കുറ്റപ്പെടുത്തലുമായി സി.ഐ.ടി.യു., എസ്.എഫ്.ഐ.ക്കുള്ള പരിഗണനപോലുമില്ല; പിണറായിസർക്കാർ തൊഴിലാളികളെ അകറ്റി

#ബിജു പരവത്ത്
•  കോട്ടയത്തുനടക്കുന്ന സി.ഐ.ടി.യു. സംസ്ഥാനസമ്മേളനത്തിന് തുടക്കംകുറിച്ച് തിരുനക്കര മൈതാനത്ത് സ്വാഗതസംഘം ചെയർമാൻ സി.പി.എം. ജില്ലാ സെക്രട്ടറി പി.ആർ. രഘുനാഥ് പതാക ഉയർത്തുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്
•  കോട്ടയത്തുനടക്കുന്ന സി.ഐ.ടി.യു. സംസ്ഥാനസമ്മേളനത്തിന് തുടക്കംകുറിച്ച് തിരുനക്കര മൈതാനത്ത് സ്വാഗതസംഘം ചെയർമാൻ സി.പി.എം. ജില്ലാ സെക്രട്ടറി പി.ആർ. രഘുനാഥ് പതാക ഉയർത്തുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്

കോട്ടയം: സംസ്ഥാനത്തെ ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന തൊഴിലാളിവിഭാഗത്തെ പരിഗണിക്കുകയോ അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാവുകയോ ചെയ്യാത്ത പിണറായി സർക്കാരിന്റെ രീതിയാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാനമായും വഴിവെച്ചതെന്ന കുറ്റപ്പെടുത്തലുമായി സി.ഐ.ടി.യു. കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ശനിയാഴ്ച ജനറൽസെക്രട്ടറി എളമരം കരീം അവതരിപ്പിക്കാൻ പോകുന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ന്യായമായ ആനുകൂല്യംപോലും നൽകുന്നതിനുള്ള മനസ്സ് സർക്കാർ കാണിച്ചില്ല. പലമേഖലകളിലും മിനിമംവേതനം ഉറപ്പാക്കാൻ കഴിഞ്ഞില്ല. പ്രത്യക്ഷവും പരോക്ഷവുമായി ജനസംഖ്യയുടെ 60 ശതമാനവും തൊഴിൽമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. അവരെയാണ് ഇടതുസർക്കാർ പരിഗണിക്കാതിരുന്നത്. അങ്ങനെ ചെയ്താൽ എന്ത് സംഭവിക്കുമെന്നതാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. സി.ഐ.ടി.യു. നിരന്തരം ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. സമരങ്ങൾ ചെയ്തു. ഇതൊന്നും സർക്കാർ ഗൗരവത്തിലെടുത്തില്ല. അസംതൃപ്തരായ തൊഴിലാളികളാണ് തുടർഭരണം നഷ്ടമാക്കിയത്.

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി, സി.പി.എം. പിണറായി സർക്കാരിനെ നോവിക്കാതെ മെല്ലെ പറഞ്ഞകാര്യമാണ് സി.ഐ.ടി.യു. ഉച്ചത്തിൽ വിളിച്ചുപറയുന്നത്. ‘നമ്മുടെ ശക്തമായ അടിത്തറയായിരുന്ന പരമ്പരാഗത തൊഴിൽമേഖലയിലെ പ്രതിസന്ധികളെ മറികടക്കാൻ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നടത്തിയ പരിശ്രമങ്ങൾ പര്യാപ്തമായിരുന്നില്ല. ഈ ദൗർബല്യം നമ്മുടെ വർഗപരമായ ശക്തമായ അടിത്തറയെ ദുർബലമാക്കി’-ഇതാണ് തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി സി.പി.എം. കണ്ടെത്തിയത്. എന്നാൽ, അടിത്തറ ദുർബലമാക്കിയതിന്റെ കാരണം സി.ഐ.ടി.യു. അക്കമിട്ട് നിരത്തുന്നുണ്ട്. സർക്കാർ അവഗണിക്കുന്നുവെന്ന ശക്തമായ തോന്നൽ, ഉറച്ച ഇടതുപക്ഷപ്രവർത്തകരായ തൊഴിലാളികൾക്കുവരെയുണ്ടായി. ക്ഷേമപെൻഷനിൽ സർക്കാർ ശ്രദ്ധകൊടുത്തപ്പോൾ, തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യത്തിലടക്കം വീഴ്ചവരുത്തി. തൊഴിലാളി പ്രശ്‌നങ്ങൾ അവഗണിച്ചു. ഒരു തൊഴിലാളിവർഗ പാർട്ടി അധികാരത്തിലിരിക്കുമ്പോൾ ഇത് സംഭവിച്ചാൽ അവർക്ക് നിരാശ തോന്നുക സ്വാഭാവികമാണെന്നും സി.ഐ.ടി.യു. ചൂണ്ടിക്കാട്ടുന്നു.

എസ്.എഫ്.ഐ.ക്കുള്ള പരിഗണനപോലുമില്ല

സി.പി.എമ്മിൽ സി.ഐ.ടി.യു.വിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതി സംഘടനയിലുണ്ട്. പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിലേക്ക് എസ്.എഫ്.ഐ.ക്കും ഡി.വൈ.എഫ്.ഐ.ക്കും ലഭിക്കുന്ന പരിഗണനപോലും സി.ഐ.ടി.യു. നേതാക്കൾക്കില്ലെന്ന് പരാതി ഉയർന്നുവന്നിരുന്നു. അത് അതേരീതിയിൽ സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ പരാമർശിക്കുന്നതായി സൂചനയില്ല. എങ്കിലും ഒരു തൊഴിലാളിവർഗ പാർട്ടിയുടെ മുഖം സി.പി.എമ്മിന് നഷ്ടമാകുന്നെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം പാർട്ടി സംസ്ഥാന-ജില്ലാ വിശാല കമ്മിറ്റികളിൽ പാർട്ടി അംഗങ്ങളിൽ 60 ശതമാനവും നിഷ്‌ക്രിയരായി മാറിയെന്നാണ് സി.പി.എം. വിലയിരുത്തിയത്. ഇതിനെ മാറ്റിയെടുക്കാൻ വർഗ ബഹുജനസംഘങ്ങളുടെ യൂണിറ്റ് ഘടകങ്ങൾ പുനഃസംഘടിപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. 5.75 ലക്ഷം അംഗങ്ങളാണ് സി.പി.എമ്മിനുള്ളത്. സി.ഐ.ടി.യു.വിന് 32.86 ലക്ഷം അംഗങ്ങളുണ്ട്. പാർട്ടി നിഷ്‌ക്രിയമാകുന്നുണ്ടെങ്കിൽ തൊഴിലാളിവർഗം എത്രമാത്രം പാർട്ടിയിൽനിന്ന് അകന്നുവെന്നാണ് കാണിക്കുന്നതെന്ന് സി.ഐ.ടി.യു. ചൂണ്ടിക്കാട്ടുന്നു.

Content Highlights: CITU report blames Pinarayi government's neglect of workers for election losses, Failure to ensure minimum wages and welfare fund benefits for traditional sectors, Alienation of traditional working-class support base due to government inaction, Comparison of diminishing importance given to trade unions versus youth wings in CPM