത് തിരുത്തിയെഴുതാനാകും. എന്നാൽ, തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി രാഷ്ട്രീയക്കാർ സമൂഹത്തിൽ ഉണ്ടാക്കുന്ന മുറിവുകൾ ഉണക്കിയെടുക്കാൻ ദീർഘകാല പദ്ധതികൾ വേണ്ടിവരും.
ഭരണഘടന തൊട്ടുകളിച്ചാൽ വേണം കടുത്ത സമരം
ഭരണഘടന പവിത്രമാണെന്ന് കരുതുന്നുവെങ്കിൽ അത് സംരക്ഷിക്കാൻ നമ്മൾ കടുത്ത സമരത്തിനിറങ്ങേണ്ടി വരും. എത്ര ഭൂരിപക്ഷമുള്ള സർക്കാരായാലും അത് ഭേദഗതിചെയ്യുന്നതുപോലുള്ള തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് തടയാൻ ജനാധിപത്യ രാജ്യത്തെ ഒരോ പൗരനും അവകാശമുണ്ട്.
ഭരണഘടന മാറ്റരുതെന്ന് ജനം വിശ്വസിക്കുന്നുവെങ്കിൽ അതിനെതിരേ ശക്തമായ രീതിയിലുള്ള സമരങ്ങൾ രാജ്യത്ത് ഉയർന്നുവരും. കാർഷികനിയമങ്ങൾക്കെതിരേ കർഷകർ ഉയർത്തിക്കൊണ്ടുവന്ന സമരത്തിന് മുന്നിൽ മോദിസർക്കാർ മുട്ടുമടക്കിയത് ശ്രദ്ധേയമാണ്.
പ്രകടനപത്രികയിൽപ്രതീക്ഷ
ഒരു സംശയവും വേണ്ട കുറച്ചുപേർ പണക്കാരായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ആ തോതുവെച്ച് സാധാരണക്കാരുടെ ജീവിതം അളക്കുന്നത് ശരിയല്ല. ജനങ്ങൾ പട്ടിണികിടക്കുകയാണ്. പല മേഖലകളിലും പോഷകാഹാരക്കുറവുണ്ട്. തൊഴിലില്ലായ്മയുണ്ട്.
തൊഴിലാളിയില്ലാതെ വ്യവസായം ഉണ്ടായതുകൊണ്ട് എന്ത് കാര്യമാണുള്ളത്. ജനങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കാനുതകുന്ന തരത്തിലുള്ള തൊഴിൽ ലഭ്യമാകുന്ന വ്യവസായങ്ങളാണ് ഉണ്ടാകേണ്ടത്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, സ്റ്റോക്ക് എക്‌ചേഞ്ചും ജി.ഡി.പി.യുമൊക്കെയായാണ് നമ്മുടെ സാമ്പത്തികശാസ്ത്രജ്ഞന്മാരുടെ കണക്കെഴുത്ത് മാനദണ്ഡങ്ങൾ.
രാജ്യത്തെ ഏറ്റവും താഴേത്തട്ടിലുള്ള പൗരൻ എങ്ങനെ ജീവിക്കുന്നുവെന്നതിനെക്കുറിച്ച് അവർ ചിന്തിക്കാറേയില്ല. സമ്പത്ത് എങ്ങനെ വിതരണം ചെയ്യപ്പെടുന്നുവെന്നിടത്താണ് സമൂഹത്തിന്റെ സംതൃപ്തി തെളിയുന്നത്.
ഇന്ത്യാസഖ്യം മുന്നോട്ടുവെച്ച പ്രകടനപത്രികയിൽ പ്രതീക്ഷയുണ്ട്. അതിൽ കോൺഗ്രസ് സത്യസന്ധത കാണിക്കുമെന്നാണ് കരുതുന്നത്.
പ്രചാരണത്തിന്റെ കുന്തമുന മുസ്‌ലിങ്ങൾക്കുനേരേ
മതവും ദേശഭക്തിയും രണ്ടും രണ്ടാണ്. സംഘം പ്രവർത്തകർ അത് രണ്ടും ചേർത്ത് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ്. അപകടകരമായ നാസിപ്രത്യയശാസ്ത്രമാണ് ഇത്. ഇന്ത്യപോലുള്ള രാജ്യത്ത് ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്നത് വലിയ ദുരന്തത്തിലേക്ക് നയിക്കും.
തിരഞ്ഞെടുപ്പിലേക്ക് നോക്കൂ. പ്രധാനമന്ത്രിക്ക് ആശങ്കതുടങ്ങിയപ്പോൾ അദ്ദേഹം പ്രചാരണത്തിന്റെ കുന്തമുന മുസ്‌ലിങ്ങൾക്കുനേരേ തിരിച്ചുതുടങ്ങി. എല്ലായിടത്തും മുസ്‌ലിങ്ങളെ ഇകഴ്ത്തിക്കാണിക്കാനാണ് അദ്ദേഹം ഇപ്പോൾ ശ്രമിക്കുന്നത്. കഴിഞ്ഞ പത്തുദിവസത്തെ പ്രചാരണത്തിന്റെ പേരിൽ മാത്രം അദ്ദേഹത്തിനെതിരേ വിദ്വേഷം പ്രചരിപ്പിച്ചതിന് നിയമനടപടിയെടുക്കേണ്ടതായിരുന്നു. പക്ഷേ, ആർക്കും ധൈര്യമില്ല.
Content Highlights: interview Mahatma Gandhis grandson Tushar Gandhi