സുസ്ഥിര പരിസ്ഥിതി പരിഹാരങ്ങൾ; ദേശീയ കോൺക്ലേവ് സംഘടിപ്പിച്ച് CSIR-NIIST

തിരുവനന്തപുരം: സുസ്ഥിര പരിസ്ഥിതി പരിഹാരങ്ങൾ എന്ന വിഷയത്തിൽ ദേശീയ കോൺക്ലേവ് സംഘടിപ്പിച്ച് സി.എസ്.ഐ.ആർ.-എൻ.ഐ.ഐ.എസ്.ടി(CSIR-NIIST). ലോക പരിസ്ഥിതി ദിനത്തിന്റെയും ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായിട്ടാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. കേരള സംസ്ഥാന ആസൂത്രണ ബോർഡ് അധ്യക്ഷൻ പ്രൊഫ. വി. കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വരണ്ട കാലാവസ്ഥയെ തുടർന്നുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വലിയ ഭീഷണിയാണെന്നും കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രീയമായ പഠനങ്ങളും ഇടപെടലുകളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നയനിർമ്മാതാക്കളും സാങ്കേതിക വിദഗ്ധരും ഗവേഷകരും പങ്കെടുത്ത കോൺക്ലേവ്, രാജ്യത്ത് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിന് നവീനവും പ്രായോഗികവുമായ ശ്രമങ്ങൾ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഫലപ്രദമായ ചർച്ചകൾക്ക് വഴിതുറന്നു.
CSIR-NIIST ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നവീന ശാസ്ത്രം സമൂഹത്തിന് ഗുണകരമായ പ്രായോഗിക പരിഹാരങ്ങളായി മാറ്റുന്നതാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദീർഘകാല ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. CSIR-NIIST നയിക്കുന്ന ദേശീയ ദൗത്യമായ സുസ്ഥിര പാക്കേജിങ് പരിഹാര പദ്ധതി ഇന്ത്യയെ പ്ലാസ്റ്റിക് രഹിത ഭാവിയിലേക്കും പരിസ്ഥിതി ഉത്തരവാദിത്വമുള്ള കാഴ്‌ചപാടിലേക്കും നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
CSIR-NIIST വികസിപ്പിച്ച പേറ്റന്റ് ഫയൽ ചെയ്തിട്ടുള്ള മൊഡുലാർ വെറ്റ്‌ലാൻഡ് സിസ്റ്റം സാങ്കേതികവിദ്യയുടെ ടെക്‌നോളജി ട്രാൻസ്ഫറും ചടങ്ങിൽ നടന്നു. വീടുകളിൽ നിന്നുള്ള മലിനജലം(ഏകദേശം 75%) ശുദ്ധീകരിച്ച് പുനരുപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റുന്ന മോഡ്യൂളർ സാങ്കേതികവിദ്യയാണിത്. ഊർജസാധ്യതയില്ലാതെ പ്രവർത്തിക്കാവുന്ന ഈ സംവിധാനം ഡോ. കൃഷ്ണകുമാർ ബിയുടെ നേതൃത്വത്തിലുള്ള എൻവയൺമെന്റ് ടെക്നോളജി വിഭാഗം ടീമാണ് വികസിപ്പിച്ചത്. വിടെക് ഇൻസ്ട്രമെന്റേഷൻ കമ്പനിയുമായി സാങ്കേതികവിദ്യയുടെ ഫീൽഡ് ഇംപ്ലിമെന്റേഷനും വിപണനവും ലക്ഷ്യമിട്ടുള്ള ധാരണാപത്രം ഒപ്പുവെച്ചു.
ഡോ. ജി. ശങ്കർ (ആർക്കിടെക്റ്റ്, ഫൗണ്ടർ – Habitat Technology Group), പ്രൊഫ. എൻ. വി. ചലപതി രാജു (ഡയറക്ടർ, NCESS) തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: CSIR-NIIST conducted national conclave