ബിഗ് സല്യൂട്ട്, അമല്‍കൃഷ്ണ; എട്ടാംക്ലാസുകാരന്റെ ധീരതയില്‍ വീണ്ടെടുക്കാനായത് രണ്ട് വയസ്സുകാരിയുടെ ജീവന്‍

അമല്‍ കൃഷ്ണയും റിൻഷയും
അമല്‍ കൃഷ്ണയും റിൻഷയും

വളാഞ്ചേരി: എട്ടാംക്ലാസ് വിദ്യാര്‍ഥിയുടെ ധീരതയില്‍ വീണ്ടെടുക്കാനായത് രണ്ട് വയസ്സുകാരിയുടെ ജീവന്‍. തൂത തെക്കുംമുറി നെച്ചിക്കോട്ടില്‍ വീട്ടില്‍ അനില്‍കുമാറിന്റെയും ഉമയുടെയും മകനായ അമല്‍കൃഷ്ണയാണ് അയല്‍വാസിയായ ചരയന്‍ ഫൈസല്‍-ഹസ്മ ദമ്പതിമാരുടെ മകള്‍ ഫാത്തിമ റിന്‍ഷയെ ഒഴുക്കുള്ള തോട്ടില്‍നിന്ന് അദ്ഭുതകരമായി രക്ഷിച്ചെടുത്തത്.

വൈക്കത്തൂര്‍ എഎംഎല്‍പി സ്‌കൂളിനുസമീപം മുത്തച്ഛനായ കതിരുകുന്നുപറമ്പില്‍ നാരായണന്റെ കൂടെയാണ് അമല്‍കൃഷ്ണ താമസിച്ച് പഠിക്കുന്നത്.

കഴിഞ്ഞദിവസം അമല്‍കൃഷ്ണയും കൂട്ടുകാരുംചേര്‍ന്ന് വീടിനടുത്തുള്ള പച്ചീരി തോട്ടില്‍ കുളിക്കാന്‍ പോയതായിരുന്നു. കൂടെ ഫാത്തിമ റിന്‍ഷയുമായി ഉമ്മ ഹസ്മയും കുളിക്കാനും അലക്കാനുമായി എത്തിയിരുന്നു.

ഇതിനിടെ റിന്‍ഷ വെള്ളത്തില്‍ മുങ്ങിയത് ആരും കണ്ടില്ല. കുട്ടിയ എവിടേയും കാണാതായതോടെ ഉമ്മ പരിഭ്രമിച്ച് ബഹളംവെയ്ക്കാന്‍ തുടങ്ങി. കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ അമല്‍കൃഷ്ണ തോട്ടിലേക്കുചാടി കുട്ടിയെ തിരയാന്‍തുടങ്ങി. തിരച്ചിലിനൊടുവില്‍ അവശനിലയില്‍ കുഞ്ഞിനെ വെള്ളത്തില്‍നിന്ന് പൊക്കിയെടുത്ത് കരയില്‍ക്കിടത്തി.

സ്‌കൂളില്‍ റെഡ് ക്രോസ് കെഡേറ്റായതിനാല്‍ സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക വൈദ്യശുശ്രൂഷ കുട്ടിക്ക് നല്‍കാന്‍ അമല്‍കൃഷ്ണയ്ക്കായി.

കുറച്ചുനേരത്തെ ശ്രമത്തിനൊടുവില്‍ കുഞ്ഞിന് ശ്വാസം വീണ്ടെടുക്കാനായി.

നിരന്തരം സിപിആര്‍ ചെയ്തുകൊണ്ടാണ് കുഞ്ഞിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

എടരിക്കോട് പികെഎംഎംഎച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ അമല്‍കൃഷ്ണയുടെ ധീരതയും മനുഷ്യത്വവും മാതൃകയാക്കേണ്ടതാണെന്ന്് പ്രഥമാധ്യാപകന്‍ ഡോ. പ്രമോദ് വാഴങ്കര പറഞ്ഞു.

മാതൃകാ പ്രവര്‍ത്തനം നടത്തിയ അമലിനെ അടുത്തദിവസം സ്‌കൂളില്‍ ആദരിക്കുമെന്ന് പിആര്‍ഒ കെ.പി. നാസര്‍, സ്റ്റാഫ് സെക്രട്ടറി സി. സുനില്‍, ഇസ്ഹാഖ് അറയ്ക്കല്‍, അധ്യാപിക അശ്വതി പ്രമോദ്, ജെആര്‍സി കോഡിനേറ്റര്‍ എ. ഷഫ്ന എന്നിവര്‍ അറിയിച്ചു.

Content Highlights: Young Student's Courage Saves Toddler from Drowning in Valiant Rescue