ഇ.ഡി 'ബ്ലെസ്' ചെയ്ത് മടങ്ങിയെന്ന് ഗോകുലം ഗോപാലന്‍; ഒന്നരക്കോടി രൂപയും രേഖകളും പിടിച്ചെടുത്തു

ചെന്നൈ: ഇ.ഡി പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും പിന്നാലെ പ്രതികരണവുമായി പ്രമുഖ വ്യവസായിയും നിര്‍മാതാവുമായ ഗോകുലം ഗോപാലന്‍. അഞ്ച് ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അവര്‍ 'ബ്ലെസ്' ചെയ്താണ് മടങ്ങിയതെന്നും ഗോകുലം ഗോപാലന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. എമ്പുരാന്‍ സിനിമയുമായി ഈ പരിശോധനയ്ക്ക് ബന്ധമുണ്ടോയെന്ന ചോദ്യത്തിന് എല്ലാം സ്വാഭാവികമായ പരിശോധന മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഗോകുലത്തിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഒന്നരക്കോടി രൂപയും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ഗോകുലം ഗോപാലനോട് ആവശ്യപ്പെട്ടതായും ഇ.ഡി വ്യക്തമാക്കുന്നു. ഇ.ഡി റെയ്ഡ് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സ് ആന്റ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിലും ഗോകുലം മാളിലും ഇ.ഡി വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ കോടമ്പാക്കത്തെ സ്ഥാപനത്തിലെ റെയ്ഡ് ശനിയാഴ്ച പുലര്‍ച്ച വരെ നീണ്ടു.
വെള്ളിയാഴ്ച രാവിലെ കോഴിക്കോട് കോര്‍പറേറ്റ് ഓഫീസില്‍വെച്ച് ഇ.ഡി ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ചെന്നൈയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. വൈകുന്നേരത്തോടെ ചെന്നൈയിലെത്തിയ ഗോകുലം ഗോപാലനെ അവിടെ വെച്ചും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്.
ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഗോകുലം ചിറ്റ്‌സ് ആന്റ് ഫിനാന്‍സില്‍ പ്രവാസികളില്‍ നിന്നടക്കം ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചെന്നും സൂചനകളുണ്ട്. ഗോകുലം ഗ്രൂപ്പിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. 2022-ല്‍ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം. പിഎംഎല്‍എ ലംഘനം, വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനം തുടങ്ങിയവയുടെ പേരിലാണ് ഇ.ഡി പരിശോധന.
Content Highlights: ed raid in gokulam group fema violation gokulam gopalan