‘രക്ഷാപ്രവർത്തനകേസ്’; SIT പുതിയ റിപ്പോർട്ട് നൽകും, അജിത്കുമാറിന്റെ ഓഫീസിലെ എസ്.ഐ.മാരെ ചോദ്യംചെയ്തു

ആലപ്പുഴ: നവകേരളസദസ്സ് യാത്രയ്ക്കിടെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകർ കെ.എസ്.യു.-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) കോടതിയിൽ പുതിയ റിപ്പോർട്ട് നൽകും. പ്രതികളായ അഞ്ചു പോലീസുകാരുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ശനിയാഴ്ച ആലപ്പുഴ സെഷൻസ് കോടതിയിൽ വാദം നടക്കുന്നുണ്ട്.
കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ എസ്.ഐ.ടി.യോടും പ്രോസിക്യൂഷനോടും കോടതി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിച്ചിരുന്നു. ആ ചോദ്യങ്ങൾക്കുള്ള മറുപടിയായും ജാമ്യാപേക്ഷ തള്ളുന്നതിനുള്ള കൂടുതൽ തെളിവുകൾ നിരത്തിയുമാകും പുതിയ റിപ്പോർട്ടെന്നാണ് അറിയുന്നത്.
കെ.എസ്.യു. ജില്ല പ്രസിഡന്റും ഇപ്പോൾ ആലപ്പുഴ എം.എൽ.എ.യുമായ എ.ഡി. തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും മർദിക്കുന്ന വീഡിയോദൃശ്യങ്ങൾ പ്രോസിക്യൂഷനും ആക്രമണത്തിനിരയായവരും കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, മർദനദൃശ്യങ്ങളിൽ പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു.
അതോടെ, സംഭവസമയത്ത് പോലീസ് ക്യാമറമാൻ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളും വാദിഭാഗം കോടതിയിൽ ഹാജരാക്കിയ ദൃശ്യങ്ങളുടെ ഫൊറൻസിക് റിപ്പോർട്ടും ഹാജരാക്കാൻ ജഡ്ജി ഹണി എം. വർഗീസ് നിർദേശിച്ചു.
നാലു വീഡിയോകളും 27 ഫോട്ടോകളുമാണ് മർദനമേറ്റവരുടെ അഭിഭാഷകൻ ഹാജരാക്കിയത്. പോലീസ് ചിത്രീകരിച്ച വീഡിയോ ഹാജരാക്കിയിരുന്നില്ല. പോലീസ് ചിത്രീകരിച്ച വീഡിയോ പ്രോസിക്യൂഷൻ ഹാജരാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന കോടതിയുെട ചോദ്യത്തിനുള്ള മറുപടി എസ്.ഐ.ടി. റിപ്പോർട്ടിലുണ്ടാകുമെന്നറിയുന്നു.
പ്രതികൾക്കെതിരേ വധശ്രമത്തിനുള്ള ഐ.പി.സി. 308-ാം വകുപ്പ് ചുമത്തി എസ്.ഐ.ടി. നൽകിയ റിപ്പോർട്ടും കോടതി ചോദ്യംചെയ്തിരുന്നു. ആദ്യഘട്ടത്തിൽ 308-ാം വകുപ്പ് ചുമത്തിയിരുന്നില്ല. പ്രതികൾ കോടതിയിൽ കീഴടങ്ങാനെത്തിയതറിഞ്ഞ് വധശ്രമവകുപ്പു ചേർത്ത് പുതിയ റിപ്പോർട്ട് കൊടുത്തതെന്തിനായിരുന്നുവെന്നാണ് കോടതി ചോദിച്ചത്. ആ ചോദ്യത്തിനുള്ള ഉത്തരവും പുതിയ റിപ്പോർട്ടിലുണ്ടാകുമെന്നാണ് സൂചന.
എം.ആർ. അജിത് കുമാറിന്റെ ഓഫീസിലെ എസ്.ഐ.മാരെ ചോദ്യംചെയ്തു
എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന്റെ ഓഫീസിൽ റിപ്പോർട്ടുകൾ കൈകാര്യംചെയ്യുന്ന വിഭാഗത്തിലെ രണ്ട് ഗ്രേഡ് എസ്.ഐ.മാരെ കഴിഞ്ഞദിവസം എസ്.ഐ.ടി. ചോദ്യംചെയ്തു. തെളിവുകളിലും രേഖകളിലും കൃത്രിമം നടത്തിയിട്ടുണ്ടെന്ന എസ്.ഐ.ടി.യുടെ നിഗമനം ശരിവെക്കുന്ന തെളിവുകൾ ഇവരിൽനിന്ന് ലഭിച്ചതായാണു വിവരം.
അങ്ങനെയെങ്കിൽ ആ വിവരംകൂടി ഉൾപ്പെടുത്തിയുള്ളതാകും പുതിയ റിപ്പോർട്ട്. സംഭവം ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് ഉന്നതതലത്തിൽ തിരുത്തിയെന്ന് മർദനമേറ്റവർ ആരോപിച്ചിരുന്നു.
Content Highlights: SIT to submit a fresh report to the Alappuzha Sessions Court regarding the assault case., Court questioned the delay and logic behind adding IPC 308 (attempt to murder) charges., Forensic report and police-recorded video footage requested by Judge Honey M. Varghese., Investigation into potential tampering of evidence by ADGP M.R. Ajith Kumar's office staff., Bail plea hearing for the five accused police officers is ongoing.