പോകുന്ന വഴിക്ക് ഒരേറ് ഇരിക്കട്ടെ എന്ന പോലെയാണ് പി.എസ്.സിയിൽ ആർലേക്കറുടെ നടപടി, RSS അജണ്ട നടപ്പാക്കാൻ ശ്രമം-ഇ.പി ജയരാജൻ

തിരുവനന്തപുരം: പി.എസ്.സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറിനെതിരേ മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജൻ.
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുതെന്ന് ജയരാജൻ പറഞ്ഞു. പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. എന്നാൽ എത്രമാത്രം തെറ്റായ നിലപാടാണ് അവർ സ്വീകരിക്കുന്നത്. പി.എസ്.സി എന്ന സ്ഥാപനത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് ഗവർണർ നടത്തിയത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയായിരുന്നു ആർലേക്കറിന്റെ നടപടിയെന്ന് അദ്ദേഹം വിമർശിച്ചു.
ഇന്ത്യയിലെ പത്തോ പതിനേഴോ സംസ്ഥാനങ്ങളിലെ ഗവർണർമാർ ആർഎസ്എസ്സുകാരാണ്. ആർഎസ്എസ്സിന്റെ പ്രമുഖനെയാണ് നേരത്തെയും ഇപ്പോഴും കേരള ഗവർണറായി നിയമിച്ചിരിക്കുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
പി.എസ്.സിക്കെതിരായ ഗവർണറുടെ ഭരണഘടനാവിരുദ്ധ നീക്കത്തിനോടുള്ള നിലപാടിൽ മന്ത്രിസഭയിലും കോൺഗ്രസിലും ഭിന്നതയുണ്ടെന്ന റിപ്പോർട്ടിലും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫ് മന്ത്രിസഭയിൽ ഭിന്നതയുണ്ടാവുന്നത് സ്വാഭാവികമാണ്. യുഡിഎഫ് മന്ത്രിസഭയിൽ ഗ്രൂപ്പുകൾ മാത്രമേയുള്ളൂ. മുഖ്യമന്ത്രിയുടെ പാർട്ടിയിൽ പോലും മൂന്ന് ഗ്രൂപ്പുകളാണുള്ളത്. കേരളം പോലെ ഒരു സംസ്ഥാനത്തെ നയിക്കാനുള്ള ത്രാണി അവർക്കില്ല. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പോലും അവർക്കാവുന്നില്ല. പൊതുതാൽപര്യങ്ങളെ കുറിച്ചുള്ള രാഷ്ട്രീയ കാഴ്ചപ്പാടോ ഭരണപരിചയമില്ലാതെ അനുഭവസമ്പത്തില്ലാതെയാണ് ഭരിക്കാനിറങ്ങിയിരിക്കുന്നത്. അരാജകത്വത്തിലേക്കാണ് ഇത് നീങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പി.എസ്.സിക്കെതിരായ നടപടിയിൽ യുഡിഎഫ് മന്ത്രിമാർ പല അഭിപ്രായങ്ങളുമായി രംഗത്തുവന്നതോടെയാണ് ഇക്കാര്യത്തിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. മന്ത്രി എ.പി അനിൽകുമാർ ഗവർണറുടെ നടപടിയെ തള്ളുകയായിരുന്നു. സർക്കാരിനെ അറിയിക്കാതെ പിഎസ്സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ ഗവർണറുടെ നടപടി ഭരണഘടനാ മര്യാദകൾക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. അതേസമയം സർക്കാർ അന്വേഷണത്തോട് പിഎസ്സി സഹകരിക്കാതിരുന്ന സാഹചര്യത്തിലാകാം ഗവർണർ ഇത്തരം ഒരു നടപടിയിലേക്ക് കടന്നതെന്നാണ് മുരളീധരന്റെ വാദം. വിഷയം അറിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
Content Highlights: EP Jayarajan strongly condemned former Governor Rajendra Arlekar for recommending the removal of the PSC chairman and members to the President., Jayarajan accused the Governor of implementing an RSS agenda and tarnishing the reputation of the Public Service Commission., He also criticized the UDF government, claiming internal divisions and a lack of administrative experience are leading the state toward anarchy., Differing opinions among UDF ministers regarding the Governor's action have sparked discussions on cabinet discord.