ജനം കോണ്‍ഗ്രസിന് വോട്ടുചെയ്യാത്തതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ പഴിക്കരുത്; സോണിയയ്ക്ക് മറുപടിയുമായി BJP

രവിശങ്കര്‍ പ്രസാദ്| Photo: Mathrubhumi
രവിശങ്കര്‍ പ്രസാദ്| Photo: Mathrubhumi

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കി കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിജെപി. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളെ അപമാനിക്കുന്നതാണ് സോണിയയുടെ പ്രതികരണമെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സ്വന്തം പാര്‍ട്ടിയുടെ തകര്‍ച്ച എന്തുകൊണ്ടാണെന്ന് തിരിച്ചറിവില്ലാതെയുള്ള സോണിയയുടെ പ്രസംഗം നിരാശാജനകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള സോണിയയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. മോദിയുടെ ഭരണത്തിന് കീഴില്‍ പട്ടികകജാതി, പട്ടികവര്‍ഗം ഉള്‍പ്പെടെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സ്ത്രീകളും മധ്യവര്‍ഗത്തില്‍പ്പെട്ടവരും വികസനത്തിന്റെ ഗുണഭോക്താക്കളായി. ബിജെപിയുടെ സത്യസന്ധമായ ഭരണംകൊണ്ടാണ് ഇത് സാധ്യമായത്. എന്നാല്‍ സോണിയാ ഗാന്ധിയും കോണ്‍ഗ്രസും ഈ വസ്തുതകള്‍ തിരിച്ചറിയാന്‍ തയ്യാറല്ലെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. 

രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യാത്തതിന് സോണിയാ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സത്യസന്ധമായ ആത്മപരിശോധന നടന്നിട്ടില്ലെന്നും രവി ശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി-ആര്‍എസ്എസ് സഖ്യവും ചേര്‍ന്ന് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും പിടിച്ചെടുത്ത് അട്ടിമറിക്കുകയാണെന്നും എതിര്‍ദബ്ദങ്ങളെ നിശബ്ദമാക്കിയെന്നുമായിരുന്നു റായ്പൂരിലെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സോണിയയുടെ വിമര്‍ശനം. ചില വ്യവസായികളെ പ്രോത്സാഹിപ്പിച്ച് ബിജെപി സര്‍ക്കാര്‍ രാജ്യത്ത് സാമ്പത്തിക നാശമുണ്ടാക്കിയെന്നും ഭയത്തിന്റെയും വിദ്വേഷത്തിന്റെയും തീ ആളിക്കത്തിച്ചുവെന്നും സോണിയ വിമര്‍ശിച്ചിരുന്നു. 

Content Highlights: Why blame EC if people don’t vote for Congress? BJP reacts to Sonia Gandhi’s speech